ADVERTISEMENT

ഇന്ത്യയിലെ ലക്ഷണമൊത്ത പ്രഥമ ഇലക്ട്രിക് കാറായി ഇ സി 3 പിറന്നു. 10 ലക്ഷം രൂപയ്ക്കടുത്ത് പ്രതീക്ഷിക്കുന്ന വിലയും മിനി എസ്‌യുവിയുടെ പത്രാസും ആരും കൊതിക്കുന്ന രൂപഭംഗിയും പ്രശസ്തമായ ഫ്രഞ്ച് ‘മാജിക് കാർപറ്റ്’ യാത്രാസുഖവുമായി ഇ സി 3.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

ശരാശരി മലയാളിയുടെ ‘ഫ്രഞ്ചോർമകൾ’ മാഹിയും മയ്യഴിപ്പുഴയും പരമാവധി പുതുച്ചേരിയും വരെ മാത്രം സഞ്ചരിക്കുന്ന കാലത്ത് അങ്ങു പാരിസിൽ നിന്നെത്തിയിരിക്കയാണ് സിട്രോൺ. നമ്മളൊന്നും അധികം കേട്ടിട്ടില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊന്നാണ് സിട്രോൺ. 1919 മുതലുള്ള സാന്നിധ്യം. ലോകത്ത് ആദ്യമായി ഫ്രണ്ട് വീൽ ഡ്രൈവ് കാറുകൾ ‘മാസ് പ്രൊഡക്‌ഷൻ’ നടത്തിയ കമ്പനി. പറക്കും പരവതാനിക്കു സമമായി ഹൈഡ്രോ ന്യൂമാറ്റിക് സെൽഫ് ലെവലിങ് സസ്പെൻഷൻ അൻപതുകൾ മുതലെത്തിച്ച സാങ്കേതികവിദഗ്ധർ. 1942 ൽ ബീറ്റിലിന്റെ ഫ്രഞ്ച് രൂപാന്തരമായ 2 സി വി ആദ്യമായിറക്കി 1990 വരെ 90 ലക്ഷം കാറുകളുണ്ടാക്കി ഫ്രഞ്ചുകാരെയെല്ലാം കാറിലേറ്റി. ലോകത്ത് ആദ്യമായി കാറുകളിൽ ഡിസ്ക് ബ്രേക്ക് അവതരിപ്പിച്ചു. ഇപ്പോളിതാ ഇന്ത്യയ്ക്കായി ലക്ഷണമൊത്ത ഇ വിയുമായി മയ്യഴിപ്പുഴയുടെ തീരത്തേക്ക് ഓടിയെത്തുന്നു.

citroen-c3-ev-6

ഇലക്ട്രിക്കായി ജനനം, പെട്രോളായും ഓടാം...

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇലക്ട്രിക് കാറായ ടെസ്‌ലയുടെ പ്രത്യേകത അതു ജനിച്ചത് ഇലക്ട്രിക്കായി ഓടാൻ മാത്രമാണെന്നതാണ്. എന്നുവച്ചാൽ പെട്രോളോ ഡീസലോ എൻജിൻ ഘടിപ്പിച്ച് ഓടാനായി രൂപകൽപന ചെയ്തതിനെ ഇലക്ട്രിക്കായി മാറ്റിയെടുത്തതല്ല. ഇ സി 3 യും ഏതാണ്ട് സമാനം. ഇലക്ട്രിക്കിനു പുറമെ ‘ആന്തരദഹനയന്ത്രം’ കൂടി പേറാനുള്ള വൈവിധ്യം ഇ സി 3 ക്കുണ്ട് എന്നു മാത്രം. ഇന്ത്യയിൽ ഇന്നുവരെ ഇറങ്ങിയ എല്ലാ ഇലക്ട്രിക് കാറുകളും ഡിക്കിയിൽ സ്പെയർ ടയറിന്റെയും പെട്രോൾ ടാങ്കിന്റെയും ചിലപ്പോൾ പിൻ സീറ്റിനടിവശത്തെയും സ്ഥലം ബാറ്ററിക്കായി കയ്യേറുമ്പോൾ ഇ സി 3 യുടെ പ്ലാറ്റ്ഫോമിനടിയിലാണ് ബാറ്ററി. ഡിക്കി ഇടത്തിൽ തെല്ലും നഷ്ടമില്ല, സ്പെയർ വീൽ വേണ്ടെന്നു വയ്ക്കുന്നില്ല എന്നിവയൊക്കെ മികവായി പറയുമെങ്കിലും മികച്ച വാഹന നിയന്ത്രണവും ഒതുക്കവുമാണ് പ്രധാന നേട്ടം.

EC3 E-Brochure (Media Drive)

മൂന്നാമൻ അജയ്യൻ

2021 ൽ വന്ന്, ഇന്ത്യയിൻ മൂന്നാമത് കാർ 2023 ൽ എത്തിക്കുന്ന സിട്രോൺ ഇക്കൊല്ലം ഒരു 7 സീറ്റർ കൂടിയെത്തിക്കും. അടുത്ത കൊല്ലവും രണ്ടു വാഹനങ്ങൾ പ്രതീക്ഷിക്കാം. ഇ സി 3 യുടെ പെട്രോൾ മോഡൽ വെറും ആറുമാസം മുമ്പാണിറക്കിയത്. ഒട്ടേറെ പ്രത്യേകതകളും പുതുമകളുമുള്ള ഇലക്ട്രിക് കാർ അതിനു തുടർച്ചയത്രേ.

citroen-c3-ev-8

ഫാസ്റ്റാണ് ചാർജിങ്, എവിടെയും കുത്താം

എന്തൊക്കെയാണ് ഇ സി 3യെ വിഭിന്നമാക്കുന്നത്? ഒന്ന്: ബാറ്ററിയുടെ സ്ഥാനം. ഏറ്റവും താഴെയിരിക്കുന്ന ബാറ്ററിക്ക് കല്ലു തട്ടിയോ മറ്റോ കേടു പറ്റാതിരിക്കാൻ അതീവശക്തമായ അണ്ടർബോഡി കേസിങ്ങുണ്ട്. രണ്ട്: എയർ കൂൾഡ് ബാറ്ററി. ലളിതം. ഭാരം കുറവ്. 55 ഡിഗ്രി അന്തരീക്ഷതാപത്തിലും സുരക്ഷിതം. മൂന്ന്: 29.2 കിലോവാട്ട് ബാറ്ററിക്ക് 320 കി.മീ റേഞ്ച്. ഓട്ടത്തിൽ ചാർജാകാൻ റീജനറേറ്റീവ് ബ്രേക്കിങ്. നാല്: അനന്തമായ ഫാസ്റ്റ് ചാർജിങ് സാധ്യത. 57 മിനിറ്റിൽ 80 ശതമാനം ചാർജിങ്. നിലവിലെ ഇലക്ട്രിക്കുകൾക്ക് ഇത്തരം ചാർജിങ് സംവിധാനം തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാത്തപ്പോൾ സി 3 എത്ര തവണ വേണമെങ്കിലും ഫാസ്റ്റ് ചാർജ് ചെയ്യാം. അഞ്ച്: സാധാരണ 15 ആംപ് സോക്കറ്റിൽ കുത്താനാകുന്ന സ്ലോ ചാർജർ. വേറേ ചാർജിങ് സംവിധാനങ്ങളാവശ്യമില്ല.10 മണിക്കൂറിൽ 100 ശതമാനം ചാർജിങ്.

citroen-c3-ev-1

അതിമനോഹരം

പുതുതായി അവതരിപ്പിച്ച നിറങ്ങളിൽ ഓറഞ്ചും വെളുപ്പുമായുള്ള സങ്കരം അതീവ സുന്ദരം. കാറായല്ല, മിനി എസ്‌യുവിയായാണ് സിട്രോൺ സി 3 യെ പ്രതിഷ്ഠിക്കുന്നത്. തലയെടുപ്പുള്ള നിൽപും മനോഹരമായ ഷെവറോൺ ലോഗോയും 15 ഇഞ്ച് അലോയ് വീലുകളുമൊക്കെ ചേർന്ന് ഗാംഭീര്യവും സൗന്ദര്യവുമുള്ള കാർ. ഉയരമുള്ളതിനാൽ കയറ്റിറക്കം അനായാസം. ഫെൻഡറിൽ വലതു വശത്താണ് ചാർജിങ് പോർട്ട്. ഉൾവശത്തെ സ്ഥലസൗകര്യവും ഫിനിഷിങ്ങും തൃപ്തികരം. ഡ്യുവൽ ടോൺ ഡാഷ് ബോർഡ് ഗംഭീരം.

citroen-c3-ev-7

അതീവ സുഖകരം

ഇ വാഹനങ്ങൾ ഓടിച്ചവർക്കറിയാം അവ നൽകുന്ന ഡ്രൈവിങ് അനുഭൂതി. ശബ്ദവും അനക്കവുമില്ലാതെ ദൂരം താണ്ടുന്ന പടക്കുതിരകള്‍. പഴയ റേഡിയോകളിലെ ബാൻഡ് സെലക്ടറുകളെ അനുസ്മരിപ്പിക്കുന്ന ടോഗിൾ ഗിയർഷിഫ്റ്റർ ഡ്രൈവ് മോഡിലിടുക, കാലു കൊടുക്കുക... നിങ്ങൾ മാന്ത്രിക പരവതാനിയിലേറിക്കഴിഞ്ഞു. ആവശ്യത്തിലുമധികം ശക്തിയും മികച്ച നിയന്ത്രണവും. മീറ്ററിൽ നോക്കുമ്പോഴാണ് പരമാവധി വേഗമായ 110 കിലോമീറ്ററിലെത്തിക്കഴിഞ്ഞുവെന്ന തിരിച്ചറിവുണ്ടാവുക. ഇക്കോ, സ്റ്റാൻഡേർഡ് മോഡുകളുണ്ട്.

citroen-c3-ev-3

സിട്രോൺ കണക്ട്

26 സെ.മി സിട്രോൺ കണക്ട് വെറുമൊരു ടച് സ്ക്രീൻ മാത്രമല്ല, കാറിന്‍റെ ജീവനാണ്. സ്മാർട്ട് ഫോൺ വഴി ഡ്രൈവിങ് ഒഴികെയുള്ള എല്ലാക്കാര്യങ്ങളും നിയന്ത്രിക്കാം. ചാർജിങ് സ്റ്റേഷൻ ലൊക്കേറ്റർ, ചാർജ് സ്റ്റാറ്റസ്, ജിയോ ഫെൻസിങ് അധിഷ്ഠിത വാഹന ലൊക്കേറ്റർ, സുരക്ഷ, അടിയന്തിര എസ്ഒഎസ് എന്നിവയൊക്കെയുണ്ട്. മ്യൂസിക് സിസ്റ്റം ശരാശരിയിലും മികച്ച പെർഫോമൻസ് തരുന്നു.

citroen-c3-ev-10

കസ്റ്റം ബിൽറ്റ്

4 നിറങ്ങൾ, 9 ഡ്യുവൽ ടോൺ, നാലു കസ്റ്റമൈസേഷൻ പാക്കേജുകൾ, 2 ഇന്റീരിയർ ട്രിം എന്നിങ്ങനെ നൂറിലധികം കസ്റ്റമൈസേഷൻ സാധ്യതകൾ. ഇലക്ട്രിക്കിനെന്നല്ല മറ്റൊരു കാറിനും ഇന്ത്യയിലില്ലാത്ത സൗകര്യങ്ങൾ. നിങ്ങളുടെ കാറിൽ നിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാം.

citroen-c3-ev-5

വാറന്റി

ഇലക്ട്രിക്കായതിനാൽ വാറന്റി കാര്യങ്ങൾക്ക് പ്രാധാന്യമേറും. ബാറ്ററിക്ക് 1.40 ലക്ഷം അല്ലെങ്കിൽ 7 കൊല്ലം, മോട്ടറിന് 1 ലക്ഷം അല്ലെങ്കിൽ 5 വർഷം, വാഹനത്തിന് 3 വർഷം എന്നിങ്ങനെ വാറന്റി. വീട്ടിലെത്തി സർവീസ് ചെയ്തു തരും.

വാങ്ങിയാലോ?

ദൈനംദിന ഉപയോഗങ്ങൾക്കുള്ള, സുഖകരമായ, പ്രായോഗിക കാർ. 10 ലക്ഷത്തിൽ വില നിർത്താനായാൽ ഇ സി 3 തരംഗമാകും.

English Summary: Citroen e C 3 Electric Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT