നാടുവാഴാൻ സിറ്റി ഹൈബ്രിഡ്: മൈലേജ് 27.13 കി.മീ.

SHARE

ടോയോട്ടയും സുസുക്കിയും എസ്‌യുവികളിൽ കൊണ്ടുവന്ന ഹൈബ്രിഡ് തരംഗം കാറുകളിലേക്കു പകരാൻ ഹോണ്ട. വില കുറച്ച് സൗകര്യങ്ങളും ഭംഗിയും ഉയർത്തിയെത്തുന്ന പുതിയ സിറ്റി, ഹൈബ്രിഡ് സെഡാൻ തേടുന്നവരുടെ ആഗ്രഹം സഫലമാക്കുന്നു. സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികതയിൽ ലോകത്ത് ഏറ്റവും‘സ്ട്രോങ്ങായ’ ജപ്പാനിൽനിന്നു തന്നെയെത്തുന്ന സിറ്റി, സെഡാൻ കാറുകളുടെ വിധി തന്നെ തിരിച്ചു വിട്ടേക്കാം.

honda-city-12

സെഡാനെക്കാൾ പ്രിയം എസ്‌യുവി

ഇന്ത്യയിൽ സെഡാനുകളെക്കാള്‍ ജനപ്രീതി എസ്‌യുവികൾക്കാണ്. എസ്‌യുവി എന്നാൽ യഥാർഥ എസ്‌യുവിയല്ല, എസ്‌യുവി സ്റ്റൈലിങ് ഉള്ള വാഹനങ്ങൾ. ഹ്യുണ്ടേയ് ക്രേറ്റ തുടക്കമിട്ട ഈ വിഭാഗത്തില്‍ ഇന്ന് ഏതാണ്ടെല്ലാ നിർമാതാക്കൾക്കും പല വലുപ്പത്തിലായി ഒന്നിലധികം മോഡലുകളുണ്ട്. ഒരു കാലത്ത് സെഡാനുകൾക്കുണ്ടായിരുന്ന മേൽക്കൈ ഈ വാഹനങ്ങൾ സ്വന്തമാക്കിയതോടെ സെഡാനുകൾ പലതും ഇല്ലാതെയായി. നിസ്സാൻ സണ്ണിയും റെനോ സ്കാലയുമൊക്കെ ഈ എസ്‌യുവി തള്ളലിൽ പുതിയ മോഡലുകളിറക്കാതെ പണിയവസാനിപ്പിച്ചു. ഹോണ്ട സിവിക്കും അക്കോർഡുമൊക്കെ ഇങ്ങനെ വിൽപനയില്ലാതെ സ്റ്റാൻഡു വിട്ടവരാണ്.

Honda-city-hybrid

വിലക്കൂടുതൽ ഇനി പ്രശ്നമല്ല

താങ്ങാനാവാത്ത വിലയായിരുന്നു സിറ്റി ഹൈബ്രിഡിന്റെ പഴയ മോഡലിന്റെ പ്രശ്നമെങ്കിൽ പുതിയ സിറ്റിയിൽ ഈ പ്രശ്നം രമ്യമായി പരിഹരിച്ചു. ഏറ്റവും ഉയർന്ന സെഡ് എക്സ് മാത്രമായിരുന്നു പണ്ട് ഹൈബ്രിഡെങ്കിൽ ഇപ്പോൾ വി മോഡലിലും ഹൈബ്രിഡ് ലഭിക്കും. അതുകൊണ്ട് വില 18.89 ലക്ഷത്തിൽ പിടിച്ചു നിർത്താനായി. ഏതാണ്ടെല്ലാ ആഡംബരങ്ങളുമുള്ള ഈ മോഡലിന് ടൊയോട്ട ഹൈറൈഡറിനോടും സുസുക്കി ഗ്രാന്‍ഡ് വിറ്റാരയോടും ഇനി നേർക്കു നേര്‍ പോരാടാം. ഏറ്റവും കൂടിയ മോഡലിനും 20.39 ലക്ഷമായി വില പരിമിതപ്പെടുത്തിയിരിക്കുന്നു.

honda-city-2

എന്താണ് ഹൈബ്രിഡിന്റെ മെച്ചം ?

സ്ട്രോങ് ഹൈബ്രിഡ് എന്നാൽ പെട്രോള്‍ എൻജിനും ഇലക്ട്രിക് മോട്ടറും സെൻസറുകളും ബാറ്ററിയുമൊക്ക ചേർന്ന സംവിധാനമാണ്. ഇലക്ട്രിക് വാഹനങ്ങളെപ്പോലെ വലിയ വിലപിടിപ്പുള്ള ബാറ്ററിയില്ല. മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. മോട്ടറിന്‍റെ ശക്തി പോരാതെ വരുമ്പോഴും വേഗം കൂടുമ്പോഴും എൻജിൻ കൂടി പ്രവർത്തിക്കും. അല്ലാത്തപ്പോൾ ബാറ്ററി ചാർജ് ചെയ്യുകയാണ് എൻജിന്റെ മുഖ്യധർമം. മുഖ്യ പ്രയോജനം ഇന്ധനക്ഷമത. 27.13 കി.മീയാണ് സിറ്റിയുടെ മൈലേജ്. കൊച്ചു കാറായ ഓള്‍ട്ടൊയെപ്പോലും പിന്നിലാക്കും. ഇലക്ട്രിക് വാഹനങ്ങളെപ്പോലെ ചാർജിങ്ങും ആവശ്യമില്ല. ഓട്ടമാറ്റിക് ഗിയറുമാണ്.

honda-city-5

സെൻസിങ്ങാണ് മർമം

ഹോണ്ട സെൻസിങ് സംവിധാനമാണ് ഹൈബ്രിഡിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. മുന്നിലെ വാഹനത്തെ ഇടിക്കാതിരിക്കാനുള്ള ബ്രേക്കിങ്, റോഡിൽനിന്ന് ഇറങ്ങിപ്പോയാൽ തിരികെ കയറ്റാനും ലൈനിനുള്ളിൽത്തന്നെ വാഹനത്തെ നിർത്താനുമുള്ള സംവിധാനം, പ്രായോഗിക അവസ്ഥകൾക്കനുസരിച്ച് സ്വയം ക്രമീകരിക്കുന്ന ക്രൂസ് കൺട്രോള്‍ എന്നിങ്ങനെ ധാരാളം ഏർപ്പാടുകൾ അടങ്ങുന്നതാണ് ഹോണ്ട സെൻസിങ്.

honda-city-6

പുതിയ മോഡലിൽ എന്തൊക്കെ മാറ്റം?

പുതിയ ഗ്രിൽ, കാർബൺ ഫിനിഷുള്ള എയർഡാം, എൽ രൂപത്തിലുള്ള ഹെഡ് ലാംപ്, റിയർ ലാംപ്, സ്പോയ്‌ലർ, പുതിയ ഡയമണ്ട് കട്ട് അലോയ്, പിന്നിൽ ബംപർ ഡിഫ്യൂസർ. ഇത്രയും മാറ്റങ്ങൾ സിറ്റിക്കു പുറം മോടി കൂട്ടുമ്പോൾ പുതിയ സീറ്റുകളും ട്രിമ്മുകളും ഉൾവശത്തിനും ഫ്രഷ്നസ് നൽകും.17.7 ഇഞ്ച് എച്ച്ഡി ഫുൾകളർ ടിഎഫ്ടി മോണിറ്ററും മൾട്ടി ഇൻഫർമേഷൻ ക്ലസ്റ്ററും ആധുനികം. സുരക്ഷിതത്വവും ഉയർത്തിയിട്ടുണ്ട്

honda-city-9

മറ്റു സിറ്റികൾ

മാറ്റങ്ങൾ പെട്രോൾ മോഡലിനും വന്നു. പെട്രോള്‍ എസ്‌വി മോഡലിന് 11.49 ലക്ഷത്തിൽ വില തുടങ്ങും. വി മോഡലിന് മാനുവൽ 12.37, സിവിടി 13.62, വിഎക്സ് മാനുവൽ 13.49, 14.74, സെഡ് എക്സ് 14.72 15.97 ലക്ഷം എന്നിങ്ങനെയാണ് വില.

Honda-city-hybrid1

English Summary: 2023 Honda City facelift launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA