ADVERTISEMENT

ലണ്ടൻ ∙ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം നടപ്പിലാക്കാൻ എല്ലാ അടവും പയറ്റിയിട്ടും കഴിയാതെ വന്നതോടെയാണ് പ്രധാനമന്ത്രി തെരേസ മേയ് രാജിവച്ചൊഴിയുന്നത്. 2016ൽ  ബ്രിട്ടീഷ് ജനതയെടുത്ത ബ്രക്സിറ്റ് തീരുമാനം നടപ്പിലാക്കാൻ  രണ്ടുവർഷത്തിലേറെ തനിക്കു സാധ്യമായ വിധത്തിലെല്ലാം പരിശ്രമിച്ചാണ് തെരേസ മേ പടിയിറങ്ങുന്നത്. ഇതിനിടെ പാർട്ടിക്കുള്ളിലും യൂറോപ്യൻ യൂണിയനിലും അവർ ഒറ്റപ്പെട്ടു. അമേരിക്ക ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ നേതാക്കന്മാരുമായി പോലും അകൽച്ചയിലായി. വിശ്വസ്തരായി കൂടെക്കൂട്ടിയവർ ഒരോരുത്തരായി പ്രതിസന്ധിഘട്ടങ്ങളിൽ കൈയൊഴിഞ്ഞപ്പോൾ അവസാന അടവെന്ന നിലയിൽ പ്രതിപക്ഷത്തെപ്പോലും വിശ്വാസത്തിലെടുക്കാൻ ശ്രമിച്ചു. ഇതും പരാജയപ്പെട്ടിട്ടും പിടിച്ചുനിന്ന അവർ കഴിഞ്ഞദിവസം കോമൺസ് ലീഡർ ആൻഡ്രിയ ലീഡ്സം കൂടി രാജിവച്ച് പിന്തുണ പിൻവലിച്ചതോടെയാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. 

പാർലമെന്റിൽ പലവട്ടം പരാജയപ്പെട്ടിട്ടും ബ്രക്സിറ്റ് നടപ്പാക്കാനുള്ള തിയതി നീട്ടിക്കിട്ടാനായി യൂറോപ്യൻ നേതാക്കൾക്കുമുന്നിൽ പലവട്ടം കേണപേക്ഷിക്കേണ്ടിവന്നെങ്കിലും എങ്ങനെയും ബ്രക്സിറ്റ് നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ ഒക്ടോബർ 31 വരെ നീട്ടിക്കിട്ടിയ സമയത്തിനുള്ളിലും വിടവാങ്ങൾ കരാറിന് പാർലമെന്റിന്റെ അനുമതി നേടിയെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ച് വഴിമാറാൻ അവർ തീരുമാനിച്ചത്. 

ഒടുവിൽ കൈവിട്ടത് ആൻഡ്രിയ

ഇന്നു രാവിലെ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ രണ്ടുദിവസമായി ശക്തമായിരുന്നു. എല്ലാ പ്രതിസന്ധിയിലും ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്ന കോമൺസ് ലീഡർ ആൻഡ്രിയ ലീഡ്സവും രാജിവച്ചതോടെയാണ് ഇത് ശക്തമായത്. ഇന്നലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടുമായും ഹോം സെക്രട്ടറി സാജിദ് ജാവേദുമായും കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രിക്ക് ഇവരിൽനിന്നും ശക്തമായ പിന്തുണയില്ലെന്ന് ബോധ്യമായി. ഇതോടെയാണ് നേതൃമാറ്റത്തിന് തയാറിയി രാജി പ്രഖ്യാപനമുണ്ടായത്. 

രണ്ടാം ഉരുക്കു വനിത

മൂന്നു വർഷം മുമ്പാണ് ബ്രക്സിറ്റ് റഫറണ്ടത്തെത്തുടർന്ന് രാജിവച്ചൊഴിഞ്ഞ ഡേവിഡ് കാമറണിന്റെ പിൻഗാമിയായി തെരേസ മേയ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അതിനു മുമ്പ് ആറുവർഷം ഡോവിഡ് കാമറൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്നു മാർഗരറ്റ് താച്ചർക്കുശേഷം രണ്ടാം ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെട്ട തെരേസ മേയ്.

സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ആറു മാസത്തിനുള്ളിൽ ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് തെരേസ മേയ് ഏവരെയും ഞെട്ടിച്ചു. സ്വതന്ത്ര സ്കോട്ട്ലൻഡിനായുള്ള സ്കോട്ടീഷ് നാഷണൽ പാർട്ടിയുടെ നീക്കത്തിനു തടയിടാനും പാർട്ടിയിലും സർക്കാരിലും തന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കാനുമായിരുന്നു ഈ തിരഞ്ഞെടുപ്പു തന്ത്രം. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായ ലേബർ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷ സർക്കാർ ന്യൂനപക്ഷ സർക്കാരായി. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്ന ടോറികൾക്ക് ഭരണം നിലനിർത്താൽ സഖ്യകക്ഷിയായ  ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പിന്തുണ വേണമെന്ന സ്ഥിതിയായി. ഇതോടെ എല്ലാതരത്തിലും സർക്കാരിന് ശേഷി കുറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള വിലപേശൽ ശക്തിയും ഇല്ലാതായി. 

വിശ്വസ്തരെല്ലാം വിമതരായി

ഇതിനിടെ പാർട്ടിയ്ക്കുള്ളിൽ നിന്നും തെരേസ മേയ്ക്കെതിരേ വിമത സ്വരങ്ങൾ ഉയർന്നു. പ്രധാനമന്ത്രി പദം മോഹിച്ച് ബ്രക്സിറ്റിനെ പിന്തുണച്ച് കാമറണിനെ താഴെയിറക്കിയ ബോറിസ് ജോൺസൺ വിദേശകാര്യ സെക്രട്ടറിയായിരുന്ന് പ്രധാനമമന്ത്രിക്കും മന്ത്രിസസഭയ്ക്കും പാരപണിതു. ഒടിവിൽ പരസ്യമായി വിമതവേഷമണിഞ്ഞ ബോറിസിനെ ഒഴിവാക്കി മുന്നേറിയ തെരേസയ്ക്ക് ഒരോ പ്രതിസന്ധി ഘട്ടത്തിലും വിശ്വസ്തരായി കൂടെക്കൂട്ടിയ പലരെയും നഷ്ടമായി. ഡേവിഡ് ഡേവീസ്, സർ മൈക്കിൾ ഫാലൻ, പ്രീതി പട്ടേൽ, ഡാമിയൻ ഗ്രീൻ, ജസ്റ്റിൻ ഗ്രീനിംങ്, അംബർ റൂഡ്, ഫിലിപ് ലീ, സ്റ്റീവ് ബക്കർ, ക്രിസ് ഗ്രീൻ, ഡോമിനിക് റാബ് തുടങ്ങി വിവിധ ഘട്ടങ്ങളിൽ രാജിവച്ചൊഴിഞ്ഞവരും പുറത്താക്കപ്പെട്ടവരും രണ്ടു ഡസനിലേറെ മന്ത്രിമാരാണ്. ഇതൊകൊണ്ടൊന്നും തളരാതെ ബ്രക്സിറ്റ് ചർച്ചയുമായി മുന്നോട്ടു പോയ തെരേസ മേയ്ക്ക് പക്ഷേ, യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ വേർപിരിയൽ ഉടമ്പടിക്ക് പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. ബ്രക്സിറ്റ് നടപ്പിലാക്കിയാലും അയർലൻഡ് അതിർത്തി വഴി ക്രയവിക്രയവും സ്വതന്ത്ര സഞ്ചാരവും സാധ്യമാകുന്ന വ്യവസ്ഥയാണ് ഇതിന് മുഖ്യ തടസമായത്. ‘ഐറിഷ് ബാക്ക്സ്റ്റോപ്പ്’എന്ന ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താൻ യൂറോപ്യൻ യൂണിയനോ മാറ്റം വരുത്താതെ ഉടമ്പടിക്ക് അംഗീകാരം നൽകാൻ ബ്രിട്ടീഷ് പാർലമെന്റോ തയാറായില്ല. 

ബ്രക്സിറ്റിനായി നടത്തിയത് മാരത്തൺ ചർച്ചകൾ

ബ്രക്സിറ്റ് നടപ്പാക്കേണ്ടിയിരുന്ന അവസാന തിയതിയായ 2019 മാർച്ച് 29നു മുമ്പ് കരാർ വ്യവസ്ഥകൾക്ക് അംഗീകാരം നൽകാനായി മാർത്തൺ ചർച്ചകളുമായി തെരേസ മേയ് പലവട്ടം ലണ്ടനിൽനിന്നും ബ്രസൽസിലേക്കും തിരിച്ചും പറന്നുനടന്നു. ചെറിയ ചെറിയ ഭേദഗതികളുമായി പാർലമെന്റിലെത്തിയ പ്രധാനമന്ത്രിക്ക് ഒരുഘട്ടത്തിലും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടാനായില്ല. 

ഒടുവിൽ ഏപ്രിൽ 12ലേക്ക് തിയതി നീട്ടിവാങ്ങിയിട്ടും പാർലമെന്റിനെ വിശ്വാസത്തിലെടുക്കാനാകാതെ വന്നതോടെ ബ്രക്സിറ്റ് അനിശ്ചിതത്വത്തിലായി പിന്നീട് ഫ്രാൻസ്, ജർമനി തുടങ്ങിയ സൗഹൃദ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയിൽ ഒക്ടോബർ 31 വരെ സാവകാശം നേടിയെടുത്തെങ്കിലും ഇക്കാലയളവിൽ കാര്യമായെന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയില്ലാതെ വന്നതെടെയാണ് പ്രധാനമന്ത്രി പരാജിതയായി പടിയിറങ്ങുന്നത്. 

സ്വന്തം പാർട്ടിയിൽനിന്നും വേണ്ടത്ര അംഗങ്ങളുടെ പിന്തുണ ഇല്ലാതെ വന്നതോടെ നിരുപാാധികം പ്രതിപക്ഷ നേതാവ് ജെറമി കോർബിന്റെ പിന്തുണപോലും നേടാൻ തെരേസ മേ ശ്രമിച്ചു. ചർച്ചകൾക്ക് തയാറായെങ്കിലും രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തി ബ്രക്സിറ്റിനായി നിലകൊള്ളാൻ ജെറമി കോർബിൻ തയാറായില്ല. ഇതോടെ എല്ലാ സാധ്യതകളും അടയുകയായിരുന്നു. ബ്രിട്ടീഷ് ജനാധിപത്യ ചരപിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് തെരേസ മേയ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com