ADVERTISEMENT

ജോധ്പൂരിലെ വരണ്ട റോഡുകളിലൂടെ പൊടി പിടിച്ച, ഭംഗിയില്ലാത്ത, ചതുരവടിവുള്ള കെട്ടിടങ്ങള്‍ പിന്നിട്ട് രാജകീയമായ ഗേറ്റിനു മുന്നിലെത്തി. കൊളോണിയല്‍ കാലത്തെ സേവകര്‍ക്കിണങ്ങുന്ന വേഷവിധാനങ്ങളുള്ള കാവല്‍ക്കാര്‍ വലിയ ഗേറ്റ് തള്ളിത്തുറന്നത് ഉള്ളു തണുപ്പിക്കുന്ന മരുപ്പച്ചയിലേക്ക്. സ്വര്‍ഗവാതില്‍ തുറന്നതു പോലെ. കല്ലുപാകിയ പാതയുടെ ഇരുവശങ്ങളിലും മരങ്ങളും വള്ളികളും പൂച്ചെടികളും പുല്‍ത്തകിടികളും. അങ്ങു ദൂരെ തലയെടുത്തു നില്‍ക്കുന്ന കോട്ടയും കൊത്തളങ്ങളും. ഇതാണ് ഖിംസാര്‍ കോട്ട. ഖിംസാര്‍ രാജവംശത്തിന്റെ ആസ്ഥാനം. ആഢംബരത്തിെന്റ പ്രൗഢ ഗരിമ.

∙ പിന്നോട്ട് ഒരോട്ടം

khimsar
Khimsar fort

11 ഏക്കറില്‍ പരന്നു കിടക്കുന്ന കോട്ടയ്ക്കുള്ളില്‍ മധ്യകാല യൂറോപ്പിനെയും മുഗള്‍, രാജസ്ഥാനി വാസ്തു വിദ്യകളെയും അനുസ്മരിപ്പിക്കുന്ന ഉയരമുള്ള വലിയ കെട്ടിടങ്ങള്‍. ജോധ്പൂര്‍ സ്ഥാപകന്‍ റാവു ജോധാജിയുടെ പുത്രന്‍ റാവു കരംസിജി പതിനാറാം നൂറ്റാണ്ടില്‍ പണിത കോട്ടകൊട്ടാരങ്ങള്‍. െഎടിസി നടത്തുന്ന ഹെറിറ്റേജ് ഹോട്ടലാണിതിപ്പോള്‍. സേവകരെല്ലാം പഴയ രാജഭൃത്യരുടെ പിന്മുറക്കാര്‍. ഇപ്പോഴത്തെ തമ്പുരാനും കുടുംബവും വാണരുളുന്നത് ഇതിലൊരു കൊട്ടാരത്തില്‍ത്തന്നെ. ഇവിടെയെത്തുന്ന അതിഥികള്‍ക്ക് അതുകൊണ്ടുതന്നെ രാജാവിന്റെ സ്വന്തം അതിഥികളായി രാജതുല്യരായി ജീവിക്കാം.

∙ രാജതുല്യം എസ് പ്രസോ

കൊട്ടാരം വിചാരിപ്പ് ഐടിസിയെപ്പോലെ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും. ഹോട്ടലിന്റെ  ദൈനംദിന നടത്തിപ്പിനു വേണ്ട സോപ്പും ചീപ്പും മുതല്‍ പഴച്ചാറും ഗോതമ്പു പൊടിയും വരെ ഐടിസി നിര്‍മിക്കുന്നുണ്ട്. അതു പോലെയല്ലേ മാരുതിയും? ഇന്ത്യയിലെ കാര്‍ വിപണിയുടെ പാതിയിലുമേറെ അവരുടെ സ്വന്തം. ബാക്കിയുള്ളവരെല്ലാം കൂടി കയ്യാളുന്നതിലും കാറുകള്‍ മാരുതി ഉണ്ടാക്കുന്നു. ഏതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വേണ്ട കാറുകള്‍. ഇതിലെ ഒരു ചെറിയ വിടവാണ് എസ് പ്രസോ അടയ്ക്കുന്നത്.

∙ മിനിയാണോ? അതോ മൈക്രോയോ?

spresso
Suzuki S Presso

ഔറംഗസീബിന്റെ രഥചക്രങ്ങള്‍ പതിഞ്ഞ കല്‍പ്പാതയില്‍ മാരുതിയുടെ ഏറ്റവും പുതിയ എസ് പ്രസോ തിളങ്ങിക്കിടക്കുമ്പോള്‍ സംശയം. ഇത് കാറല്ല, എസ് യു വിക്കൊത്ത വലുപ്പവുമില്ല. ബ്രെസ മിനി എസ് യു വിയാണെങ്കില്‍ എസ് പ്രസോ മൈക്രോയല്ലേ? അല്ല, കാരണം വലുപ്പത്തിലും കാഴ്ചയിലും ബ്രെസയുടെ തലയെടുപ്പുണ്ടെങ്കിലും  3.69 ലക്ഷം എന്ന വില കൊണ്ടു മാത്രം മൈക്രൊയാണ് എസ് പ്രസോ. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ സാന്നിധ്യം കൊണ്ടു പല തവണ ധന്യമായ കോട്ടയെ എസ് പ്രസോ ഒറ്റത്തവണ കൊണ്ട് അതി  ധന്യമാക്കുന്നത് അങ്ങനെയാണ്. ചരിത്രത്തില്‍ മായാത്ത ഇടംപിടിക്കും എന്നുറപ്പുള്ള എസ് പ്രസോ എന്ന പുതു മാരുതി മാധ്യമങ്ങള്‍ക്കായി അവതരിപ്പിച്ചത് ഇവിടെയായത് ചരിത്രത്തിന്റെ മറ്റൊരു ആവര്‍ത്തനം.

∙ കടുത്ത എതിരാളി; ഉറക്കം കെടുത്തും

maruti-spresso-1
S Presso

ഈ വിഭാഗത്തില്‍ എതിരാളികളില്ലാതെ വിപണിയിലിപ്പോള്‍ നിഗളിക്കുന്നവര്‍ക്ക് ഇനി നിദ്ര നിശയിലുമില്ല. ബ്രെസ വരെ പോകാന്‍ കെല്‍പില്ലാത്തവര്‍ക്കു മാത്രമുള്ള സ്വര്‍ഗമല്ല എസ് പ്രസോ. പുതു തലമുറയുടെ സാഫല്യമാണ്. 24 മണിക്കൂറും വെബില്‍ ചിലവിടുന്ന, മൊബൈല്‍ ആപുകള്‍ എടുത്ത് അമ്മാനമാടുന്ന, ഇഷ്ടമില്ലാത്തതൊക്കെ നിഷ്‌കരുണം ഡിലീറ്റ് ചെയ്യുന്ന, പുത്തന്‍ ബ്രാന്‍ഡുകളെയും ഫാഷന്‍ ട്രെന്‍ഡുകളെയും നെഞ്ചിലേറ്റുന്ന മില്ലേനിയല്‍സ് കണ്ടാല്‍ കൊതിക്കും. ഓടിച്ചു നോക്കിയപ്പോഴാണ് ഉറപ്പിച്ചത് ഇതു കിടിലന്‍. മികച്ച ഡ്രൈവബിലിറ്റി, ഹാന്‍ഡ് ലിങ്, യാത്രാസുഖം... പ്രീമിയം ഉള്‍വശം, സ്‌പോര്‍ട്ടി എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം, സൂപ്പര്‍ ഇക്കോണമി എന്ന് ആശ്വസിക്കാവുന്ന ഇന്ധനക്ഷമത: 22 കി മി. പോരേ ?

∙ ഓഫ് റോഡിങ്ങില്ല, രൂപത്തില്‍ എസ് യു വി

ചെറു കാറുകളുടെ കാര്യത്തില്‍ അഗ്രഗണ്യരായ സുസുക്കിയുടെ ഈ ശ്രമത്തില്‍ ഇന്ത്യക്കാരുടെ കരങ്ങളുണ്ട്. എസ് പ്രസോ രൂപകല്‍പന ചെയ്തത് ഇന്ത്യക്കാരാണ്. ജപ്പാന്‍കാരുടെ മേല്‍നോട്ടം. ചുവപ്പ്, നീല, ഓറഞ്ച് ഇത്യാദി വെടിക്കെട്ടു നിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന എസ് പ്രസോ ആദ്യ കാഴ്ചയിലേ ബോധിക്കും. പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്. വലിയ ഗ്രില്ലും ബോണറ്റും ഉയര്‍ന്ന രൂപഭംഗിയും. ബ്രെസയുടെയും ഇഗ് നിസിന്റെയും വിദൂരഛായകള്‍ തോന്നിയാല്‍ അതു യാദൃശ്ഛികമല്ല. ഒരേ കുടുംബഭംഗി നിലനിര്‍ത്താന്‍ ചെയ്ത ശ്രമമാണ്. എന്തായാലും എസ് യു വികളുടെ നിരയില്‍ വാലറ്റത്തായി സുസുക്കിക്ക് അന്തസോടെ പാര്‍ക്കു ചെയ്യാവുന്ന വാഹനമാണ് എസ് പ്രസോ.

∙ ചെറുതെങ്കിലും വലുതാണ്

maruti-spresso
Maruti Suzuki S Presso

മാരുതിയുടെ എല്ലാ ആധുനിക വാഹനങ്ങളും നിര്‍മിച്ചിട്ടുള്ള ഹാര്‍ട് ടെക് പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. മറ്റു ചെറു കാറുകളെ അപേക്ഷിച്ച് ഉള്ളില്‍ ധാരാളം വലുപ്പം ലഭിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതത്രെ. ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കയറാനും ഇറങ്ങാനും വളരെയെളുപ്പം. വലിയ കാറുകളോടു കിട പിടിക്കുന്ന ലെഗ് റൂം, വലിയ സീറ്റുകള്‍, ആവശ്യത്തിനു സ്ഥലമുള്ള ഡിക്കി. പിന്‍ സീറ്റുകള്‍ക്ക് പവര്‍ വിന്‍ഡോയില്ല. മുന്‍ പവര്‍ വിന്‍ഡോ സ്വിച്ച് ഇന്നു വരെ ഒരു കാറിലും കണ്ടിട്ടില്ലാത്ത സ്ഥാനത്ത്, ഡാഷ് ബോര്‍ഡില്‍ ഹസാര്‍ഡ് ലൈറ്റിന് ഇരുവശത്തുമായി. പുറം കാഴ്ചയില്‍ കുറച്ചു കൂടി വലിയ അലോയ് വീലുകള്‍, 15 ഇഞ്ചെങ്കിലും, ഉള്‍ക്കൊള്ളാന്‍ എസ് പ്രസോയ്ക്ക് സാധിക്കും എന്ന തോന്നലുണ്ടാക്കുന്നു. അലോയ് വീലുകളോ എന്നു തോന്നിപ്പിക്കുന്ന ഇപ്പോഴത്തെ അതിമനോഹര ഡിസൈന്‍ മോശമാണെന്നല്ല പറഞ്ഞതിനര്‍ത്ഥം.

∙ മില്ലെനിയല്‍ ഉള്‍വശം

maruti-suzuki-spresso-2
Maruti Suzuki S Presso

സെന്റര്‍ കണ്‍സോളും ഡാഷ് ബോര്‍ഡുമാണ് പ്രഥമദൃഷ്ടിയില്‍ ഉള്ളിലെ ആകര്‍ഷണം. വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോളിന് വലയമിടുന്ന ബഹു വര്‍ണങ്ങള്‍. ബോഡി കളര്‍ തന്നെ ചില നിറങ്ങള്‍ക്ക്, അല്ലാത്തവയ്ക്ക് സില്‍വര്‍. ഓറഞ്ച് നിറത്തിലുള്ള വലയമാണ് ഏറ്റവും ഡൈനാമിക്. വലിയ ഡിജിറ്റല്‍ സ്പീഡോ, തൊട്ടു താഴെ ഓണ്‍ബോര്‍ഡ് കംപ്യൂട്ടര്‍ ഡിസ്‌പ്ലേ. ടച് സ്‌ക്രീന്‍ സ്റ്റീരിയോയുടെ സവിശേഷത മാരുതിയുടെ സ്മാര്‍ട്‌പ്ലേ സ്റ്റുഡിയോ. ഈ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ വച്ചാല്‍ കാറിന്റെ സ്‌ക്രീനില്‍ ബീമറും ബെന്‍സും നല്‍കുന്ന വെഹിക്കിള്‍ സ്റ്റാറ്റിസ്റ്റിക്‌സ് അടക്കം കാണാം. ഗൂഗിള്‍ മാപ്പിനെ വെല്ലുന്ന നാവിഗേഷന്‍ സംവിധാനവും സ്റ്റീരിയോയുമടക്കം എല്ലാം തൊട്ടു നിയന്ത്രിക്കാം.

∙ ഫിനിഷ് ? പറയാതെ വയ്യ

maruti-suzuki-spresso-1
Maruti Suzuki S Presso

പ്ലാസ്റ്റിക് നിലവാരം പ്രീമിയം കാറുകള്‍ക്കു തുല്യം. ഡാഷ് ബോര്‍ഡിലടക്കം ട്രിമ്മുകള്‍ക്ക് വിവിധ ഡിസൈന്‍ പാറ്റേണുകള്‍. ആവശ്യത്തിന് സ്‌റ്റോറേജ്. സ്ലിം ആണെങ്കിലും ഇരിക്കാനും കാണാനും സുഖമുള്ള സീറ്റുകള്‍. മാരുതി ഇക്കാര്യങ്ങളില്‍ സ്വീകരിച്ചിട്ടുള്ള കടുത്ത നിഷ്‌കര്‍ഷ സ്റ്റീരീയോ സിസ്റ്റം മുതല്‍ ഒരോരോ ചെറിയ കാര്യങ്ങളിലും പ്രതിഫലിക്കുന്നു. സ്റ്റീയറിങ്ങില്‍ സ്റ്റീരിയോ, ഫോണ്‍ നിയന്ത്രണം. സൂക്ഷിച്ചു നോക്കാതെ തന്നെ പിടി കിട്ടും ഈ സ്റ്റീയറിങ് മാരുതിയുടെ പ്രീമിയം മോഡലുകളില്‍ നിന്നു കടം കൊണ്ടതാണ്. മനോഹരമായ ഈ സ്റ്റീയറിങ് കൂടച്ചേരുമ്പോള്‍ ഡാഷ്‌ബോര്‍ഡ് പ്രീമിയം.

∙ കൊട്ടാരം വിട്ടാല്‍

spresso-1
Maruti Suzuki S Presso

വലിയ ഗേറ്റുകടന്ന് ദേശീയപാത 62 ലേക്ക് നിങ്ങുമ്പോള്‍ ശ്രദ്ധിക്കുക. ഇവിടെ കന്നുകാലികള്‍ മേയുന്നത് പുല്‍ത്തകിടിയിലല്ല ഹൈവേയിലാണ്. റോഡില്‍ സ്വൈര്യ വിഹാരം നടത്തുന്ന പശുക്കളും കാളകളും എരുമകളും പോത്തുകളും എപ്പോള്‍ വേണമെങ്കിലും തൊട്ടുമുന്നിലെത്തും. ഹോണടിച്ചാല്‍ എന്തെടേ എന്ന പുച്ഛഭാവമുമായി മെല്ലെ നടന്നു മാറുന്നവയുണ്ട്, ഒരടി മാറാന്‍ കൂട്ടാത്തവയുണ്ട്; ഓടിക്കുന്നവന്റെ ഭാഗ്യം പോലെയിരിക്കും പ്രതികരണം. കന്നുകാലികളെക്കണ്ട് വെട്ടിച്ചു മാറാന്‍ ശ്രമിച്ച് തലകുത്തി മറിഞ്ഞു കിടക്കുന്ന വലിയ രാജസ്ഥാന്‍ ട്രക്കുകളും ബലിയാടായി ചത്തു കിടക്കുന്ന കന്നുകാലികളും വഴിയോര കാഴ്ചകള്‍.

∙ എന്താ ശക്തി, എന്താ കയ്യടക്കം

spresso-2
Maruti Suzuki S Presso

എസ് യു വികളെപ്പോലെ ഉയര്‍ന്നുള്ള ഡ്രൈവിങ്് പൊസിഷന്‍. കെ സീരീസ് 1 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ എന്‍ജിന് 50 കിലോ വാട്ട്. 726 കിലോ മാത്രം തൂക്കമുള്ള എസ് പ്രസോയെ സ്‌പോര്‍ടസ് കാറിനു തുല്യം പായിക്കാന്‍ ഈ എന്‍ജിന് പുല്ലു പോലെ കഴിയും. ഉയരം കൂടുതലാണെങ്കിലും റോഡ് ഗ്രിപ് തെല്ലും കുറവില്ല. ഉയര്‍ന്ന വേഗത്തിലും നല്ല റോഡ് ഗ്രിപ് ഡ്രൈവര്‍ക്ക് അനുഭവപ്പെടും. എ ബി എസ് ബ്രേക്കിങ് കൂടുതല്‍ ആത്മവിശ്വാസമേകുന്നു. ഗിയറുകളില്‍ നിന്നു ഗിയറുകളിലേക്ക് കുതിക്കുന്നതിനിടയില്‍ ഗിയറൊന്നു താഴ്തി ഓവര്‍ടേക്കിങ് ശേഷി അനായാസം കൈപ്പിടിയിലെത്തിക്കാം. എ എം ടി മോഡലാണെങ്കില്‍ പരമസുഖം. ഏറ്റവും നന്നായി എ എം ടി ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത് മാരുതിയാണ്. ശരിയായ ഓട്ടമാറ്റിക്കുകള്‍ സുല്ലിടുന്ന കൃത്യത. മില്ലേനിയല്‍സ്... കാഴ്ചയില്‍ മാത്രമല്ല ഡ്രൈവിങ്ങിലും എസ് പ്രസോ നിങ്ങളെ ത്രസിപ്പിക്കുമെന്നുറപ്പ്.

∙ സുരക്ഷ, ആക്ഷേപങ്ങള്‍ വെറുതെ

കുറച്ചു നാളുകളായി മാരുതിക്കെതിരേ നടക്കുന്ന വ്യാജപ്രചാരണമാണ് സുരക്ഷയില്ലെന്നുള്ളത്. ഇടിച്ചാല്‍ മാരുതികള്‍ തകര്‍ന്നു പോകുന്നുവെന്നാണ് തല്‍പരകക്ഷികളുടെ കുപ്രചാരണം. എന്നാല്‍ മനസ്സിലാക്കുക. ഇടിച്ചാല്‍ തകരാന്‍ വേണ്ടിത്തന്നെയാണ് ചില ഘടകങ്ങള്‍ ആധുനിക വാഹനങ്ങളില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്രംബിള്‍ സോണ്‍ എന്നറിയപ്പെടുന്ന ഈ ഭാഗങ്ങള്‍ തകര്‍ന്ന് ഇടിയുടെ ആഘാതം ഒരു സ്‌പോഞ്ചു പോലെ ഏറ്റെടുക്കും. യാത്രക്കാര്‍ ഇരിക്കുന്ന ഭാഗം സേഫ്റ്റി കേജ് ആയി സുരക്ഷ നല്‍കും. ഇതാണ് ശാസ്ത്രം. ഇതിനു പുറമെ എ ബി എസ്, എയര്‍ ബാഗ്, ഇ എസ് പി എന്നിവയുടെ സുരക്ഷയുമുണ്ട്. അടുത്ത തവണ റോഡില്‍ തവിടു പൊടിയായിക്കിടക്കുന്ന കാറു കണ്ടാല്‍ ഊഹിച്ചോളൂ യാത്രക്കാര്‍ സുരക്ഷിതരായി രക്ഷപെട്ടിരിക്കും. ദൗര്‍ഭാഗ്യകരമായ അവസ്ഥകളില്‍, അമിത വേഗതയില്‍ സേഫ്റ്റി കേജിനും രക്ഷിക്കാനാവാത്ത സംഭവങ്ങളുമുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ എത്ര ആഢംബര കാറിനും ജീവന്‍ രക്ഷിക്കാനായെന്നു വരില്ല.

∙ ഇല്ലാത്ത ചില പൊല്ലാപ്പുകള്‍

ഈ വിലയ്ക്ക് ഇതൊക്കെത്തന്നെ അധികമാണെന്നറിയാം. എന്നാല്‍ വരും കാലത്തേക്ക് ഇവ കൂടി ഘടിപ്പിച്ചാല്‍ പിന്നെ ആഢംബര കാറുകള്‍ ഒഴിവാക്കി നഗരത്തിലേക്കുള്ള സ്ഥിരം കാറായി എസ് പ്രസോ ഉപയോഗിക്കാമായിരുന്നു. ഇലക്ട്രിക് കണ്‍ട്രോളുള്ള വിങ് മിററുകള്‍, സണ്‍ൈവസറില്‍ രണ്ടിലും വാനിറ്റി മിററും ൈലറ്റും, പിന്നിലൊരു എ സി വെന്റ്, പിന്നില്‍ പവര്‍ വിന്‍ഡോ, എല്ലാ സീറ്റുകള്‍ക്കും ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകള്‍, 15 ഇഞ്ച് അലോയ്‌സ്, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്. ആഢംബര വാഹനങ്ങള്‍ക്കൊപ്പം രണ്ടാം കാറായി എസ് പ്രസോ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പ്രചോദനമാകും. അങ്ങനെയെന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ ഡാഷ് ബോര്‍ഡില്‍ നിന്നു മുന്‍ പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ഏതെങ്കിലും സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിലേക്ക് മാറ്റുന്നതും പരിഗണിക്കാം; ഇത് കണ്‍ഫ്യൂസിങ്ങാണ്. പ്രത്യേകിച്ച് രണ്ടു കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നവര്‍ക്ക്.

Photos: Vivek Venugopal, petrobug.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com