യുകെയിൽ നഴ്സിങ് പഠിക്കാനെത്തി, ഇന്ന് 20 മില്യൻ ടേണോവറുള്ള ബിസിനസിന്റെ ഉടമ; മലയാളിയുടെ വിജയഗാഥ

febin-syriac
SHARE

ലണ്ടൻ∙ നഴ്സിങ് പഠിക്കാനെത്തി, പിന്നീട് നഴ്സിങ് റിക്രൂട്ട്മെന്റ് തുടങ്ങി പതിനായിരത്തിലധികം നഴ്സുമാരെ ബ്രിട്ടനിലെത്തിച്ചു മലയാളി. കാസർകോട് സ്വദേശി ഫെബിൻ സിറിയക്കാണ് ‘’ഇൻവർട്ടീസ് കൺസൾട്ടൻസി’’ എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിലൂടെ പല രാജ്യങ്ങളിൽ നിന്നായി നൂറിലധികം ട്രസ്റ്റുകളിലേക്കു പതിനായിരത്തിലധികം നഴ്സുമാരെ ഇതിനോടകം ബ്രിട്ടനിൽ എത്തിച്ചത്.

Read also:  നാലു വർഷത്തിനിടെ ഋഷി സുനാക് നികുതിയടച്ചത് പത്തുലക്ഷം പൗണ്ട്

ഫെബിന്റെ ഈ അപൂർവ വിജയഗാഥ ഫോബ്സ് ന്യൂസിന്റെ ഓൺലൈൻ ബിസിനസ് പേജിൽ പോലും ഇടംപിടിച്ചു. 2014ൽ തുടങ്ങിയ ഫെബിന്റെ റിക്രൂട്ട്മെന്റ് ഏജൻസി ‘’ഇൻവർട്ടീസ് കൺസൾട്ടൻസി’’10 വർഷം പോലും തികയ്ക്കും മുമ്പ് 20 മില്യൺ ടേണോവറുള്ള ബിസിനസ് സംരംഭമായി വളർന്നു കഴിഞ്ഞു. സ്കോട്ട്ലൻഡിലെ അബർഡീൻ, കൊച്ചി, ബാംഗ്ലൂർ, ലുധിയാന, ചെന്നൈ, ദുബായ്,  എന്നീ നഗരങ്ങളിലെ ഓഫിസുകളിലായി നൂറിലധികം ജീവനക്കാരാണ് ഇൻവർട്ടീസിനൊപ്പമുള്ളത്. 

മുംബൈയിൽ നിന്നു നഴ്സിങ് ഡിപ്ലോമ പൂർത്തിയാക്കി ഉപരിപഠനത്തിനായാണ് ഫെബിൻ 2008ൽ ബ്രിട്ടനിലെത്തുന്നത്. പഠനത്തിനുശേഷം നഴ്സായി ജോലി ചെയ്യവേയാണ് നഴ്സിങ് റിക്രൂട്ട്മെന്റ് എന്ന ആശയം ഇൻവർട്ടിസിന്റെ പിറവിയിലേക്ക് നയിച്ചത്. 2014, 15 കാലയളവിൽ നഴ്സിങ് റിക്രൂട്ട്മെന്റ് രംഗത്തുവന്ന മാറ്റങ്ങൾ സമഗ്രമായി ഉൾക്കൊണ്ട് തന്റെ ബിസിനസ് സംരംഭത്തിന് ഫെബിൻ വളർച്ചയുടെ വഴിതെളിച്ചു. അബർഡീനിലെ തന്റെ വീട്ടിൽ ചെറുതായി തുടങ്ങിയ സ്ഥാപനം പെട്ടെന്നായിരുന്നു വളർച്ചയുടെ പടവുകൾ കയറിയത്. 

ഇതിനിടെ യുകെയിലെ എൻഎംസി റജിസ്ട്രേഷനുവേണ്ട ഇംഗ്ലീഷ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവു വരുത്തണമെന്നാവശ്യപ്പെട്ട് ഫെബിൻ നടത്തിയ ഓൺലൈൻ ക്യാംപെയ്ൻ വിജയം കണ്ടത് വിദേശത്തുനിന്നുള്ള നഴ്സുമാർക്കാകെ ഗുണകരമായി. ഐഇഎൽടിഎസിന് വേണ്ടിയിരുന്ന മിനിമം സ്കോറായ ഏഴിൽ റൈറ്റിങ് മൊഡ്യൂളിന് 6.5 ആയി കുറയ്ക്കാൻ എൻഎംസിയെ നിബന്ധിതരാക്കിയത് ഫെബിൻ തുടക്കം കുറിച്ച ഓൺലൈൻ പെറ്റീഷനെ തുടർന്നായിരുന്നു. 

മൂന്നു വർഷത്തിൽ കൂടുതലായി ബ്രിട്ടനിൽ കഴിയുന്ന നഴ്സുമാർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷ ഒഴിവാക്കി നൽകുക, ഐഇഎൽടിഎസിന് ഓവറോൾ ഏഴ് ഗ്രേഡ് എന്ന നിബന്ധന ലഘൂകരിക്കുക, ഐ.ഇ.എൽ.ടി.എസിന് അക്കാഡമിക് പരീക്ഷയ്ക്കു പകരം ജനറൽ പരീക്ഷയെഴുതിയാലും നഴ്സായി ജോലിചെയ്യാൻ അനുവദിക്കുക തുടങ്ങിയവയായിരുന്നു ഫെബിന്റെ പെറ്റീഷനിലെ പ്രധാന ആവശ്യങ്ങൾ. 55,555 പേർ ഒപ്പിട്ട ഈ പരാതി എൻ.എം.സി.ക്ക് പരിഗണിക്കാതിരിക്കാനായില്ല. ഐഇഎൽടിസിനൊപ്പം ഒഇടി പരീക്ഷ പാസായാലും ബ്രിട്ടനിൽ റജ്സ്ട്രേഡ് നഴ്സായി ജോലി ചെയ്യാം എന്ന വലിയ മാറ്റത്തിന് എൻ.എം.സി.യെ പ്രേരിപ്പിച്ചതും ഇതിനു ശേഷമായിരുന്നു. ഐഇഎൽടിഎസ്  പരീക്ഷയുടെ കടമ്പയിൽ കാലിടറിവീണ നിരവധി നഴ്സുമാർക്ക് ഒഇടി വഴി ഇങ്ങനെ ബ്രിട്ടനിലേക്ക് എത്താനായി. 

ഇൻവേർട്ടീസ് ഇതിനോടകം ബ്രിട്ടനിലെത്തിച്ച പതിനായിരത്തിലധികം നഴ്സുമാരിൽ എൺപതു ശതമാനവും  കേരളത്തിൽനിന്നുള്ളവരാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക, കരീബിയൻ ദ്വീപുരാജ്യങ്ങൾ, ഫിലിപ്പീൻസ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും നിരവധിപേർ ഇൻവർട്ടീസിലൂടെ ബ്രിട്ടനിലെത്തിയിട്ടുണ്ട്.  

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് പുത്തൻകാലായിൽ സിറിയക്- സാലി ദമ്പതികളുടെ മകനാണ് ഫെബിൻ സിറിയക് എന്ന ഈ യുവസംരംഭകൻ. ഭാര്യ- അനില. റയാൻ, റിയ എന്നിവരാണ് മക്കൾ.

കോവിഡ് കാലത്ത് ലോകം മുഴുവൻ ലോക്ക്ഡൌണിലായിരുന്നപ്പോഴും ബ്രിട്ടനിലേക്ക് ഇന്ത്യയിൽ നിന്നും ദുബായിൽ നിന്നും നഴ്സുമാരെ എത്തിച്ച് ഇൻവർട്ടീസ് വാർത്താ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.  

English Summary : Story of Kasargode native Febin Syriac who founded Invertis Consultancy for nursing recruitment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA