യുകെയുടെ ‘സമയം മാറി’; ഇന്നു മുതൽ ദൈര്‍ഘ്യമേറിയ പകലുകള്‍
Mail This Article
സോമർസെറ്റ് ∙ യുകെയിൽ ഇത്തവണ ബ്രിട്ടീഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിംഗ് ടൈം എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായി സമയം മാറി. ഇന്ന് വെളുപ്പിനെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിനു പകരം രണ്ടു മണി എന്ന സമയമായി പുനഃക്രമീകരണം നടത്തിയത്. ഇന്നു മുതല്‍ സായാഹ്നങ്ങളില്‍ പകല്‍ വെളിച്ചം കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നതിനാല്‍ ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും അനുഭവപ്പെടുക. ഇന്ത്യയുമായി ഇന്നു മുതൽ നാലര മണിക്കൂർ സമയ വ്യത്യാസമാണ് ഉണ്ടാവുക. നേരത്തെ അഞ്ചര മണിക്കൂർ പിറകിലായിരുന്നു.
ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതല്‍ക്കാണ് ബ്രിട്ടനില്‍ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബില്‍ഡര്‍ ആയിരുന്നു ഇതിനു പിന്നിൽ. വേനല്‍ കാലത്ത് സൂര്യന്‍ ഉദിച്ച ശേഷവും ആളുകള്‍ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകല്‍ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിര്‍ദ്ദേശിച്ചത്. പിന്നീട് എല്ലാ വര്‍ഷവും സമയമാറ്റം ആവര്‍ത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.