ADVERTISEMENT

14 ലക്ഷത്തിന്റെ സ്കൂട്ടർ! കേൾക്കുമ്പോൾ അമ്പരപ്പും ആശ്ചര്യവും ഉണ്ടാകുന്നില്ലേ? മാക്സി സ്കൂട്ടറുകളിലെ ജർമൻ സുന്ദരിയാണ് ഈ സൂപ്പർ താരം. ഇന്ത്യൻ വിപണിയിലെ ഏറ്റവും കരുത്തുറ്റ, വലുപ്പം കൂടിയ, വിലക്കൂടുതലുള്ള സ്കൂട്ടർ എന്ന വിശേഷണവും ബിഎംഡബ്ല്യു സി 400 ജിടിക്കു സ്വന്തം.  400 ജിടിയുമായി ആതിരപ്പിള്ളി, വാഴച്ചാൽ റൂട്ടിൽ ഒന്നു പോയിവരാം. 14 ലക്ഷത്തിന്റെ സ്കൂട്ടറിൽ എന്തൊക്കെയുണ്ടെന്നറിയേണ്ടേ? 

 

മാസ് ലുക്ക്

bmw-c400gt-6

 

bmw-c400gt-4

വലുപ്പം തന്നെയാണ് 400 ജിടിയെ നിരത്തിൽ സ്റ്റാറാക്കുന്നത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കൺമിഴിച്ചു നോക്കി നിൽക്കുന്ന കാഴ്ചയാണ് റൈഡ് ചെയ്ത വഴികളിൽ കണ്ടത്. മാസ് ലുക്കെന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര മാസ്. ഇത്തരത്തിലൊന്ന് ഇതിനുമുൻപ് വിപണിയിൽ വന്നിട്ടില്ല. കൈനറ്റിക് ബ്ലേസ് എന്ന മോഡലാണ് വലുപ്പം കൊണ്ട് ഇതിനു മുൻപ് ശ്രദ്ധേയമായത്. മാക്സി സ്കൂട്ടർ വിഭാഗത്തിൽ യമഹയും അപ്രീലിയയും സുസുക്കിയും ഒക്കെയുണ്ടെങ്കിലും വലുപ്പത്തിലും എൻജിൻ സ്പെക്കിലും ഏറെ പിന്നിലാണ് ഇവരുടെ മോഡലുകൾ.

bmw-c400gt-1

 

ഷാർപ് ലൈനുകളും കട്ടുകളുമുള്ള ബോഡി പാനലുകൾ. സൂപ്പർ ബൈക്കുകളുടേതുപോലുള്ള ഡേ ടൈം റണ്ണിങ് ലാംപോടുകൂടിയ വലിയ എൽഇഡി ഹെ‍ഡ്‌ലൈറ്റാണ്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ പെട്ടെന്നു നോട്ടം ഉടക്കുന്നതും ഇവിടെത്തന്നെ. ബിഎമ്മിന്റെ െഎ3 മോഡലിനെ അനുസ്മരിപ്പിക്കുന്നുണ്ടിത്. മുൻ ഏപ്രണിനു വശത്ത് താഴെയായി കുത്തനെയാണ് ഇൻഡിക്കേറ്റർ നൽകിയിരിക്കുന്നത്. വലിയ വിൻഡ് ഷീൽഡും വീതിയും ഉയരവുമേറിയ ഹാൻഡിൽ ബാറുമാണ്. വിൻഡ്‌ഷീൽഡിന്റെ ഉയരം ക്രമീകരിക്കാനാവില്ല. എൻ‌ഡ്‌വെയ്റ്റോടുകൂടിയ ഹാൻഡിൽ ബാറിന്റെയും അതിലെ സ്വിച്ചുകളുടെയും ക്വാളിറ്റി കാണേണ്ടതുതന്നെ.

bmw-c400gt-3

 

രണ്ടു തട്ടായി ക്രമീകരിച്ചിരിക്കുന്ന സീറ്റും ജിടി എന്ന എഴുത്തോടുകൂടിയ വലിയ ടെയിൽ പാനലും സ്പോർട്ടി സൈലൻസറുമൊക്കെയായി കാഴ്ചയ്ക്കു വിരുന്നാണ് വശവും പിൻഭാഗവും. എൽഇടി ടെയിൽ ലാംപിന്റെയും ഇൻഡിക്കേറ്ററിന്റെയും ഡിസൈൻ അതിമനോഹരം. 6.5 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയിൽ സ്കൂട്ടറിന്റെ ഒട്ടുമിക്ക വിവരങ്ങളും ലഭ്യമാകും. സ്മാർട് ഫോൺ കണക്ടിവിറ്റിയും ടേൺ–ബൈ–ടേൺ നാവിഗേഷൻ അടക്കമുള്ള സംവിധാനങ്ങളുമുണ്ട്. ഫിറ്റ് ആൻഡ് ഫിനിഷും പെയിന്റ് ക്വാളിറ്റിയും സൂപ്പർ. 150/70 സെക്‌ഷൻ ടയറും വലിയ എക്സോസ്റ്റും പിൻകാഴ്‌ചയിലും മാസ് ലുക്കാണ് 400 ജിടിക്കു നൽകുന്നത്.

 

സ്റ്റോറേജ് സ്പേസ്

bmw-c400gt-7

 

bmw-c400gt-2

മുന്നിൽ ഹാൻഡിൽ ബാറിനു താഴെയായി അടച്ചുറപ്പുള്ള രണ്ട് ഗ്ലവ് ബോക്സുകളുണ്ട്. മൊബൈൽ ഫോണും പഴ്സും മറ്റു ചെറിയ സാമഗ്രികളുമൊക്കെ ഇതിൽ വയ്ക്കാം. വലത്തേ ഗ്ലവ് ബോക്സിൽ 12 വോൾട്ട് സോക്കറ്റും യുഎസ്ബി ചാർജിങ് പോർട്ടുമുണ്ട്. സീറ്റിനടിയിൽ വലിയ സ്റ്റോറേജ് സ്പേസുണ്ട്. ഫ്ലെക്സ് കെയ്സ് എന്നാണ് ബിഎം‌ഡ‌ബ്ല്യു ഇതിനെ വിശേഷിപ്പിക്കുന്നത്. സീറ്റിനടിയിലെ സ്റ്റോറേജ് ഇടം കൂട്ടാവുന്ന തരത്തിലാണു ക്രമീകരണം. വാഹനം നിർത്തിയിരിക്കുമ്പോഴേ ഇത് കൂട്ടാൻ പറ്റുകയുള്ളൂ. സ്റ്റോറേജ് ഇടം താഴേക്കു കൂട്ടുകയാണു ചെയ്യുന്നത്. ഒരു ലോക്ക് വഴിയാണിതു പ്രവർത്തിപ്പിക്കുന്നത്. ഫുൾ ഫെയ്സ് ഹെൽ‌മറ്റ് ഈസിയായി വയ്ക്കാം.  ബൂട്ട് സ്പേസ് പഴയപടി ആക്കാതെ സ്കൂട്ടർ സ്റ്റാർട്ടാക്കാനും പറ്റില്ല. വലിയ ഹെൽമറ്റിനൊപ്പം ഹാഫ് ഫെയ്സ് ഹെൽമറ്റോ ചെറിയ ലേഡീസ് വാനിറ്റി ബാഗോ ഒക്കെ വയ്ക്കാനുള്ള ഇടവുമുണ്ട്. 31 ലീറ്ററാണ് മൊത്തം സ്റ്റോറേജ് സ്പേസ്.

bmw-c400gt-5

 

എൻജിൻ

 

350 സിസി സിംഗിൾ സിലിണ്ടർ വാട്ടർ കൂൾഡ് എൻജിനാണ്. 34 ബിഎച്ച്പിയാണു കൂടിയ കരുത്ത്. ടോർക്ക് 35 എൻഎമ്മും. സിവിടി ട്രാൻസ്‌മിഷനാണ്.

 

സുഖയാത്ര

 

വലിയ സീറ്റാണ് ജിടിയുടെ മറ്റൊരു ഹൈലൈറ്റ്. പിന്നിലേക്കു ചാഞ്ഞിരിക്കാം. നടുവിനു നല്ല സപ്പോർട്ട് കിട്ടുന്ന തരത്തിലാണ് സീറ്റ് ഡിസൈൻ. വലിയ ഫുട്‌പെഗുകൾ. കാൽ നീട്ടി വയ്ക്കാവുന്ന തരത്തിലാണ് ഇതിന്റെ ഡിസൈനും ക്രമീകരണവും. പില്യൺ റൈഡർക്കും സുഖസവാരി നൽകുന്ന സീറ്റ്. വലിയ ഫുട്പെഗുകളാണ് പില്യൺ റൈഡർക്കും.

 

214 കിഗ്രാം ഭാരമുണ്ട്. പക്ഷേ, റൈഡിൽ അതത്ര ഫീൽ ചെയ്യില്ല. നിർത്തി തിരിക്കാനും വളയ്ക്കാനും വലിയ ആയാസം വേണ്ടിവരുന്നില്ല. സാധാരണ സ്കൂട്ടറിൽ കയറി ഇരിക്കുന്നതുപോലെ ഇതിൽ പറ്റില്ല. കാരണം, കാൽ വയ്ക്കാനുള്ള ഫ്ലോർ ഇതിലില്ല. അവിടെയാണ് ഫ്യൂവൽ ടാങ്കിന്റെ സ്ഥാനം. ടാങ്കിന് ഇരുവശത്തുമായാണ് ഫുട്‌ റെസ്റ്റ്. വലിയ ഫുട് റെസ്റ്റാണ്. ഹൈവേയിൽ ക്രൂസ് െചയ്യുമ്പോൾ റിലാക്സായി കാൽ നീട്ടി ഇരിക്കാൻ പാകത്തിൽ മുൻ ഏപ്രണിലേക്കു കയറി നിൽക്കുന്ന രീതിയിൽ ഫുട് റെസ്റ്റ് നൽകിയിട്ടുണ്ട്. റൈഡ് മോഡുകൾ ഇല്ല. സാധാരണ സ്കൂട്ടർ ഒാടിക്കുന്നതുപോലെ. കീലെസ് സ്റ്റാർട്ടാണ്, അതുപോലെ തന്നെ കീലെസ് ആയി ഫ്യൂവൽ ഫില്ലർ ക്യാപ്പും തുറക്കാം. 

 

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ സ്കൂട്ടറാണിത്. എന്നിരുന്നാലും റൈഡിൽ 400 ജിടി വളരെ സിംപിളാണ്. മാസ് ലുക്കെങ്കിലും ഈസിയായി കൈകാര്യം ചെയ്യാം. ഉഗ്രൻ പവർ ഡെലിവറിയാണ്. ത്രോട്ടിൽ കൊടുത്താൽ പറന്നു കയറും. മാത്രമല്ല, ഉഗ്രൻ എക്സോസ്റ്റ് നോട്ടും. വളവുകളൊക്കെ കൂളായി വീശിയെടുത്തു പോകാം. മൂന്നക്ക വേഗത്തിലേക്ക് ഞൊടിയിടയിൽ 400 ജിടി കയറുന്നുണ്ട്. 

 

ടെലിസ്കോപ്പിക് സസ്പെൻഷനാണ് മുന്നിൽ. പിന്നിൽ പ്രീ ലോഡ് അഡ്‌ജസ്റ്റ് ചെയ്യാവുന്ന സ്പ്രിങ് ലോഡഡ് സസ്പെൻഷനും. സ്റ്റെബിലിറ്റിയുടെ കാര്യത്തിലും റൈഡ് കംഫർട്ടിന്റെ കാര്യത്തിലും 400 ജിടി മികച്ചു നിൽക്കുന്നു. കൂടിയ വീൽ ബേസ് സ്റ്റെബിലിറ്റിയിൽ ഗുണം ചെയ്യുന്നു. വഴുക്കലുള്ള പ്രതലത്തിലും നനഞ്ഞ പ്രതലത്തിലും മികച്ച ഗ്രിപ് ഉറപ്പു നൽകുന്ന ഒാട്ടമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (എഎസ്‌സി) സംവിധാനം ഇതിലുണ്ട്. 34 ബിഎച്ച്പി കരുത്തിൽ കുതിക്കുന്ന ജിടിയെ പിടിച്ചു നിർത്താൻ മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കുണ്ട്. പിന്നിൽ സിംഗിൾ ഡിസ്കാണ്. ഒപ്പം എബിഎസുമുണ്ട്.

 

ഫൈനൽ ലാപ്

 

ഇതുവരെ എഴ് 400 ജിടി കേരളനിരത്തിലിറങ്ങിയിട്ടുണ്ട്. നഗരയാത്രയിൽ മെരുങ്ങുന്ന, ഹൈവേയിൽ റിലാക്സായിക്രൂസ് ചെയ്യാൻ പറ്റിയ സ്കൂട്ടർ. യാത്രാസുഖംതന്നെയാണ് ഇവന്റെ ഹൈലൈറ്റ്. ആരും നോക്കിനിന്നുപോകുന്ന ഉഗ്രൻ ഡിസൈനും മികച്ച നിർമാണ നിലവാരവും എടുത്തു പറയാം.

 

English Summary: BMW C 400 GT Test Ride Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT