ADVERTISEMENT

വിദേശ നിർമിത വസ്തുക്കളോട് നമുക്കെല്ലാവർക്കും ഇഷ്ടമൽപം കൂടുതലാണ്. കിടിലൻ ക്വാളിറ്റിയായിരിക്കും എന്നതുതന്നെയാണ് കാരണം. അതുകൊണ്ടാണല്ലോ ഇന്ത്യൻ നിർമിത വിദേശ ഉൽപന്നങ്ങൾക്കുപോലും വിപണിയിൽ ഡിമാന്റുള്ളത്. പേരിൽ വിദേശബന്ധമുണ്ടായാൽ മതി. സംഗതി ക്ലിക്കാകും. വാഹനലോകത്തും മറിച്ചൊന്നുമല്ല. വിദേശികൾ സ്വദേശികളുമായി ചങ്ങാത്തത്തിലായതുകൊണ്ടാണല്ലോ ഇന്ത്യൻ വാഹന വിപണി ഇത്രയും വൈവിധ്യമാർന്നത്. കടൽകടന്നെത്തിയവർ അന്ന് അതിഥികളായിരുന്നുവെങ്കിൽ ഇന്നവർ നിരത്തു ഭരിക്കുന്നവരായി തീർന്നു. 

husqvarna-vitpilen-250-2
Husqvarna Vitpilen 250

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും ഒടുവിലെത്തിയിരിക്കുന്ന വിദേശി ബോഫേഴ്സിന്റെ നാട്ടിൽ നിന്നാണ്. പേര് ഹുസ്ക്‌വർണ. ഒറ്റവായനയിൽ ഹസ്ക്കവർണ എന്നു തോന്നുമെങ്കിലും ശരിയായ ഉച്ചാരണം ഹുസ്ക്‌വർണ എന്നു തന്നെയാണ്. നമ്മുടെ വിപണിക്ക് അത്ര പരിചിതമല്ലാത്ത പേരാണിത്. എന്നാൽ വാഹനലോക ചരിത്രത്തിൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ഹുസ്ക്‌വർണയ്ക്ക്. റൈഡിലേക്കു കടക്കുന്നതിനു മുൻപ് ഹുസ്ക്‌വർണയുടെ ചരിത്രം കുറച്ചൊന്നു മനസ്സിലാക്കാം.

1689 ൽ സ്വീഡനിലെ രാജാവിന്റെ നിർദേശപ്രകാരമാണ് ഹുസ്ക്‌വർണ സ്ഥാപിതമാകുന്നത്. കമ്പനി സ്ഥാപിച്ച സ്ഥലത്തിന്റെ പേരുതന്നൊയാണ് കമ്പനിക്കും നൽകിയിരിക്കുന്നത്. ബോഫോഴ്സിന്റെ നാട്ടിലായതുകൊണ്ടാകാം ആയുധ ഫാക്ടറിയായാണ് തുടക്കം. 1757 ൽ സ്വകാര്യ വ്യക്തിയുടെ കൈകളിലെത്തി. 1896 ൽ ആണ് വാഹനലോകത്തേക്കു കടക്കുന്നത്, സൈക്കിൾ നിർമാണത്തിലൂടെ. 1903 ൽ എൻജിൻ ഘടിപ്പിച്ച സൈക്കിൾ നിരത്തിലിറക്കി. 

husqvarna-vitpilen-250-1
Husqvarna Vitpilen 250

പിന്നെയൊരു കുതിപ്പായിരുന്നു എന്നു വേണം പറയാൻ. അക്കാലത്തെ ഒാഫ്റോഡ് ബൈക്ക് നിർമാതാക്കളിലെ കേമൻ എന്ന പട്ടമാണ് ഹുസ്ക്‌വർണ കൈപ്പിടിയിലൊതുക്കിയത്. 14 മോട്ടോ‌ക്രോസ് വേൾഡ് ടൈറ്റിൽ, 24 എൻഡുറോ യൂറോപ്യൻ ചാംപ്യൻഷിപ് എന്നിവയെല്ലാം ഹുസ്ക്‌വർണ പേരിൽ ചേർത്തു. 1977ൽ ഇലക്ട്രോലക്സ് ഹുസ്ക്‌വർണയെ വാങ്ങി. പിന്നീടങ്ങോട്ട് കാഗിവ എംവി അഗുസ്റ്റ, ഹുസാബർഗ്, ബിഎംഡബ്ല്യു എന്നിവരുടെ കൈകളിലൂടെ ഹുസ്ക്‌വർണ കടന്നുപോയി. 2013 ൽ ഹുസ്ക്‌വർണയെ കെടിഎം വാങ്ങിയതോടെയാണ് ഹുസ്ക്‌വർണയുടെ ചരിത്രം ഇന്ത്യയിലേക്കും എത്താൻ ഇടയായത്. 

husqvarna-vitpilen-250-4
Husqvarna Vitpilen 250

കെടിഎമ്മിന്റെ 48% ഒാഹരികളും ബജാജിന്റെ കൈവശമാണ്. അങ്ങനെയാണ് ഹുസ്ക്‌വർണ നമ്മുടെ നിരത്തിലും എത്തിയിരിക്കുന്നത്. കെടിഎം ഷോറൂം വഴിയാണ് വിൽപന. ബജാജിന്റെ കെടിഎം ബൈക്കുകൾ ഉൽപാദിപ്പിക്കുന്ന പ്ലാന്റിൽ തന്നെയാണ് ഹുസ്ക്‌വർണ മോഡലുകളുടെയും നിർമാണം. രണ്ടു മോഡലുകളാണ് ഹുസ്ക്‌വർണ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിറ്റ്പിലൻ 250, സ്വർട്ട്പിലൻ 250. ഇതിൽ വിറ്റ്പിലൻ 250 യാണ് ടെസ്റ്റ് റൈഡ് ചെയ്യുന്നത്. 

കോംപാക്ട് ഡിസൈൻ

വിറ്റ്പിലൻ എന്നാൽ വൈറ്റ് ആരോ എന്നാണ് സ്വീഡിഷ് അർഥം. എന്തായാലും കാഴ്ചയിൽ പുതുമുഖം തന്നെയാണ് വിറ്റ്പിലൻ. ഇതുവരെ കണ്ട ഡിസൈനുകളിൽനിന്നെല്ലാം വേറിട്ടു നിൽ‌ക്കുന്ന രൂപം. ഒറ്റനോട്ടത്തിൽ മോഡിഫൈഡ് ലുക്കാണ്. കഫേ റേസർ തീമിലാണ് രൂപകൽപന. റെട്രോ ക്ലാസിക് ശൈലിയിൽ ആധുനികതയും സമ്മേളിക്കുന്ന ഉടൽ. ടാങ്കും സൈഡ് പാനലും ഒറ്റ അച്ചിൽ വാർത്തെടുത്തതുപോലുള്ള  ഡിസൈൻ കൊള്ളാം. ടാങ്കിലെ വിറ്റ്പിലൻ എന്നെഴുതിയ എടുത്തു നിൽക്കുന്ന ഭാഗം തന്നെ നോക്കൂ. വെറൈറ്റിയല്ലേ! 9.5 ലീറ്ററാണ് ടാങ്ക് കപ്പാസിറ്റി. എൽഇഡി ഹെഡ്‌ലാംപും ഇൻഡിക്കേറ്ററുമൊക്കെ ക്ലാസാണ്. ഒതുക്കമുള്ള വട്ടക്കണ്ണിൽ എൽഇഡി ഡേ ടൈം റണ്ണിങ് ലാംപുണ്ട്. 

husqvarna-vitpilen-250-3
Husqvarna Vitpilen 250

വൃത്താകൃതിയാണ് ഫുള്ളി ഡിജിറ്റൽ കൺസോളിനും. കളർ ഡിസ്പ്ലേയല്ല. കെടിഎം ഡ്യൂക്കിൽ കണ്ടപോലുള്ളത്. ഒരു കാര്യം പറയാൻ മറന്നു. കെടിഎം ഡ്യൂക്ക് 250 യാണ് വിറ്റ്പിലന്റെ അടിസ്ഥാനം. അതായത്, ഷാസിയും സസ്പെൻഷനും എൻജിനും അടക്കമുള്ള ഘടകങ്ങൾ ഡ്യൂക്ക് 250 യുടേതു തന്നെ. 

ടാങ്കിൽ‌നിന്നൊഴുകി ഇറങ്ങുന്ന സീറ്റ്. രണ്ടുപേർക്കിരിക്കാൻ ഇടമുണ്ടോ എന്നു സംശയിക്കുന്ന നീളമേയുള്ളൂ സീറ്റിന്. പക്ഷേ, രണ്ടു പേർക്കിരിക്കാം. ഗ്രാബ് റെയിൽ ഇല്ല. ഭംഗിയുള്ള ടെയിൽ ലാംപും വരപോലുള്ള ഇൻഡിക്കേറ്ററും. ടയർ ഹഗ്ഗർ വേറിട്ടു നിൽക്കുന്നു. മൊത്തത്തിൽ നോക്കിയാൽ മിനിമലിസത്തിലൂന്നിയ കോംപാക്ട് ഡിസൈനാണ്. സ്വിച്ചുകളും മറ്റും കെടിഎമ്മിനെയും പൾസറിനെയും ഒാർമിപ്പിക്കുന്നു. 

എൻജിൻ

ഡ്യൂക്ക് 250 യിൽ നൽകിയിരിക്കുന്ന 248.8 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ്. ഡ്യൂക്ക് 250 യേക്കാളും ഒരു ബിഎച്ച്പി കരുത്ത് കൂടുതലുണ്ട് വിറ്റ്പിലന്, 31 ബിഎച്ച്പി. ടോർക്ക് സമം–24 എൻഎം. 835 എംഎം ഉയരമുണ്ട് സീറ്റിന്. സീറ്റിലിരുന്നാൽ ശരാശരി ഉയരക്കാർക്ക് ഈസിയായി കാൽ നിലത്തെത്തും ഡ്രൈ വെയ്റ്റ് 153 കിലോഗ്രാമാണ്. ഭാരക്കുറവായതിനാൽ കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടില്ല. കഫേറേസർ ശൈലിയായതിനാൽ റൈഡിങ് പൊസിഷൻ മുന്നോട്ടാഞ്ഞാണ്. ക്ലിപ് ഒാൺ ഹാൻഡിൽ ബാറും പിന്നോട്ടിറങ്ങിയ ഫുട്പെഗ്ഗും സ്പോർട്ടി ഫീലാണ് നൽകുന്നത്. ആറ് സ്പീഡ് ട്രാൻസ്മിഷനാണ്.

husqvarna-vitpilen-250-5
Husqvarna Vitpilen 250

പെട്ടെന്നു തന്നെ വേഗമാർജിക്കുന്നതാണ് എൻജിന്റെ പ്രകൃതം. ത്രോട്ടിൽ തിരിവിനോടു ക്ഷണപ്രതികരണം കാട്ടുന്നുണ്ട്. മിഡ് റേഞ്ചിലാണ് വിറ്റ്പിലന്റെ മികച്ച പ്രകടനം. മൂന്നക്കത്തിലേക്ക് അനായാസം കയറുന്നുണ്ട്. കൂടിയ വേഗം മണിക്കൂറിൽ 153 കിലോമീറ്റർ. കോർണറിങ്ങിലെ മെയ്‌വഴക്കമാണ് വിറ്റ്പിലനിൽ‌ ഏറ്റവും ഇഷ്ടപ്പെട്ടത്. ഡബിൾ ചാനൽ എബിഎസ് ഉണ്ട്. ബ്രേക്കിങ്ങിലും വിറ്റ്പിലൻ മികവു കാട്ടുന്നു. 

ഫൈനൽ ലാപ്

250 സിസി വിഭാഗത്തിൽ വേറിട്ടൊരു ക്യാരക്ടറാണ് നിങ്ങൾ തേടുന്നതെങ്കിൽ വിറ്റ്പിലൻ ഫസ്റ്റ് ഒാപ്ഷനാണ്. വെറൈറ്റി ലുക്കാണ് ഹൈലൈറ്റ്. മാത്രമല്ല റിഫൈൻഡ് എൻജിനും പെർഫോമൻസും മറ്റു മേന്മകൾ.

വില: 1.82 ലക്ഷം (എക്സ്ഷോറൂം)

English Summary: Husqvarna Vitpilen 250 Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com