ADVERTISEMENT

സെപ്‌ലിൻ എന്നൊരു ക്രൂസർ കൺസെപ്റ്റ് മോഡലിനെ ഡൽഹി ഒാട്ടോ എക്സ്പോയിൽ ടിവിഎസ് മുൻപ് അവതരിപ്പിച്ചത് വാഹനപ്രേമികളാരും മറക്കാനിടയില്ല. അത്രയും മികച്ചതായിരുന്നു അതിന്റെ ഡിസൈൻ. സെപ്ലിന്റെ പ്രൊഡക്‌ഷൻ മോഡലാണ് ടിവിഎസ് പുതിയതായി അവതരിപ്പിച്ച റോനിൻ! കൺസെപ്റ്റുമായി വ്യത്യാസമുണ്ടെങ്കിലും വിപണിയെ ഞെട്ടിക്കാനുള്ള സവിശേഷതകളുമായിട്ടാണു വരവ്. സെപ്ലിന്റെ ക്രൂസർ സ്വഭാവത്തിനൊപ്പം സ്ക്രാംബ്ലറിന്റെയും റെട്രോ ക്ലാസിക് നേക്കഡ് മോഡലുകളുടെയും ക്യാരക്ടറുകൾ കൂട്ടിയിണക്കിയാണ് റോനിനെ പരുവപ്പെടുത്തിയെടുത്തിരിക്കുന്നത്. ക്രൂസർ വിപണിയിലെ താരമായ ക്ലാസിക് 350, ഹോണ്ട ഹൈനസ് എന്നിവരടങ്ങുന്ന മോഡലുകൾക്ക് കനത്ത വെല്ലുവിളിയാകുമെന്നു സാരം. വിശദമായ ടെസ്റ്റ് റൈഡിലേക്ക്.

സൂപ്പർ ഡിസൈൻ

ടിവിഎസ് ഇതുവരെ പുറത്തിറക്കിയ മോഡലുകളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് റോനിൻ. ഡിസൈനിൽ പുതിയൊരു ഭാഷ്യം രചിച്ചിരിക്കുന്നുവെന്നു പറയാം. കാരണം, പ്രത്യേകിച്ച് ഒരു വിഭാഗത്തിൽ റോനിനെ ഉൾപ്പെടുത്താൻ കഴിയില്ല. അത്തരത്തിലാണ് ഡിസൈൻ. മുൻഭാഗത്തുനിന്നു നോക്കിയാൽ പക്കാ ക്രൂസർ. ടാങ്ക് അടക്കമുള്ള മധ്യഭാഗത്തേക്കു വന്നാൽ നേക്കഡ് ക്ലാസിക്. പിൻ ഫെൻഡറും സീറ്റുമൊക്കെ കണ്ടാൽ പക്കാ സ്ക്രാംബ്ലർ. റോനിന്റെ മറ്റു ഘടകങ്ങളിലും മേൽപറഞ്ഞ മോഡലുകളുടെ ഡിസൈൻ സാമ്യം കാണാം. 

tvs-ronin-4

വട്ടത്തിലുള്ള വലിയ ഹെഡ്‌ലാംപിലെ ടി എന്ന ഡേ ടൈം റണ്ണിങ് ലാംപാണ് മുൻ കാഴ്ചയിലെ എടുപ്പ്. ഒപ്പം, സ്വർണ നിറത്തിലുള്ള ഷോവയുെട 41 എംഎമ്മിന്റെ അപ് സൈഡ് ഡൗൺ (യുഎസ്ഡി) ഫോർക്കിലേക്കും കണ്ണു പായും. ടോപ് സ്പെക് വേരിയന്റിലാണ് ഇത് നൽകിയിരിക്കുന്നത്. ടിവിഎസ് 310 ആർആർ  മോഡലിലുള്ള ഫോർക്കാണ് ഇത്. പക്ഷേ, കാര്യമായി പരിഷ്‌കരിച്ചിട്ടുണ്ട്. റേക്ക് ആംഗിൾ കൂടിയതിനാൽ ക്രൂസർ ഫീലാണ് ഇത് നൽകുന്നത്. എടുത്തുയർന്നു നിൽക്കുന്ന ഹാൻഡിൽ ബാർ. അതിൽ ഇടത്തേക്കു മാറി നിൽക്കുന്ന മീറ്റർ കൺസോൾ ഡ്യുക്കാറ്റി സ്ക്രാംബ്ലറിനെ അനുസ്മരിപ്പിക്കുന്നു.

tvs-ronin-5

ഫുള്ളി ഡിജിറ്റൽ കൺസോളാണ്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, റൈഡ് മോഡ്, ഡിസ്റ്റൻസ് ടു എംപ്റ്റി, സ്പീഡോ–ഒാഡോ മീറ്റർ, ക്ലോക്ക്, 2 ട്രിപ് മീറ്റർ തുടങ്ങിയ വിവരങ്ങൾ അറിയാം. സൈഡ് സ്റ്റാൻഡ് അലേർട്ടുമുണ്ട് (സൈഡ് സ്റ്റാൻഡ് മടക്കിയാൽ മാത്രമേ വാഹനം സ്റ്റാർട്ടാവുകയുള്ളു. മാത്രമല്ല, സൈഡ് സ്റ്റാൻഡ് ഇട്ടാൽ വാഹനം ഒാഫാകുകയും ചെയ്യും). ടോപ് സ്പെക് വേരിയന്റിൽ മൊബൈൽ കണക്ടിവിറ്റിയുണ്ട്. ഇതിൽ ടേൺ ബൈ ടേൺ നാവിഗേഷൻ, വോയിസ് അസിസ്റ്റ്, റൈഡ് അസിസ്റ്റ്,  കോൾ അലേർട്ട്, ഇടിഎ, റൈഡ് അനാലിസിസ് തുടങ്ങിയ ഫീച്ചറുകളുണ്ട്. കോൾ അലേർട്ട് ഫീച്ചറിൽ   കോൾ കൺസോളിൽ അറിയാൻ കഴിയുന്നതിനൊപ്പം ബട്ടൺ വഴി കോൾ എടുക്കാനും കട്ട് ചെയ്യാനും കഴിയും. നിശ്ചയിച്ച റൂട്ടിലൂടെ എത്ര സമയം കൊണ്ട് എത്തുമെന്നു കാണിക്കുന്ന ഫീച്ചറാണ് ഇടിഎ (എക്സ്പെക്റ്റഡ് ടൈം ഒാഫ് അറൈവൽ).

tvs-ronin-6

മസ്കുലറായ, ക്ലാസിക് ടച്ചുള്ള 14 ലീറ്റർ ഫ്യൂവൽ ടാങ്ക്. ടിവിഎസിന്റെ ത്രീഡി ലോഗോയും ഡ്യൂവൽ ടോൺ നിറവും ഉഗ്രൻ. റിബ്ഡ് സീറ്റ് റെട്രോ ക്ലാസിക് മോഡലുകളെയും സ്ക്രാംബ്ലർ മോഡലുകളെയും ഒാർമിപ്പിക്കുന്നു. ക്ലാസിക് തീമിൽത്തന്നെയാണ് സൈഡ് പാനലുകൾ. റിയർ സെക്‌ഷൻ വളരെ സിംപിളാണ്. ക്ലാസിക് ശൈലിയിലുള്ള ഫെൻഡറും വീതിയുള്ള നേർത്ത ടെയിൽ ലൈറ്റും വേറിട്ട രൂപം നൽകുന്നു. ഒറ്റ പൈപ്പിലുള്ള ഗ്രാബ് റെയിലാണ്. കാഴ്ചയിൽ ചെറിയ അരോചകമായി തോന്നിയത് ഇതുമാത്രം. ടൂറിങ് ഗ്രാബ് റെയിൽ ആക്സസറിയായുള്ളത് അനുഗ്രഹമെന്നു പറയാം. ക്രോം ടിപ്പോടുകൂടിയ മാറ്റ് ഫിനിഷ് സൈലൻസറാണ്. ചെയിൻ കവർ ഡിസൈൻ കൗതുകമുണർത്തും. ബെൽറ്റ് ഡ്രൈവെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വലിയ കവറാണ്. ബ്ലോക്ക് ട്രഡ് ടയറുകളും 9 സ്പോക്ക് മെഷീൻ കട്ട് അലോയ് വീലുമെല്ലാം കാഴ്ചയിൽ റോറിനു നൽകുന്ന ഗെറ്റപ്പ് ഒന്നു വേറെ തന്നെ. മിററുകളുടെ ലെഗ്ഗിന്റെ ക്വാളിറ്റി എടുത്തുപറയണം. 

മൊത്തത്തിൽ ഫിറ്റ് ആൻഡ് ഫിനിഷും നിർമാണ നിലവാരവും വളരെ മികച്ചത്. ടാങ്കിനും ഫോർക്കിനുമിടയിലുള്ള ഭാഗം വൃത്തിയായി പാക്ക് ചെയ്തതുമാത്രം നോക്കിയാൽ മതി നിർമാണ നിലവാരം എത്രയുണ്ടെന്നു മനസ്സിലാക്കാൻ.

tvs-ronin-7

എൻജിൻ

225.9 സിസി 4–വാൽവ് സിംഗിൾ സിലിണ്ടർ ഒായിൽ കൂൾഡ് എൻജിനാണ്. കൂടിയ പവർ 7750 ആർപിഎമ്മിൽ 20.4 പിഎസ്. ടോർക്ക് 3750 ആർപിഎമ്മിൽ 19.93 എൻഎം. 5 സ്പീഡ് ഗിയർബോക്സാണ്. 

റൈഡ് 

795 എംഎമ്മേയുള്ളൂ സീറ്റിന്റെ ഉയരം. സീറ്റിലിരുന്നാൽ ഉയരം കുറഞ്ഞവർക്കും ഈസിയായി കാൽ നിലത്തെത്തും 160 കിലോഗ്രാമാണ് കെർബ് വെയ്റ്റ്. ഭാരം കുറവായതിനാൽ സ്റ്റാൻഡിൽ വയ്ക്കാനും നിർത്തി തിരിക്കാനുമൊക്കെ വളരെ എളുപ്പം. നിവർന്നിരിക്കാവുന്ന റൈഡിങ് പൊസിഷനാണ്. ക്ലാസിക് 350 യുടേതു പോലുള്ള റിലാക്സ്ഡ് പൊസിഷൻ.  

tvs-ronin-8

വീതിയേറിയ ഹാൻഡിൽ ബാറാണ്. സുഖകരമായ ഗ്രിപ്പുകൾ. ഗിയർ ബ്രേക്ക് ലിവറുകളുടെ അകലം മൂന്നു തരത്തിൽ ക്രമീകരിക്കാം (ഈ സൗകര്യം ടോപ് മോഡലായ ടിഡി വേരിയന്റിലേയുള്ളൂ). സൈലന്റ് സ്റ്റാർട്ട് സാധ്യമാക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടർ ഇതിലുണ്ട്. സ്മൂത്താണ് സ്റ്റാർട്ടിങ്. എക്‌സോസ്റ്റ് നോട്ട് അടിപൊളി. ഹീറോ ഹോണ്ട സ്പ്ലെൻഡർ ആദ്യ മോഡലിന്റെ ശബ്ദം കുറച്ചു ഗാംഭീര്യത്തോടെ കേട്ടാൽ എങ്ങനെയിരിക്കും, അതാണ് റോനിന്റെ എക്സോസ്റ്റ് നോട്ട് കേട്ടപ്പോൾ തോന്നിയത്. 

ടോർക്കി എൻജിനാണ്. ലോ എൻഡിലും മിഡ് റേഞ്ചിലും മികച്ച പെർഫോമൻസാണ് എൻജിൻ പുറത്തെടുക്കുന്നത്. ടോപ് ഗിയറിൽ 30–35 കിമീ വേഗത്തിൽ എൻജിനിടിക്കാതെ നീങ്ങുന്നുണ്ട്.  ഫസ്റ്റ്, സെക്കൻഡ്, തേർഡ് ഗിയറുകളിൽ ആക്സിലറേറ്റർ കൊടുക്കാതെ ക്ലച്ച് റിലീസ് ചെയ്ത് എൻജിൻ ഒാഫാകാതെ നീങ്ങാൻ കഴിയുന്ന ഗ്ലൈഡ് ത്രൂ ട്രാഫിക് സംവിധാനമുണ്ടിതിൽ. സിറ്റിയിലൂടെ കൂളായി ഒാടിക്കാം. നിവർന്നിരിക്കാവുന്നതിനാൽ ലോങ് ട്രിപ്പുകൾക്കു കംഫർട്ടാണ്. ഹൈവേയിൽ മൂന്നക്കത്തിലേക്ക് കുതിക്കുമെങ്കിലും 80–90 കിലോമീറ്ററാണ് റോനിന്റെ സുഖകരമായ വേഗം. 

tvs-ronin-3

പുതിയ ഡബിൾ ക്രാഡിൽ ഷാസിയാണ്. ഇതോടൊപ്പം ഷോവയുടെ 41 എംഎം യുഎസ്ഡി ഫോർക്കും മോണോഷോക്കും ചേർന്ന് മികച്ച റൈഡ് ക്വാളിറ്റി യാണ് റോനിൻ നൽകുന്നത്. 181 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ കുണ്ടും കുഴിയും റോനിൻ അനായാസം തരണം ചെയ്യും. ഗട്ടറുകളും ബംപുകളുമൊക്കെ വേഗത്തിൽ കയറിയിറങ്ങുമ്പോഴും വലിയ അടിപ്പൊന്നുമില്ല. നേരിയ സോഫ്റ്റ് സെറ്റപ്പ് സസ്പെൻഷനാണ്. ടാർ റോഡിലും ഗ്രാവൽ പ്രതലത്തിലും മികച്ച ഗ്രിപ്പ് കിട്ടുന്നടിവിഎസിന്റെ റെമോറ  ഡ്യൂവൽ പർപ്പസ് ടയറുകളാണ്. മുന്നിൽ 110–70 സെക്‌ഷനും പിന്നിൽ 130–70 സെക്‌ഷനും. ഇരു വീലുകൾക്കും ഡിസ്ക് ബ്രേക്കുണ്ട്. 300 എംഎം ഡിസ്കാണു മുന്നിൽ. പിന്നിൽ 240 എംഎമ്മും.  ടോപ് മോഡലിൽ ഡ്യൂവൽ ചാനൽ എബിഎസുണ്ട്. മറ്റു മോഡലുകൾക്ക് സിംഗിൾ ചാനലും. മികച്ച ഗ്രിപ്പും ഹാൻഡ്‌ലിങ്ങും നൽകുന്നതിനായി എബിഎസിന്, അർബൻ, റെയ്ൻ എന്നിങ്ങനെ രണ്ടു മോഡുകൾ നൽകിയിട്ടുണ്ട്.  വലത്തേ ഹാൻഡിലിലെ സ്വിച്ച് വഴി ഇത് തിരഞ്ഞെടുക്കാം.ഷോർട് ത്രോയുള്ള 5 സ്പീഡ് ഗിയർബോക്‌സാണ്. മാറ്റങ്ങൾ വളരെ സ്മൂത്ത്. അസിസ്റ്റ് ആൻഡ് സ്ലിപ് ക്ലച്ചാണ്. ഉയർന്ന വേഗത്തിൽ പെട്ടെന്നുള്ള ഡൗൺ ഷിഫ്റ്റിങ്ങിൽ മികച്ച നിയന്ത്രണം ഇത് ഉറപ്പു നൽകുന്നു. 

tvs-ronin-2

വേരിയന്റ്

എസ്എസ്, ഡിഎസ്, ടിഡി, സ്പെഷൽ എന്നിങ്ങനെ നാല് വേരിയന്റുകളുണ്ട്. ടിഡിയാണ് ടോപ് വേരിയന്റ്. സ്പെൽ ഒാറഞ്ച് കളർ നൽകിയിട്ടുണ്ടെന്നതാണ് ടിഡിയും ടിഡി സ്പെഷലും തമ്മിലുള്ള വ്യത്യാസം.

ആക്സസറീസ് 

ലിവർ, എൻജിൻ ഗാർഡ്, ബാർ എൻഡ് വെയ്റ്റുകൾ, ടൂറിങ് ആക്സസറീസ് എന്നിവയ്ക്കൊപ്പം റൈഡിങ് ജാക്കറ്റ്സ്, പാന്റ്സ്, ടി ഷർട്ട്, ഷൂസ്, പഴ്സ്, കീച്ചെയ്ൻ എന്നിവയുമുണ്ട്. 

tvs-ronin-1

ഫൈനൽ ലാപ്

ഒാൾ ഇൻ വൺ എന്നു വിളിക്കാവുന്ന മോഡലാണ് റോനിൻ. സിറ്റിയിൽ അനായാസം കൊണ്ടു നടക്കാവുന്ന, ഹൈവേയിൽ സുഖമായി ക്രൂസ് ചെയ്യാവുന്ന മോഡൽ.  സൂപ്പർ ഡിസൈൻ തന്നെയാണ് റോനിന്റെ എടുത്തുപറയേണ്ട സവിശേഷത. ക്ലാസിക്– സ്ക്രാംബ്ലർ– ക്രൂസർ സമന്വയം ഏച്ചുകെട്ടലായി മുഴച്ചു നിൽക്കുന്നില്ല. മറിച്ച്, കണ്ണിനു വിരുന്നാകുന്ന സുന്ദര സൃഷ്ടിയായാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം കുറഞ്ഞ വിലയും  ഉന്നത നിർമാണ നിലവാരവും  ഉഗ്രൻ റൈഡ് ക്വാളിറ്റിയും റിഫൈൻഡ് എൻജിൻ പെർഫോമൻസും കൂടിച്ചേരുമ്പോൾ റോനിൻ എതിരാളികൾക്കൊരു ഭീഷണിയാകുമെന്നുറപ്പ്.

English Summary: TVS Ronin Test Ride Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT