അടിപൊളി ഫീച്ചേഴ്സ്, ലുക്ക്; യുവാക്കളെ നോട്ടമിട്ട് ഹീറോയുടെ സ്പോർട്ടി സൂം

hero-xoom
Hero Xoom
SHARE

110 സിസി സ്കൂട്ടർ വിഭാഗത്തിൽ ഹീറോ പുതിയൊരു മോഡലുമായെത്തിയിരിക്കുകയാണ്. നിലവിൽ മാസ്ട്രോ, പ്ലഷർ പ്ലസ് എന്നീ മോഡലുകൾ ഉള്ളപ്പോഴാണ് അതേ വിഭാഗത്തിൽ മറ്റൊന്നുകൂടി. സ്വാഭാവികമായും ചോദ്യമുയരാം, എന്തിനു പുതിയ മോഡൽ? വിപണിയിൽ സക്സസ് ആകുമോ? വിശദമായ ടെസ്റ്റ് റൈഡിലേക്ക്.. 

സ്പോർട്ടി ലുക്ക് 

ഹീറോയിൽനിന്ന് ആദ്യമായാണ് ഒരു സ്പോർട്ടി സ്കൂട്ടർ എത്തുന്നത്. ഇപ്പോഴെങ്കിലും ഇങ്ങനെ തോന്നിയല്ലോ എന്നാണു സ്കൂട്ടർ ആദ്യമായി നേരിട്ടു കണ്ടൊരാൾ പറഞ്ഞത്. ശരിയാണ്. ഹോണ്ട ഡിയോയും ടിവിഎസ് എൻടോർക്കും സുസുക്കി അവിനിസും സ്പോർട്ടി ഡിസൈൻകൊണ്ടു ചെറുപ്പക്കാരുടെ ഹൃദയം കീഴടക്കുന്നതിൽ വിജയിച്ചവരാണ്. അതേ പാതയിലാണു ഹീറോ സൂമിനെ കൊണ്ടുവന്നിരിക്കുന്നത്. സ്പോർട്ടി ലൈനുകളും കട്ടുകളുമുള്ള ബോഡി പാനൽ. ഹീറോയുടെ ലോഗോയോടു ചേർന്നുനിൽക്കുന്ന തരത്തിൽ എച്ച് ആകൃതിയിലാണു ഡേ ടൈം റണ്ണിങ് ലാംപും ടെയിൽ ലാംപും ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രൊജക്ടർ ഹെഡ്‌ലാംപാണ്. 

hero-xoom-5

രാത്രിയിൽ നല്ല പ്രകാശം ചൊരിയുന്നുണ്ടിത്. മുൻ ഏപ്രണിന്റെ വശങ്ങളിൽ നൽകിയ കോർണറിങ് ലൈറ്റാണ് സൂമിന്റെ പ്രധാന സവിശേഷത. ഹാൻഡിൽ ബാറിന്റെ തിരിവും വാഹനത്തിന്റെ ചെരിവും മനസ്സിലാക്കി ഇതു പ്രകാശിക്കും. ഹാൻഡിൽ ബാർ കൗളിലാണ് ഇൻഡിക്കേറ്റർ നൽകിയിരിക്കുന്നത്. ഹാലൊജൻ ബൾബുകളാണ്. ചെറിയ ഫ്ലൈ സ്ക്രീനും ഇവിടെ നൽകിയിട്ടുണ്ട്. മൊത്തത്തിൽ മുന്നിൽനിന്നുള്ള കാഴ്ചയിൽ പക്കാ സ്പോർട്ടിയാണ്. 

സാധാരണ 110 സിസി സ്കൂട്ടറുകളെക്കാളും വശക്കാഴ്ചയിൽ സ്പോർട്ടിനെസ് കൂടുതൽ സൂമിനു തന്നെയെന്നു നിസ്സംശയം പറയാം. ആംഗുലർ ഡിസൈൻ എലമെന്റും ഫോക്സ് എയർവെന്റും ബോഡി പാനലിനോടു ചേർന്നു പോകുന്ന വലിയ ഗ്രാബ്റെയിൽ ഡിസൈനും വെറൈറ്റിയാണ്. ടെയിൽ യൂണിറ്റിന്റെ ബ്ലാക്ക് പാനലിങ് സ്പോർട്ടി ഫീൽ കൂട്ടുന്നു. മസ്കുലർ ഡിസൈൻ തീം സൈലൻസറിലും കൊണ്ടുവന്നതു രസകരമായിട്ടുണ്ട്. മൊത്തത്തിൽ ഡിസൈനിനെക്കുറിച്ചു പറഞ്ഞാൽ കിടിലൻ. 110 സിസി വിഭാഗത്തിൽ ഇത്രയും സ്പോർട്ടിയായ മറ്റൊരു മോഡൽ ഇല്ലെന്നുതന്നെ പറയാം. 

hero-xoom-3

സ്റ്റോറേജ് സ്പേസിന്റെ കാര്യത്തിലും സൂം മികച്ചു നിൽക്കുന്നു. മുൻ ഏപ്രണിൽ വലിയ കുപ്പികളോ മറ്റു സാമഗ്രികളോ വയ്ക്കാവുന്ന സ്പേസുണ്ട്. ഒാട്ടത്തിനിടയിൽ തെറിച്ചു പോകുമെന്ന ടെൻഷൻ വേണ്ട. അത്ര വലുപ്പമുണ്ട്. ഈ രണ്ടു സ്റ്റോറേജ് സ്േപസിനു മധ്യത്തിലായി അൽപം താഴെയായാണ് യുഎസ്ബി ചാർജിങ് പോർട്ട്. സീറ്റിനടിയിൽ 19.2 ലീറ്റർ ഇടമുണ്ട്. പഴയ സ്കൂട്ടറുകളെപ്പോലെ സീറ്റ് ഉയർത്തി വേണം ഇന്ധനം നിറയ്ക്കാൻ. 5.2 ലീറ്ററാണ് കപ്പാസിറ്റി. 

മൂന്നു വേരിയന്റുകൾ 

എൽഎക്സ്, വിഎക്സ്, െസഡ് എക്സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളുണ്ട്. ടോപ് വേരിയന്റായ സെഡ് എക്സിലാണ് കോർണറിങ് ലൈറ്റുള്ളത്. മാത്രമല്ല ബ്ലൂലിറ്റ് ഡിജിറ്റൽ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, അലോയ് വീൽ, യുഎസ്ബി ചാർജിങ് പോർട്ട് എന്നിവയുമുണ്ട്. 

hero-xoom-4

എൻജിൻ/റൈഡ് 

മറ്റു 110 സിസി മോഡലുകളിൽ ഉപയോഗിക്കുന്ന അതേ 110 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ്. പക്ഷേ, ട്യൂണിങ്ങിൽ മാറ്റമുണ്ട്. പെപ്പി പെർഫോമൻസാണ് ഹൈലൈറ്റ്. താഴ്ന്ന വേഗ

ത്തിൽ നേർത്ത വൈബ്രേഷൻ അറിയുന്നുണ്ടെങ്കിലും വേഗം കൂടുന്നതോടെ എൻജിൻ കൂടുതൽ സ്മൂത്താകുന്നു. 45– 50 കിലോമീറ്ററിനു മുകളിൽ ഉഗ്രൻ പെർഫോമൻസാണ്. ഒാവർടേക്കിങ് വളരെ ഈസി. 12 ഇഞ്ച് വീലാണ്. ഷാസിയും സസ്പെൻഷൻ സെറ്റപ്പുമെല്ലാം ഉയർന്ന വേഗത്തിൽ നല്ല നിയന്ത്രണം ഉറപ്പുനൽകുന്നു.108 കിഗ്രാം ഭാരമേയുള്ളൂ. കൈകാര്യം ചെയ്യാൻ എളുപ്പമുണ്ട്. വലിയ സീറ്റിൽ രണ്ടു പേർക്കു സുഖമായി ഇരിക്കാം. ഉയരം കുറഞ്ഞവർക്കും സീറ്റിലിരുന്നാൽ കാൽ നിലത്തെത്തും. വീതിയേറിയ ഫ്ലോർ ബോഡാണ്. 

hero-xoom-1

ലീറ്ററിന് 56.5 കിമീ ആണ് ഹീറോ വാഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമത. കൺസോളിൽ റിയൽ ടൈം മൈലേജ് അറിയാം. ടെസ്റ്റ് റൈഡിൽ 81 കിമീ വരെ കാണിച്ചത് ശരിക്കും അദ്‌ഭുതപ്പെടുത്തി. 

ഫൈനൽ ലാപ് 

യുവാക്കളെയാണു സൂം നോട്ടമിടുന്നത്. സ്പോർട്ടി ഡിസൈനും ഫീച്ചേഴ്സുമാണ് സൂമിനെ ഹീറോ ആക്കുന്ന ഘടകങ്ങൾ. ഒപ്പം, മികച്ച ഇന്ധനക്ഷമതയും ചേരുന്നതോടെ സൂം സൂപ്പറാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. 

English Summary: Hero Xoom Test Drive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA