ADVERTISEMENT

പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കൊരു ട്രയംഫ് ബൈക്ക്, ട്രയംഫ് പുതിയതായി അവതരിപ്പിച്ച സ്പീഡ് 400നെ അങ്ങനെ വിശേഷിപ്പിക്കാം. ട്രയംഫ് ഇന്ത്യയിലവതരിപ്പിച്ച ഏറ്റവും വിലക്കുറവുള്ള മോഡലാണ് ഇത്. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ രണ്ടു മോഡലുകളെയാണ് അവതരിപ്പിച്ചത്. സ്പീഡ് 400, സ്ക്രാംബ്ലർ 400 എക്സ്. ഇതിൽ ആദ്യം ലോഞ്ച് ചെയ്തതത് സ്പീഡ് 400 ആണ്. സ്ക്രാംബ്ലർ വരുന്ന ഒക്ടോബറിലേ നിരത്തിലെത്തൂ. വിപണിയിലെ 350 സിസി ക്രൂസറുകൾക്കും നേക്കഡ് സ്ട്രീറ്റ് മോഡലുകൾക്കും നെഞ്ചിടിപ്പേറ്റി എത്തിയ സ്പീഡ് 400 നെ വിശദമായൊന്നു കാണാം.

മോഡേൺ ക്ലാസിക്

ട്രയംഫിന്റെ മോഡേൺ ക്ലാസിക് നിരയിലാണ് സ്പീഡ് 400 ന്റെ സ്ഥാനം. സ്പീഡ് ട്വിൻ 1200, 900 എന്നിവയുടെ ഡിസൈൻ ഭാഷ തന്നെയാണ് സ്പീഡ് 400 ലും അവലംബിച്ചിരിക്കുന്നത്. ക്വാളിറ്റിയാണ് മുഖമുദ്ര. അത് ഒരോ ചെറിയ ഘടകത്തിലും പ്രകടം. ഹെഡ്‌ലാംപ് ബ്രാക്കറ്റ്, മിറർ ലെഗ്, സൈഡ് കവർ എന്നിവയിലൂടെയെല്ലാം ഒന്നു കണ്ണോടിച്ചാൽ അതു മനസ്സിലാകും. വേറൊന്നും വേണ്ട, വെൽഡിങ് മാത്രം നോക്കിയാൽ മതി നിലവാരമറിയാൻ. 

triumph-speed-1

ക്ലാസിക് രൂപമാണ് കാഴ്ചയിലെ ആകർഷണം. എന്നാൽ, കാലത്തിനൊത്തുള്ള മിനുക്കുകളുമുണ്ട്. 43 എംഎം വലുപ്പമുള്ള ഗോൾഡൻ ഫിനിഷ് യുഎസ്ഡി ഫോർക്ക്, വട്ടത്തിലുള്ള എൽഇഡി ഹെഡ്‌ലാംപ്, െഎക്കണിക് ടാങ്ക്, പിന്നിലേക്ക് ഉയർന്നു നിൽക്കുന്ന സ്പോർട്ടി സൈലൻസർ, സിംഗിൾ പീസ് സീറ്റ് എന്നിവയെല്ലാം പെട്ടെന്നു നോട്ടമുടക്കുന്ന ഘടകങ്ങളാണ്. എൽഇഡിയാണ് ലൈറ്റുകളെല്ലാം. ഡേ ടൈം റണ്ണിങ് ലാംപും നടുവിലെ സ്റ്റൈലിഷ് ലോഗോയും അടങ്ങുന്നതാണ് ഹെഡ്‌ലാംപ് യൂണിറ്റ്. അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോളാണ്. ലളിതമായ ഡിസൈൻ. അനലോഗിലാണ് സ്പീഡോ മീറ്റർ. ഡിജിറ്റൽ ടാക്കോ മീറ്റർ, ഗിയർ പൊസിഷൻ ഇന്‍ഡിക്കേറ്റർ, ക്ലോക്ക്, ട്രിപ് മീറ്റർ തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീതിയേറിയ കുഴിവു കുറഞ്ഞ ഹാൻഡിൽ ബാർ. ബാർ എൻഡ് മിററുകളാണ്. വലിയ സ്വിച്ചുകൾ. ഇടതുവശത്തുള്ള െഎ ബട്ടൺ വഴി കൺസോളിലെ വിവരങ്ങൾ മനസ്സിലാക്കാം. ഒപ്പം ട്രാക്‌ഷൻ കൺട്രോൾ ഒാഫ് ചെയ്യാനും കഴിയും.   

triumph-speed-14

എൻജിൻ

പുതിയ ടിആർ സീരീസ് 398.15 സിസി ഫോർ വാൽവ്, ഡബിൾ ഒാവർഹെഡ് ക്യാം, സിംഗിൾ സിലിണ്ടർ എൻജിനാണ് രണ്ടു മോഡലുകൾക്കും. 39.5 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 37.5 എൻഎമ്മും. ബോഷിന്റെ ഇലക്ട്രോണിക് ഫ്യൂവൽ ഇൻ‌ജക്‌ഷനും ഇലക്ട്രോണിക് ത്രോട്ടിൽ കൺട്രോളുമാണ് നൽകിയിരിക്കുന്നത്. മികച്ച ലോഎൻഡ്–മിഡ് റേഞ്ച് ടോർക്കാണ് ഈ ലിക്വിഡ് കൂൾഡ് എൻജിന്റെ സവിശേഷതയായി എടുത്തു പറയേണ്ടത്. ട്രയംഫിന്റെ മറ്റു മോഡേൺ ക്ലാസിക്കുകളുടേതുപോലുള്ള എൻജിൻ ഫിന്നും പൗഡർ കോട്ടഡ് ബ്ലാക്ക് കളർ പെയിന്റും ത്രികോണാകൃതിയിലുള്ള എൻജിൻ കെയ്സുമെല്ലാം ഈ എൻജിനെയും സവിശേഷമാക്കുന്നു.

triumph-speed-3

റൈഡ്

വീതിയേറിയ ഉയർന്ന ഹാൻഡിൽ ബാറാണ്. ഫുട്‌റെസ്റ്റ് അൽപം പിന്നിലേക്കിറങ്ങിയത് റൈഡിങ് പൊസിഷൻ അൽപം സ്പോർട്ടിആക്കുന്നു. സിംഗിൾ സീറ്റാണ്. നല്ല കുഷൻ. രണ്ടുപേർക്കു സുഖമായി ഇരിക്കാം. സിറ്റിയിലൂടെ അനായാസം കൊണ്ടുപോകാം സ്പീഡ് 400 നെ. അടിക്കടിയുള്ള ഗിയർമാറ്റം വേണ്ടിവരുന്നില്ല. മൂന്നാം ഗിയറിൽ ത്രോട്ടിൽ കൊടുക്കാതെ 20 കിമീ വേഗത്തിൽ കൂളായി നീങ്ങുന്നുണ്ട്. അഞ്ചാം ഗിയറിൽ 40–45 കിമീ വേഗത്തിൽ എൻജിനിടിക്കാതെ പോകും. ത്രോട്ടിൽ കൊടുത്താൽ ഒട്ടും ആയാസപ്പെടാതെ മൂന്നക്കത്തിലേക്ക് കയറുന്നുമുണ്ട്. 3000 ആർപിഎമ്മിൽതന്നെ 80% ടോർക്കും ലഭ്യമാകും. 6000 ആർപിഎമ്മിനു മുകളിൽ ചെറിയ വൈബ്രേഷൻ ഫീൽ ചെയ്യുന്നുണ്ട്. എങ്കിലും എതിരാളികളുമായി തട്ടിച്ചാൽ റിഫൈന്റ്മെന്റിന്റെ കാര്യത്തിൽ ഈ എൻജിൻ വേറെ ലെവലാണ്. ത്രോട്ടിൽ ബൈ വയർ സാങ്കേതികവിദ്യയാണ്. അതുകൊണ്ടുതന്നെ ത്രോട്ടിൽ റെസ്പോൺസ് വളരെ മികച്ചു നിൽക്കുന്നു. 6 സ്പീഡ് ട്രാൻസ്മിഷനും ടോർക്ക് അസിസ്റ്റ് ക്ലച്ചും ഗിയർ ഷിഫ്റ്റിങ് സ്മൂത്തും സുരക്ഷിതവുമാക്കുന്നു. സ്വിച്ചബിൾ ട്രാക്‌ഷൻ കൺട്രോളുണ്ട്. ഒപ്പം ഡ്യൂവൽ ചാനൽ എബിഎസും. പെരുമഴയത്ത് ഹെയർപിൻ വളവുകളിലും െനടുനീളൻ ഹൈവേയിലും പറപ്പിച്ചത് ഇവയുടെ ആത്മവിശ്വാസത്തിലാണ്. ഉഗ്രൻ സ്റ്റെബിലിറ്റി സ്പീഡ് 400 കാഴ്ചവയ്ക്കുന്നുണ്ട്. പെരിമീറ്റർ ഫ്രെയിമിനും യുഎസ്ഡി ഫോർക്ക്– മോണോ ഷോക്ക് സസ്പെൻഷനുമാണ് ഇതിന്റെ ക്രെഡിറ്റ്. 

triumph-speed-4

വിദേശവിപണിയിൽ മെറ്റ്സെലറിന്റെ ടയറുകളാണെങ്കിൽ ഇന്ത്യയിൽ ഇവിടത്തെ റോഡ് സാഹചര്യങ്ങൾക്കനുസൃതമായി നിർമിച്ച എംആർഎഫ്, അപ്പോളോ ടയറുകളാണ്. നല്ല ഗ്രിപ്പുണ്ടിതിന്. മണിക്കൂറിൽ 145 കിമീ ആണ് സ്പീഡ് 400 ന്റെ കൂടിയ വേഗം. മൂന്നക്ക വേഗത്തിലേക്ക് ഞൊടിയിടകൊണ്ടു കയറുന്നുണ്ട്.  

triumph-speed-6

വിൽപന

ട്രയംഫിന്റെ ഷോറൂമിൽ മാത്രമേ പുതിയ സ്പീഡ് 400 ലഭ്യമാകൂ. ബജാജുമായുള്ള സഹകരണം നിർമാണത്തിൽ മാത്രമേയുള്ളൂ. 2024 മാർച്ചോടെ ഇന്ത്യയിൽ മൊത്തം 100 പുതിയ ഷോറൂം കൂടി തുറക്കാനാണ് ട്രയംഫിന്റെ പദ്ധതി. കേരളത്തിൽ നിലവിൽ കൊച്ചിയിൽ മാത്രമാണ് ഷോറൂമുള്ളത്. വൈകാതെ മറ്റു നഗരങ്ങളിലും ഷോറൂം വരും. 16000 കിമീ ആണ് സർവീസ് ഇന്റർവെൽ. ഏകദേശം 4000–5000– രൂപയാണ് ചെലവു വരിക.

triumph-speed-5

ഫൈനൽ ലാപ്

റോയൽ എൻഫീൽഡ് ക്ലാസിക് 350, മിറ്റിയോർ, ഹണ്ടർ, സ്ക്രാം 411, ഹോണ്ട ഹൈനസ്, ബജാജ് ഡോമിനർ, കെടിഎം 390 എന്നിവർക്കെല്ലാം എട്ടിന്റെ പണിയുമായാണ് ട്രയംഫ് സ്പീഡ് 400 ന്റെ വരവ്. കുറഞ്ഞ വിലയിൽ വിഖ്യാത മോഡൽ വീട്ടിലെത്തിക്കാം എന്നതാണ് ഹൈലൈറ്റ്. ഉഗ്രൻ ഡിസൈൻ, ഉയർന്ന നിർമാണ നിലവാരം സൂപ്പർ പെർഫോമൻസ് എന്നിവ ഈ വിലയിൽ കൂടെപ്പോരും എന്നത് ചെറിയ കാര്യമല്ല. ഇന്ധനക്ഷമത ലീറ്ററിന് 29 കിമീ.

English Summary: Triumph Speed 400 Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com