ADVERTISEMENT

കുറഞ്ഞ വിലയിൽ ഒരു അടിപൊളി ടൂറിങ് ബൈക്ക്. ആദ്യ കാഴ്ചയിൽ 200 എക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം ലുക്ക് തന്നെ. ശരിക്കും 200 എക്സ് അഡ്വഞ്ചർ ടൂററാണോ? ടെസ്റ്റ് റൈഡ് ചെയ്തു നോക്കാം.

ഡിസൈൻ

ആഫ്രിക്ക ട്വിൻ, എൻസി 750 എക്സ്, സിബി 500 എക്സ് എന്നീ 3 മോഡലുകളുടെ  ഡിസൈനിൽ നിന്നാണ് 200 എക്സിന്റെ പിറവി എന്നാണ് ഹോണ്ട പറയുന്നത്. കാഴ്ചയിൽ അത് ശരിവയ്ക്കുന്നുമുണ്ട്. ഉയർന്നു നിൽക്കുന്ന മുൻഭാഗം. നീളമേറിയ വൈസർ. നക്കിൾ ഗാർഡോടുകൂടിയ ഹാൻഡിൽ (ടേൺ ഇൻഡിക്കേറ്റർ നക്കിൾ ഗാർഡിലാണ് നൽകിയിരിക്കുന്നത് ). ഡ്യൂവൽ പർപ്പസ് ടയർ എന്നിങ്ങനെ അഡ്വഞ്ചർ ടൂററുകളുടേതുപോലുള്ള ഘടകങ്ങൾ ഇതിലുമുണ്ട്. ഹെഡ്‌ലാംപ് അടക്കം എല്ലാ ലൈറ്റുകളും എൽഇഡിയാണ്. ഹെഡ്‌ലാംപിനെ പൊതിഞ്ഞ് ടാങ്കിലെത്തിനിൽക്കുന്ന ഹാഫ് ഫെയറിങ് 500 എക്സിനെ ഒാർമിപ്പിക്കുന്നു. വലിയ ടാങ്കാണ് കാഴ്ചയിൽ. പക്ഷേ, 12 ലീറ്റർ കപ്പാസിറ്റിയേ ഉള്ളൂ. കാൽമുട്ടുകൾ പൂർണമായും ഉൾക്കൊള്ളുന്ന രീതിയിലുള്ള രൂപകൽപന കൊള്ളാം. എണീറ്റു നിന്നു റൈഡ് ചെയ്യുമ്പോഴും നല്ല ഗ്രിപ്പ് ടാങ്കിൽ കിട്ടുന്നുണ്ട്.ടാങ്കിന്റെ മുകളിൽ മുന്നിലായാണ് ഇഗ്‌നിഷൻ സ്ലോട്ട്. 

honda-cb200x-1

ഫുള്ളി ഡിജിറ്റൽ എൽസിഡിമീറ്റർ കൺസോളാണ്. 5 തരത്തിൽകൺസോളിലെ ലൈറ്റിന്റെ പ്രകാശം ക്രമീകരിക്കാം. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ അടക്കമുള്ള വിവരങ്ങൾ ഇതിലുണ്ട്. കൺസോൾ അടങ്ങുന്ന ഭാഗം ഉയർന്നു നിൽക്കുന്നതിനാൽ റൈഡ് ചെയ്യുമ്പോൾ ആയാസമില്ലാതെ വ്യക്തമായി ഇതിലെ വിവരങ്ങൾ മനസ്സിലാക്കാം. ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനങ്ങൾ ഒന്നുമില്ല.വിഭജിച്ച സീറ്റാണ്. വീതിയേറിയതും നല്ല കുഷനുമുള്ളത്. റൈഡറിന്റെ നടുവിനു ചെറിയ സപ്പോർട്ട് നൽകുന്ന തരത്തിലാണ് സീറ്റിന്റെ രൂപകൽപന. വലിയ ഗ്രാഫ് റെയിൽ. ഹോണറ്റിൽ കണ്ടതുപോലുള്ള എക്സ് ഡിസൈൻ പിൻതുടരുന്ന ടെയിൽ ലൈറ്റാണ്. 

അഡ്വഞ്ചർ ബൈക്കുകളുടേതുപോലെ അണ്ടർ കൗൾ (എൻജിൻ ഗാർഡ്) നൽകിയിട്ടുണ്ട്. പക്ഷേ, ഇത് മെറ്റലിലല്ല, പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചതാണ്. അതുകൊണ്ടുതന്നെ കാഴ്ചയിലെ എടുപ്പു മാത്രമേയുള്ളൂ.  നീളം കുറഞ്ഞ സ്പോർട്ടിയായ എക്സോസ്റ്റാണ്. സാധാരണ നേക്കഡ് ബൈക്കുകളിൽ കാണുന്നതുപോലുള്ളത്. സ്റ്റൈലിഷ് മൾട്ടിസ്പോക് അലോയ് വീലാണ്. മൊത്തത്തിൽ ഡിസൈനിനെക്കുറിച്ചും നിർമാണ നിലവാരത്തെക്കുറിച്ചും പറഞ്ഞാൽ ഉഗ്രൻ. കാഴ്ചയിൽ ഇതൊരു 200 സിസി മോഡലാണെന്നു പറയില്ല. പാർട്‌സുകളുടെ നിലവാരവും മറ്റും കൊള്ളാം. 

honda-cb200x-4

എൻജിൻ

ഹോണ്ടയുടെ ഹോണറ്റ് 2.0 മോഡലിലുള്ള 184.4 സിസി എൻജിൻ തന്നെയാണ് 200 എക്സിലും നൽകിയിരിക്കുന്നത്. ബോറിലും സ്ട്രോക്കിലും കംപ്രഷൻ റേഷ്യോയിലൊന്നും ഒരു മാറ്റവുമില്ല. കൂടിയ കരുത്ത് 8500 ആർപിഎമ്മിൽ 17 ബിഎച്ച്പി. ടോർക്ക് 6000 ആർപിഎമ്മിൽ 16.1 എൻഎം. 5 സ്പീഡ് ട്രാൻസ്‌മിഷനാണ്. 

honda-cb200x-3

റൈഡ്

കാഴ്ചയിൽ അഡ്വഞ്ചർ ടൂററിന്റെ ലുക്കുണ്ടെങ്കിലും സിബി 200 എക്സ് ആ വിഭാഗത്തിൽ പെടുന്ന വാഹനമല്ല. ദിവസേനയുള്ള യാത്രകൾക്കും ചെറിയ ട്രിപ്പുകൾക്കും ഉതകുന്ന ടൂ വീലർ എന്ന രീതിയിലാണ് 200 എക്സിനെ ഹോണ്ട അവതരിപ്പിക്കുന്നത്. അതിനു ശരിവയ്ക്കുന്ന പ്രകടനംതന്നെയാണ് 200 എക്സ് പുറത്തെടുക്കുന്നതും. നിവർന്നിരുന്നു റിലാക്സായി യാത്രചെയ്യാവുന്ന റൈഡിങ് പൊസിഷനാണ് ഹൈലൈറ്റുകളിലൊന്ന്. ഉയർന്ന ഹാൻഡിൽ ബാർ ദീർഘദൂരയാത്രയിൽ കംഫർട്ട് കൂട്ടും. 810 എംഎം ഉയരമുണ്ട് സീറ്റിന്(ഹോണറ്റ് 2.0– 590 എംഎം).  

honda-cb200x-5

നഗരത്തിരക്കിലും മറ്റും കൂളായി ഒാടിക്കാം. ഹൈവേയിൽ 80–90 കിലോമീറ്റർ വേഗത്തിൽ നല്ല സ്ഥിരത കാട്ടുന്നുണ്ട്. ലോ എൻഡിലും മിഡ് റേഞ്ചിലും മികവുറ്റ പ്രകടനം എൻജിൻ പുറത്തെടുക്കുന്നു. ഹോണറ്റിന്റേതുപോലുള്ള എക്സോസ്റ്റ് നോട്ടാണ്. 

സസ്പെൻഷൻ

ഗട്ടറുകളും ബംപുകളുമൊക്കെ വലിയ അടിപ്പു കൂടാതെ മറികടക്കുന്നുണ്ട് 200 എക്സ്. മോശം റോഡിലും നല്ല യാത്രാസുഖം നൽകുന്ന രീതിയിലാണ് സസ്‌പെൻഷൻ ക്രമീകരണം. അപ്‌സൈഡ് ഡൗൺ ഫോർക്കുകളാണ് (യുഎസ്ഡി) മുന്നിൽ. പിന്നിൽ മോണോ ഷോക്കും. ഒാഫ്റോഡിങ്ങിനുതകുന്ന ട്രാവൽ ഇല്ല സസ്പെൻഷനുകൾക്ക്. ഡ്യൂവൽ പർപ്പസ് ടയറുകളാണ്. നനഞ്ഞ റോഡിലും നല്ല ഗ്രിപ്പു നൽകുന്നുണ്ട് ഈ ടയറുകൾ. മൊത്തത്തിലുള്ള ലുക്കിൽ ഒാഫ്റോഡിങ്ങിനു കൊണ്ടുപോയാലോ എന്നു തോന്നാം. പക്ഷേ, ഗ്രൗണ്ട് ക്ലിയറൻസ് 167 എംഎം മാത്രമേ ഉള്ളൂ എന്ന കാര്യം മറക്കരുത്. 

honda-cb200x-2

ബ്രേക്ക്

ഡിസ്ക് ബ്രേക്കുകളാണ് ഇരുവീലുകളിലും. പെറ്റൽ ഡിസ്ക്കുകളാണ്. സിംഗിൾ ചാനൽ എബിഎസ് ഉണ്ട്.

ഫൈനൽ ലാപ്

മുംബൈ– കാർഗർ റൂട്ടിലായിരുന്നു ടെസ്റ്റ് റൈഡ്. അതുകൊണ്ടുതന്നെ സിറ്റി, ഹൈവേ റോഡുകളിലെ 200 എക്സിന്റെ പ്രകടനം വിലയിരുത്താൻ പറ്റി. കാഴ്ചയിൽ അടിപൊളി അഡ്വഞ്ചർ ടൂറർ. പ്രകടനത്തിൽ കരുത്തുള്ള സ്ട്രീറ്റ് ബൈക്ക്. ഒപ്പം ദീർഘദൂരയാത്രയിലെ കംഫർട്ടും അധിക മേന്മയായി പറയാം. വിപണിയിൽ നേരിട്ടൊരു എതിരാളിയില്ലെന്നതാണ് 200 എക്സിന്റെ നേട്ടം. 200 സിസിയിലെ നേക്കഡ് മോഡലുകളും അഡ്വഞ്ചർ ടൂററായ എക്സ് പൾസും എതിർചേരിയിൽ അണിനിരക്കുന്നു.

English Summary: Honda CB 200 X Test Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT