ADVERTISEMENT

മാക്സി സ്കൂട്ടർ സെഗ്‌മെന്റിലേക്ക്, എൻട്രി ലെവൽ സ്പോർട്ടി ബൈക്ക് ആർ വണ്ണിന്റെ ഹൃദയവുമായി എത്തിയ യമഹ എയ്റോക്സ് യുവാക്കളുടെ ഇഷ്ടപ്പെട്ട താരമാണ്.

aerox-yamaha-1

ഒറ്റനോട്ടത്തിൽ കരുത്തൻ

കൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോഴും നിർത്തിയിടുമ്പോഴും ബൈക്കുകളിൽ വരുന്നവരൊക്കെ എയ്റോക്സിനെ നോക്കുന്നതു കാണുമ്പോഴറിയാം ഈ സ്കൂട്ടറിന്റെ റോഡ് പ്രസൻസ്. 14 ഇഞ്ച് അലോയ് വീലും വീതി കൂടിയ ടയറുകളും കരുത്തു തോന്നിപ്പിക്കുന്ന ബോഡിയും ആണ് ഈ കടക്കണ്ണേറിന്റെ കാരണം.

ആദ്യറൈഡിൽ

ഉയരത്തിലുള്ള, വീതിയുള്ള സീറ്റ് ഏതൊരു ടൂവീലറിനെക്കാളും സുഖകരമാണ്. പില്യൺ റൈഡർക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാകും. കാരണം പിൻസീറ്റിന്റെ വീതികുറവു തന്നെ. മാത്രമല്ല, ഗ്രാബ് റെയിൽ ഇല്ല. ബോഡിക്കുള്ളിൽ കുഴിവു നൽകിയിടത്തു പിടിച്ചാലേ ഗ്രിപ്പ് കിട്ടൂ. അപാര നിയന്ത്രണമുണ്ട് റൈഡിങ്ങിൽ. സാധാരണ സ്കൂട്ടറുകളെക്കാളും ബൈക്കുകളെക്കാളും സുഖകരമായ ഇരിപ്പാണ്. ഫുട്ട്റെസ്റ്റ് വീതിയുള്ളതും കാൽ നീട്ടി വയ്ക്കാവുന്ന തരത്തിലുള്ളതുമാണ്. മിററുകളുടെ ഡിസൈൻ പോരാ. കുറച്ചു കൂടി വലുപ്പം വേണമെന്നു പലപ്പോഴും തോന്നും.

aerox-yamaha-2

സൗകര്യങ്ങൾ

നടുവരമ്പിലെ ഫ്യൂവൽ ടാങ്ക് സീറ്റ് പൊക്കാതെ തുറക്കാം. സീറ്റ് ഉയർത്താനും ടാങ്ക് തുറക്കാനും വലിയ ബട്ടണുകളുണ്ട് കീ ഇൻസെർട്ട് സ്ലോട്ടിനടുത്ത്. പഴ്സോ ഫോണോ വയ്ക്കാവുന്ന സ്റ്റോറേജ് ബോക്സും 12 വോൾട്ട് സോക്കറ്റും അടുത്തുണ്ട്. മഴയത്ത് ലാപ്ടോപ് ബാഗ് എവിടെ വയ്ക്കും എന്നു നോക്കിയപ്പോൾ വിശാലമായ സ്റ്റോറേജ് സൗകര്യം തുറക്കപ്പെട്ടു. ഹെൽമറ്റും അത്യാവശ്യം സാധനങ്ങളും അതിൽ വച്ചു പൂട്ടാം.

aerox-yamaha-3

സസ്പെൻഷൻ

ബൈക്കുകളിലേതുപോലുള്ള ഇരട്ട സസ്പെൻഷൻ ആണ് പിന്നിൽ. കുഴികളിൽ ചാടുമ്പോൾ ചെറുതായി ഇടി കിട്ടുന്നുണ്ടെങ്കിലും മൊത്തത്തിൽ സുഖകരമായ, സ്ഥിരതയുള്ള റൈഡാണ്.

aerox-yamaha-4

ടെക്നോളജി

നെഗറ്റീവ് എൽസിഡി ഡിസ്പ്ലേ കൺസോൾ പകൽവെട്ടത്തിലും വ്യക്തം. യമഹ വൈ കണക്ട് ആപ്പ് കണക്ട് ചെയ്താൽ കോൾ, എസ്എംഎസ് അലർട്ടുകൾ ഡിസ്പ്ലേയിലൂടെ അറിയാം. ഇടതുഹാൻഡിലിലെ മെനു സ്വിച്ച് വഴി സ്ക്രീൻ നിയന്ത്രിക്കാം. സൈഡ് സ്റ്റാൻഡ് തട്ടിയില്ലെങ്കിൽ എയ്റോക്സ് സ്റ്റാർട്ടാകില്ല, നിവർത്തിയാൽ എൻജിൻ ഓഫ് ആകും. ഏറെ നേരം ഐഡ്‌ലിങ്ങിൽ കിടന്നാൽ എൻജിൻ തനിയെ ഓഫ് ആകുന്ന സ്റ്റാർട്ട്–സ്റ്റോപ് സിസ്റ്റം ഉണ്ട് (പലപ്പോഴും അതു കൃത്യമായി പ്രവർത്തിച്ചിരുന്നില്ല).

aerox-yamaha-5

എൻജിൻ, റൈഡ്

155 സിസി ലിക്വിഡ് കൂൾഡ് യമഹ ബ്ലൂകോർ എൻജിൻ. നല്ല കുതിപ്പുണ്ട്. ഹൈവേ ക്രൂസിങ്ങിൽ മടുപ്പുമില്ല. സിംഗിൾ ചാനൽ എബിഎസ് ഉള്ളതിനാൽ ബ്രേക്കിങ്ങിലും പുലി. വിവിഎ (Variable Valve Actuation) ടെക്നോളജി– ആർപിഎം 6000 ത്തിനു മുകളിൽ ആയാൽ, നാലെണ്ണത്തിൽ രണ്ട് ഇൻടേക് വാൽവുകൾ തുറന്നുതന്നെയിരിക്കും. കൂടുതൽ വായു ജ്വലനത്തിനെത്തും. ഇന്ധനക്ഷമത 40–45 കിമീ പ്രതീക്ഷിക്കാം.

ഫൈനൽ ലാപ്

സ്കൂട്ടറിന്റെ പ്രായോഗികതയും സ്പോർട്ടി ബൈക്കുകളുടെ പെർഫോമൻസും വേണമെന്നുള്ളവർക്ക് കൈ കൊടുക്കാം എയ്റോക്സിന്. ഡിസൈനും കിടുവാണ്.

English Summary: Yamaha Aerox Long Term Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT