പ്രതാപം വീണ്ടെടുക്കാൻ എക്സ്ട്രീം 160 ആർ

hero-xtreme160r
Hero Xtreme 160 R
SHARE

150 സിസി സെഗ്‌മെന്റിലെ പ്രതാപം വീണ്ടെടുക്കാൻ എക്സ്ട്രീമുമായി വീണ്ടുമെത്തിയിരിക്കുകയാണ് ഹീറോ. യമഹ എഫ്സിയും സുസുക്കി ജിക്സറും ടിവിഎസ് അപ്പാച്ചെയുമൊക്കെ തകർത്താടുന്ന വിഭാഗത്തിലേക്കാണ് എക്സ്ട്രീമിന്റെ വരവ്. പഴയ എക്സ്ട്രീമുമായി പേരിൽ മാത്രമേ  എക്സ്ട്രീം 160 ആറിനു സാമ്യമുള്ളൂ. ഡിസൈനിലും പെർഫോമൻസിലും  കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് 160 എത്തിയിരിക്കുന്നത്. വിശദമായ ടെസ്റ്റ് റൈഡിലേക്ക്. 

hero-xtreme160r-3

മസിലൻ

നാലുപേരു നോക്കണമെങ്കിൽ അൽപം മസിൽ തുടിപ്പൊക്കെ വേണം. അതു വേണ്ടുവോളമുണ്ട് 160 ആറിന്. സ്ട്രീറ്റ് ഫൈറ്റർ ലുക്കാണ്. മുന്നിലേക്ക് അൽപം കുനിഞ്ഞ് കുതിക്കാൻ വെമ്പി നിൽക്കുന്ന  പ്രകൃതം. ടാങ്കിനെക്കാളും അൽപം ഉയരത്തിലാണ് ടെയിൽ സെക്‌ഷന്റെ നിൽപ്. ഇത് കാഴ്ചയിൽ സ്പോർട്ടി ഫീൽ നൽകുന്നു. ഇൻഡിക്കേറ്റർ അടക്കം എല്ലാ ലൈറ്റുകളും എൽഇഡിയാണ്. റോബട്ടിന്റെ മുഖംപോലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെ‍ഡ്‌ലാംപ് ഡിസൈൻ  കാഴ്ചയിൽ പുതുമ നൽകുന്നു. വലുപ്പം കുറഞ്ഞ എൽഇഡി ലൈറ്റുകളാണ്. 

hero-xtreme160r-2

കൊത്തിയെടുത്തതുപോലുള്ള മസ്കുലറായ ടാങ്കിന്റെ ഡിസൈൻ ഉഗ്രൻ. കാൽമുട്ട് ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകൽപ്പന. ടാങ്കിൽനിന്നു തുടർച്ചയായി ഒറ്റ പീസായി പോകുന്ന സൈഡ് പാനൽ രൂപകൽപന കൊള്ളാം. ടെയിൽ പാനലിൽത്തന്നെയാണ് ഗ്രാബ് റെയിൽ നൽകിയിരിക്കുന്നത്. സാധാരണപോലെ വേറിട്ടു നിൽക്കുന്നില്ല. അതുകൊണ്ടുതന്നെ കാഴ്ചയിൽ നല്ല എടുപ്പുണ്ട് പിൻഭാഗത്തിന്. വിഭജിച്ച സീറ്റല്ല. എന്നാൽ ആ ഫീൽ നൽകുന്ന തരത്തിലാണ് സീറ്റിന്റെ രൂപകൽപന. ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. റിവേഴ്സ് ലൈറ്റിങ്ങാണ്. കൺസോളിലേക്ക് നേരിട്ടു പ്രകാശമെത്തിയാൽ വായിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടാകും എന്നതൊഴിച്ചാൽ നീറ്റ് ആൻഡ് ക്ലീൻ ആണ് കൺസോൾ. സ്വിച്ചുകളുടെ നിലവാരം കൊള്ളാം. എൻജിൻ കിൽ സ്വിച്ചിൽ‌ത്തന്നെയാണ് സെൽഫ്സ്റ്റാർട്ട് സ്വിച്ചും. സംഗതി കൊള്ളാം. ഹാൻഡിലിൽ ഇടതു വശത്ത് ഹസാർഡ് സ്വിച്ചും നൽകിയിട്ടുണ്ട്.                                                                                                  

hero-xtreme160r-1

എൻജിൻ

163 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ്. 8500 ആർപിഎമ്മിൽ 15 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 6500 ആർപിഎമ്മിൽ 14 എൻഎം. ഫ്യൂവൽ ഇൻജക്‌‌ഷനാണ്. സുസുക്കി ജിക്സറിനെക്കാളും യമഹ എഫ്സിയെക്കാളും കരുത്ത് കൂടുതലുണ്ട് 160 ആറിന്. ടോർക്കിന്റെ കാര്യത്തിൽ 160 ആറും എതിരാളികളും തമ്മിൽ വലിയ അന്തരമില്ല. 

hero-xtreme160r-4

റൈഡ്

790 എംഎമ്മാണ് എക്സ്ട്രീമിന്റെ സീറ്റിന്റെ ഉയരം (ജിക്സർ–780 എംഎം. അപ്പാച്ചെ 160–800 എംഎം, എഫ്സ്–790 എംഎം).റൈഡിങ് പൊസിഷൻ സ്പോർട്ടിയായി തോന്നുമെങ്കിലും അൽപം ഉയരത്തിൽ സെറ്റ് ചെയ്ത ഹാൻഡിൽബാർ ദീർഘദൂരയാത്രയ്ക്ക് എക്സ്ട്രീമിനെ പ്രാപ്തനാക്കുന്നു. സീറ്റിന്റെ കംഫർട്ടാണ് എടുത്തു പറയേണ്ടത്. റൈഡർക്കും പില്യൺ റൈഡർക്കും വിശാലമായി ഇരിക്കാനുള്ള ഇടമുണ്ട്. 139.5 കിലോഗ്രാമാണ് ഭാരം (അപ്പാച്ചെ 160–145 kg, ജിക്സർ–135 kg, എഫ്സി–132 kg). 

റിഫൈൻഡായ എൻജിൻ

ലോ ആർപിഎമ്മിൽ തരക്കേടില്ലാത്ത ടോർക്ക് ഡെലിവറിയുണ്ട്. ടോപ് ഗിയറിൽ കുറഞ്ഞ വേഗത്തിൽ കൂളായി എൻജിൻ ഇടിക്കാതെ നീങ്ങുന്നുണ്ട്. സിറ്റി റൈഡിൽ ഇതു ഗുണമാകും. അടിക്കടി ഗിയർ മാറേണ്ടി വരില്ല. ത്രോട്ടിൽ തിരിച്ചാൽ ആ ഗിയറിൽത്തന്നെ മടുപ്പില്ലാതെ കുതിച്ചു കയറുകയും ചെയ്യുന്നുണ്ട്. 4000 ആർപിഎമ്മിനു മുകളിൽ നല്ല കരുത്തു കാട്ടുന്നുണ്ട് 160 ആർ. 4.7 സെക്കൻഡ് സമയം കൊണ്ട് 0–60 കി.മീ വേഗം കൈവരിക്കും. 5 സ്പീഡ് ട്രാൻസ്മിഷനാണ്. ഗിയർമാറ്റങ്ങൾ ലളിതമെങ്കിലും കുറച്ചു കൂടി സ്മൂത്ത് ആകാമായിരുന്നു. ലൈറ്റായ ക്ലച്ചാണ്. ഉപയോഗിക്കാൻ സൗകര്യമാണ്. 37 എംഎം ടെലിസ്കോപ്പിക് ഫോർക്കും ഏഴു തരത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ സെറ്റപ്പ്. 

ഇതിനോടൊപ്പം ട്യൂബുലാർ ഫ്രെയ്മും കൂടിച്ചേർന്ന് മികച്ച ഹാൻഡ്‌ലിങ്ങാണ് സാധ്യമാക്കുന്നത്. വളവുകൾ കൂളായി വീശിയെടുത്തു പോകാം.  അൽപം കട്ടിയായ സസ്പെൻഷൻ സംവിധാനമാണ്. അതുകൊണ്ടു തന്നെ ഗട്ടറുകളിൽ കയറിയിറങ്ങുന്നത് പിന്നിലിരിക്കുന്നവർ കൂടുതലറിയും. പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും. സിംഗിൾ ചാനൽ എബിഎസ് ഉണ്ട്. ഇതിനോടൊപ്പം എംആർഎഫ് ടയറും കൂടിച്ചേരുന്നതോടെ ഉയർന്ന വേഗത്തിലും ബ്രേക്കിങ്ങിന്റെ കാര്യത്തിൽ നോ ടെൻഷൻ. നല്ല ഗ്രിപ്പുള്ള ടയറുകളാണ്. 

ഫൈനൽ ലാപ്

സ്ട്രീറ്റ് ഫൈറ്റർ ലുക്കാണ് എക്സ്ട്രീം 160 ആറിന്റെ ഹൈലൈറ്റുകളിലൊന്ന്. നഗരത്തിരക്കിലും ഹൈവേയിലും മിക‍ച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റിഫൈൻഡായ എൻജിൻ, മികച്ച ഹാൻഡ്‌ലിങ് എന്നിവ സെഗ്‌മെന്റിൽ 160 ആറിനു മുൻതൂക്കം നൽകുന്നു. പ്രത്യേകിച്ചു ദീർഘദൂരയാത്രയ്ക്ക് ഇണങ്ങുന്ന റൈഡിങ് പൊസിഷൻ എന്നത് മേൻമയായി പറയാം. ഇതിനൊപ്പം തരക്കേടില്ലാത്ത ഇന്ധനക്ഷമതയും കൂടിച്ചേരുമ്പോൾ എക്സ്ട്രീം 160 ആർ വിപണിയിൽ ക്ലച്ച് പിടിക്കുക തന്നെ ചെയ്യും.

English Summary: Hero Xtreme 160 R Test Drive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA