സാഹസികരിൽ സാഹസികൻ, കെടിഎം 250 അഡ്വഞ്ചര്‍: ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

ktm-duke-adventure-4
KTM 250 Adventure
SHARE

ട്രയംഫ് ടൈഗറും ബിഎംഡബ്ല്യു ജിഎസ് സീരീസുമൊക്കെ കണ്ട്  ഇതുപോലൊരു അഡ്വഞ്ചര്‍ ടൂറര്‍ സ്വന്തമാക്കണം എന്നു മോഹിച്ചവരുടെ മുന്നിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്ന ഉഗ്രന്‍ അഡ്വഞ്ചര്‍ ടൂറർ വന്നത്. അധിക സമയം വേണ്ടി വന്നില്ല ഹിമാലയന്‍റെ വില്‍പന ഗ്രാഫ് ഹിമാലയത്തോളം ഉയരാന്‍. ആ പാത പിന്തുടർന്നു തൊട്ടുപിന്നാലെ ബിഎംഡബ്‌ള്യു ജിഎസ് 310 വന്നു, ഏറ്റവും ഒടുവില്‍ കെടിഎമ്മിന്‍റെ അഡ്വഞ്ചര്‍ 390യും. എൻട്രി ലെവലിൽ ഉള്ളത് ഹീറോ എക്സ്പള്‍സ് മാത്രം. എക്സ്പള്‍സിനെക്കാള്‍ അല്‍പം കരുത്തു വേണം, ലോക നിലവാരം വേണംഎന്നാല്‍ വില ആധികം ആകാനും പാടില്ല എന്ന് ആഗ്രഹിച്ചിരുന്നവര്‍ക്കുള്ള കെടിഎമ്മിന്‍റെ  സമ്മാനമാണ് 250 അഡ്വഞ്ചര്‍. ഹൈവേയിലൂടെ മിന്നിക്കാം, കുന്നും മലയും കയറാം. കെടിഎമ്മിന്റെ അഡ്വഞ്ചർ ടൂറർ സീരീസിലെ പുതുമുഖം 250യുമായി ഒരു ദിവസം കൂടിയ വിശേഷങ്ങളിലേക്ക്.

ktm-duke-adventure
KTM 250 Adventure

390 അല്ല 250!

കാഴ്ചയിൽ അഡ്വഞ്ചര്‍ 390 ആണോ എന്നു തോന്നും 250യെ കണ്ടാൽ.കാരണം 390 യുടെ അതേ ലുക്കില്‍ തന്നെയാണ് 250യുടെയും വരവ്. ഷാസി, സസ്പെന്‍ഷന്‍, വീല്‍, ബോഡി പാനല്‍ എന്നിവയിലൊന്നും മാറ്റമില്ല. എന്നാല്‍, സൂക്ഷിച്ചു നോക്കിയാല്‍ ചില മാറ്റങ്ങള്‍ പ്രകടമാണുതാനും. ഫുള്ളി എല്‍ഇഡി ഹെഡ് ലാംപാണ് 390ക്ക്. 250യില്‍ സാധാരണ ലാംപും. ഹെഡ്‌ലാംപ് ഡിസൈനിൽ മാറ്റമില്ല. ‍എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുണ്ട്. അലുമിനിയം ഹാന്‍ഡില്‍ ബാറാണ് 390യില്‍. 250യില്‍ സ്റ്റീൽ ആണ്. 390 യെപ്പോലെ നക്കിള്‍ ഗാര്‍ഡും വിൻഡ് ഷീൽഡും നൽകിയിട്ടുണ്ട്. 250യില്‍ ഫുള്ളി എല്‍സിഡി ഡിജിറ്റല്‍ ഡിസ്പ്ലേയാണ് 390 യിലേതുപോലെ ടിഎഫ്ടി കളര്‍ ഡിസ്പ്ലേയല്ല.  എന്നാലും കണ്‍സോളിലെ വിവരങ്ങള്‍ വ്യക്തമായി വായിച്ചെടുക്കാന്‍ കഴിയും. വലിയ അക്കങ്ങളാണ്. മീറ്ററിന്‍റെ ഇടതുവശത്തുള്ള സ്വിച്ച് വഴി സെറ്റിങ്ങുകള്‍ മാറ്റാം.  കാഴ്ചയിലെ കാര്യമായ മാറ്റം ഗ്രാഫിക്സിലും നിറത്തിലുമാണ്. 

ktm-duke-adventure-2
KTM 250 Adventure

എന്‍ജിന്‍

കെടിഎം ഡ്യൂക്ക് 250, ഹസ്ക് വെര്‍ണ 250 മോഡലുകള്‍ എന്നിവയിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് 250 അഡ്വഞ്ചറിലുള്ളത്. 29.5 ബിഎച്ച്പിയാണ് ഈ 248.8 സിസി സിംഗിള്‍ സിലിണ്ടറിന്‍റെ കൂടിയ കരുത്ത്. ടോര്‍ക്ക് 7500 ആര്‍പിഎമ്മില്‍ 24 എന്‍എമ്മും. 

റൈഡ്

177 കിലോഗ്രാമാണ് ഭാരം. 390 അഡ്വഞ്ചറിനും ഇതേ ഭാരം തന്നെയാണ് (എൻഫീൽഡ് ഹിമാലയൻ 182 കിലോഗ്രാം). അത്ര ഭാരക്കൂടുതലായി ഫീൽ ചെയ്യില്ല. കൈകാര്യം ചെയ്യാൻ എളുപ്പമുണ്ട്. ഒാഫ് റോഡ് ട്രാക്കിലായാലും. 855 എംഎം ആണ് സീറ്റിന്റെ ഉയരം. പൊക്കം കുറഞ്ഞവർക്ക് ഇത് അൽപം ബുദ്ധിമുട്ടുണ്ടാക്കും. പക്ഷേ, സീറ്റ് ഉയരത്തിലായ തുകൊണ്ട് നല്ല റോഡ് വ്യൂ കിട്ടുന്നുണ്ട്. 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഒാഫ്റോഡിൽ ഏറെ ഗുണകരം. 170 എംഎം ട്രാവൽ ഉള്ള ഡബ്ല്യുപിയുടെ ഫോര്‍ക്കുകളാണ് മുന്നില്‍. പിന്നില്‍ 177 എംഎം ട്രാവലുള്ള മോണോഷോക്കും. ഒാഫ്റോഡിൽ മികച്ച പ്രകടനമാണ് ഇവ കാഴ്ചവയ്ക്കുന്നത്. ഗ്രാവലിലൂടെയും കല്ലില്‍ നിന്ന്  കല്ലിലേക്കുള്ള ചാട്ടത്തിലും മറ്റും നല്ല നിയന്ത്രണം കിട്ടുന്നുണ്ട്. എംആര്‍എഫിന്‍റെ ഡ്യൂവല്‍ പര്‍പ്പസ് ടയറുകൾ ഗ്രിപ്പ് ഉറപ്പു നൽകുന്നു. 390യിൽ മെറ്റ്സെലർ ടയറുകളായിരുന്നു.

ktm-duke-adventure-3
KTM 250 Adventure

നേര്‍രേഖാ സ്ഥിരതയിലും കോര്‍ണറിങ്ങിലും ട്രെല്ലിസ് ഫ്രെയിമും സസ്പെന്‍ഷനും നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ട്. മൂന്നക്ക വേഗത്തിൽ ഈസിയായി കയറാം. തരക്കേടില്ലാത്ത ലോ എന്‍ഡ് ടോര്‍ക്കുണ്ട്. ഇത് ഓഫ് റോഡില്‍ ഗുണകരമാകുന്നു. ടാർ റോഡിലെ കുതിപ്പിൽ സുരക്ഷയേകാൻ ഡ്യൂവല്‍ ചാനല്‍ എബിഎസ് ഉണ്ട്. ഓഫ്റോഡില്‍ പിന്‍ടയര്‍ ലോക്ക് ചെയ്ത് ഓടിക്കണമെങ്കിൽ പിൻടയറിന്റെ എബിഎസ് ഒാഫ് ചെയ്യാം. 

ktm-duke-adventure-1
KTM 250 Adventure

390യില്‍ ഉള്ള കോര്‍ണറിങ് എബിഎസും ട്രാക്‌ഷൻ കണ്‍ട്രോളും ഇതിലില്ല. 6 സ്പീഡ് ട്രാന്‍സ്മിഷനാണ്. ക്വിക് ഷിഫ്റ്റർ സംവിധാനം നല്‍കിയിട്ടുണ്ട്. ‍ഡൗൺ ഷിഫ്റ്റിങ് ചെയ്യാൻ ക്ലച്ച് പിടിക്കേണ്ട ആവശ്യമില്ല. മാറ്റങ്ങള്‍ കൃത്യതയുള്ളത്. ലൈറ്റ് ക്ലച്ച് ആണ്. സിറ്റി റൈഡില്‍ മടുപ്പിക്കില്ല. മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുന്ന ബ്രംബോയുടെ ബൈബ്രി ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.

ഫൈനല്‍ ലാപ്

390യുടെ ലുക്ക്, ഓഫ്റോഡിങ് ശേഷി, മികച്ച ഹാൻഡ്‌ലിങ് എന്നിവ 250യെ വിപണിയിലെ ശ്രദ്ധാകേന്ദ്രമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. 2.56 ലക്ഷം രൂപയാണ് വില. ഇതുതന്നെയാണ് 250യുടെ ഹൈലൈറ്റും.

English Summary: KTM 250 Adventure Test Drive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA