ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർധന; ചർച്ച പരാജയം, വീണ്ടും 72 മണിക്കൂർ പണിമുടക്ക്

Mail This Article
സോമർസെറ്റ് ∙ ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർധന സംബന്ധിച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനാൽ വീണ്ടും 72 മണിക്കൂർ പണിമുടക്ക്. ജൂൺ 14 ബുധനാഴ്ച രാവിലെ 7 മുതൽ ജൂൺ 17 ശനിയാഴ്ച രാവിലെ 7 വരെയാണ് പണിമുടക്ക്. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും യൂണിയനായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സർക്കാർ പ്രതിനിധികളുമായി നടന്ന ചർച്ചകൾക്ക് ശേഷം 5% വർധനവ് എന്ന സർക്കാർ വാഗ്ദാനം വിശ്വസനീയമല്ല എന്ന് ബിഎംഎ പറഞ്ഞു.
Read also : നഴ്സുമാരെ ചാക്കിട്ടു പിടിക്കാൻ "ഗോൾഡൻ ഹലോ" പദ്ധതി; £4,500 വരെ ബോണസ്
പണിമുടക്ക് പിൻവലിച്ചാൽ മാത്രമേ ശമ്പള ചർച്ച തുടരാനാകൂവെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു. ശമ്പള വർധന ആവശ്യപ്പെട്ടതിന് ശേഷമുള്ള ജൂനിയർ ഡോക്ടർമാരുടെ മൂന്നാമത്തെ പണിമുടക്കാണ് ജൂണിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ചിലും ഏപ്രിലിലും ജൂനിയർ ഡോക്ടർമാർ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ സർക്കാർ ബിഎംഎ യുമായി നടത്തിയ ചർച്ചകൾക്ക് ശേഷം വാഗ്ദാനം ചെയ്ത 5% ശമ്പള വർധന ന്യായമാണെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു. ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ബിഎംഎ കൂടുതൽ പണിമുടക്കുകൾ പ്രഖ്യാപിച്ചത് നിരാശാജനകമാണന്നും സർക്കാർ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ചർച്ചകൾ തുടരാൻ തയാറാണെന്നും സർക്കാരിൽ നിന്ന് വിശ്വസനീയമായ ശമ്പള വർധന വാഗ്ദാനം പ്രതീക്ഷിക്കുന്നതായും ബിഎംഎ അറിയിച്ചു. സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ വേനൽക്കാലം മുഴുവൻ പണിമുടക്കുകൾ നടക്കുമെന്ന് ബിഎംഎ മുന്നറിയിപ്പ് നൽകി. ഓഗസ്റ്റിൽ പണിമുടക്ക് നടത്താനുള്ള അവകാശം അവസാനിക്കുന്നത് വരെ മാസത്തിൽ കുറഞ്ഞത് മൂന്ന് ദിവസത്തെ പണിമുടക്കുകൾ നടത്തുമെന്നാണ് മുന്നറിയിപ്പ്. 35% വർധനയാണ് ബിഎംഎ ആവശ്യപ്പെടുന്നത്. സർക്കാരുമായി മൂന്നാഴ്ചത്തെ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും മന്ത്രിമാർ കഴിഞ്ഞ 15 വർഷമായി ജൂനിയർ ഡോക്ടർമാരുടെ ശമ്പളത്തിൽ ഉണ്ടായ 26% കുറവിനെ കുറിച്ചു പ്രതികരണം നടത്താൻ തയാറായില്ലെന്ന് ബിഎംഎ ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റിയുടെ കോ-ചെയർമാരായ ഡോ. വിവേക് ത്രിവേദിയും ഡോ. റോബർട്ട് ലോറൻസണും പറഞ്ഞു. ഇപ്പോഴത്തെ പണപ്പെരുപ്പം കണക്കിലെടുത്താൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന 5% വർധന അംഗീകരിക്കാൻ കഴിയില്ലെന്നും ബിഎംഎ പറഞ്ഞു
ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഡോക്ടർ, ജിപി എന്നിവരിൽ പകുതിയും ജൂനിയർ ഡോക്ടർമാരാണ്. യുകെയിലെ 46,000 ജൂനിയർ ഡോക്ടർമാരാണ് പണിമുടക്കിനു നേതൃത്വം നൽകുന്ന ബിഎംഎയിൽ ഉള്ളത്. അതിനാൽ ജൂനിയർ ഡോക്ടർമാർമാരുടെ പണിമുടക്ക് എൻഎച്ച്എസിൽ കാര്യമായ പ്രതിസന്ധികൾ ഉണ്ടാക്കും. ഇതിനിടെ സ്‌കോട്‌ലൻഡിൽ ജൂനിയർ ഡോക്ടർമാർക്ക് സ്കോട്ടിഷ് സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം രണ്ട് വർഷ കാലയളവിൽ 14.5% ശമ്പള വർധന വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ മാസമാദ്യം പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്ത തങ്ങളുടെ അംഗങ്ങളുമായി ഈ ഓഫറിനെക്കുറിച്ച് ആലോചിക്കുമെന്ന് ബിഎംഎ സ്‌കോട്‌ലൻഡ് ഘടകം പറഞ്ഞു.