ADVERTISEMENT

കോംപാക്ട് എസ്‌യുവിയായ ഇകോസ്പോർട്ടിന്റെ പുത്തൻ വകഭേദം യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ പുറത്തിറക്കി; സൺറൂഫ് സഹിതമെത്തുന്ന ഇകോസ്പോർട്ടി’ന്റെ ടൈറ്റാനിയം വകഭേദത്തിന് പെട്രോൾ എൻജിനോടെ 7.99 ലക്ഷം രൂപയും ഡീസൽ എൻജിനോടെ 8.69 ലക്ഷം രൂപയുമാണു ഷോറൂം വില.ഉപയോക്താക്കളുടെ അഭിരുചിക്കൊത്ത് ‘ഇകോസ്പോർട്’ ശ്രേണി പരിഷ്കരിക്കാനുള്ള ശ്രമമാണു കമ്പനി നടത്തുന്നതെന്നു ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ്  ഡയറക്ടർ(മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) വിനയ് റെയ്ന വിശദീകരിച്ചു. സൗകര്യങ്ങളിലും സംവിധാനങ്ങളിലും മൂല്യത്തിലുമൊക്കെ ‘ഇകോസ്പോർട്’ വകഭേദങ്ങൾ അവഗണിക്കാനാവാത്ത ശക്തിയാക്കി മാറ്റാനാണു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. 

മലനീകരണനിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 1.5 ലീറ്റർ, ടി ഡി സി ഐ ഡീസൽ, 1.5 ലീറ്റർ, ടി ഐ — വി സി ടി പെട്രോൾ എൻജിനുകളാണ് ‘ഇകോസ്പോർട്ടി’നു കരുത്തേകുന്നത്. ഡീസൽ എൻജിന് 100 പി എസ് വരെ കരുത്തും 215 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കുമ്പോൾ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ ക്ഷമത 122 പി എസ് വരെ കരുത്തും 149 എൻ എം ടോർക്കുമാണ്. ഇരു എൻജിനുകൾക്കുമൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ; പെട്രോൾ എൻജിനൊപ്പമാവട്ടെ ആറു സ്പീഡ്, ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാണ്.

നവീകരിച്ച ‘2021 ഇകോസ്പോർട്ടി’ൽ ആറ് എയർ ബാഗ്, സിങ്ക് ത്രീ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, മുന്തിയ ‘എസ് വകഭേദത്തി’ൽ എട്ട് ഇഞ്ച് ടച് സ്ക്രീൻ,  ആപ്ൾ കാർ പ്ലേ — ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റി തുടങ്ങിയവയൊക്കെ ഫോഡ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ‘ഇകോസ്പോർട്ടി’ന്റെ മിക്ക വകഭേദങ്ങളിലും ഒൻപത് ഇഞ്ച് ടച് സ്ക്രീൻ അധിഷ്ഠിത ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, എംബഡഡ് നാവിഗേഷൻ, എച്ച് ഐ ഡി ഹെഡ്ലാംപ്, ഡേ ടൈം റണ്ണിങ് ലാംപ്, ഇലക്ട്രോ ക്രോമിക് മിറർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, പുഷ് ബട്ടൻ സ്റ്റാർട് തുടങ്ങിയവയൊക്കെ ലഭ്യമാണ്. 

English Summary: Ford EcoSport starts at Rs 7.99 lakh, to offer sunroof in Titanium trim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com