ADVERTISEMENT

അഡ്വഞ്ചർ മോട്ടോർ സൈക്കിളായ ‘ആർ 1250 ജി എസ്’, ‘ആർ 1250 ജി എസ് അഡ്വഞ്ചർ’ എന്നിവ ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ‘ആർ 1250 ജി എസി’ന് 20.45 ലക്ഷം രൂപയും ‘ആർ 1250 ജി എസ് അഡ്വഞ്ചറി’ന് 22.40 ലക്ഷം രൂപയുമാണു ഷോറൂം വില. ഇരു മോഡലുകൾക്കും കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എയർ/ലിക്വിഡ് കൂൾഡ്,  ഇരട്ട സിലിണ്ടർ, ഇൻലൈൻ, 1254 സി സി ബോക്സർ എൻജിനാണ്; 7,750 ആർ പി എമ്മിൽ 136 ബി എച്ച് പി വരെ കരുത്തും 6.250 ആർ പി എമ്മിൽ 142 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണ് ട്രാൻസ്മിഷൻ.

രാജ്യാന്തര തലത്തിൽ വിൽപ്പനയ്ക്കുള്ള ‘ആർ 1250 ജി എസി’ൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണു ബി എം ഡബ്ല്യു, ഈ ബൈക്കുകൾ ഇന്ത്യയിലും അവതരിപ്പിക്കുന്നത്. പക്ഷികളുടെ കൊക്കിനെ അനുസ്മരിപ്പിക്കുന്ന മുൻഭാഗവും അസിമട്രിക് രീതിയിലുള്ള ഹെഡ്ലൈറ്റും ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീനുമൊക്കെയായിട്ടാണു ബൈക്കിന്റെ വരവ്.

സാധാരണ നിലയിലുള്ള ‘റെയിൻ’, ‘റോഡ്’ റൈഡിങ് മോഡുകൾക്കു പുറമെ ‘പ്രോ’ മോഡ് കൂടി ബൈക്കുകളിൽ ബി എം ഡബ്ല്യു ലഭ്യമാക്കിയിട്ടുണ്ട്. പരിമിതമായ ടോർക് ലിമിറ്റേഷനും സോഫ്റ്റ് ത്രോട്ടിൽ കർവും സഹിതം അധിക കാര്യക്ഷമത ഉറപ്പാക്കുന്ന ‘ഇകോ’ റൈഡിങ് മോഡും ബൈക്കിലുണ്ട്. ‘പ്രോ’ വിഭാഗത്തിലാവട്ടെ ‘ഡൈനമിക്’, ‘ഡൈനമിക് പ്രോ’, ‘എൻഡ്യുറൊ’, ‘എൻഡ്യുറൊ’ മോഡുകളാണുള്ളത്. വാഹന ഉടമയുടെ അഭിരുചികൾക്കും താൽപര്യങ്ങൾക്കുമൊത്തു ക്രമീകരിക്കാവുന്ന വിധത്തിലാണ് ‘ഡൈനമിക് പ്രോ’, ‘എൻഡ്യൂറൊ പ്രോ’ മോഡുകളുടെ രൂപകൽപ്പന. 

പൂർണമായും എൽ ഇ ഡി അഡാപ്റ്റീവ് ലൈറ്റിങ്, ‘എക്സ്’ ആകൃതിയിലുള്ള ലൈറ്റ് ഐക്കൺ, ട്രാക്ഷൻ കൺട്രോൾ, ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാവുന്ന ടി എഫ് ടി കളർ ഡിസ്പ്ലേ, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ് പ്രോ), ഹിൽ സ്റ്റാർട് കൺട്രോൾ,  യു എസ് ബി ചാർജിങ്  സോക്കറ്റ് എന്നിവയുമുണ്ട്.

അടിസ്ഥാന വകഭേദത്തിൽ അലോയ് വീലും മുന്തിയ ‘അഡ്വഞ്ചർ’ പതിപ്പിൽ ട്യൂബ്രഹിത ടയറിനു യോജിച്ച് ക്രോസ് സ്പോക് വീൽ സഹിതമുള്ള അലോയിയുമാണ് ഇടംപിടിക്കുക. ഇരുമോഡലുകളും ലൈറ്റ് വൈറ്റ് സോളിഡ് പെയിന്റ്, ഐസ് ഗ്രേ സോളിഡ് പെയിന്റ് നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ട്. കൂടാതെ ‘ജി എസ് കുടുംബത്തി’ന്റെ വാർഷികാഘോഷം വിളംബരം ചെയ്യുന്ന ‘40 ഇയേഴ്സ് ജി എസ്’ പരിമിതകാല പതിപ്പായും ബൈക്ക് ലഭ്യമാണ്.

English Summary: 2021 BMW R 1250 GS, R 1250 GS Adventure Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com