ADVERTISEMENT

റോം∙ രാവിലെ ഒരു ചൂട് കഫേ (കോഫി) കുടിക്കാമെന്നുകരുതി റസ്റ്ററന്റിൽ കയറിയവരാണ് ആ ബോർഡു കണ്ടത്. ഒരു കഫേയ്ക്ക് 70 സെന്റ് (ഒരു യൂറോ = 100 സെന്റ്) മാത്രം. സാധാരണ 1.20 യൂറോ മുതൽ 1.50 യൂറോവരെ ഒരു കഫേയ്ക്ക് വിലയുള്ളപ്പോഴാണ് വെറും 70 സെന്റിന് കഫേ നൽകുന്നു എന്ന അറിയിപ്പ് നാട്ടുകാരിൽ കൗതുകമുണർത്തിയത്. ബോർഡിലെ ബാക്കി വിവരങ്ങൾകൂടി വായിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. 70 സെന്റിന് കഫേ ലഭിക്കണമെങ്കിൽ കപ്പും പഞ്ചസാരയും സ്പൂണും ഉപഭോക്താവ് വീട്ടിൽനിന്നു കൊണ്ടുവരണമത്രേ. 

ഇറ്റലിയിൽ വടക്കൻ ലിഗൂറിയ മേഖലയിലെ മില്ലെസിമോ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'ല ബൊത്തേഗ ദെൽ കഫേ' യാണ് 70 സെന്റിന് ഒരു കഫേ എസ്പ്രസ്സോ നൽകി വാർത്തയിൽ ഇടംപിടിച്ചത്. ദേശീയ മാധ്യമങ്ങൾ വരെ ഇതു വാർത്തയാക്കി. സാധാരണ റസ്റ്ററന്റുകളിലും ബാറുകളിലും കഫേ ഓർഡർ ചെയ്താൽ, ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഉപയോഗിക്കാൻ കഫേയോടൊപ്പം പഞ്ചസാര പ്രത്യേകം ലഭ്യമാക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന കഫേയ്ക്ക് 1.50 യൂറോവരെ ഈടാക്കാറുണ്ട്.

എന്നാൽ 'ല ബൊത്തേഗ ദെൽ കഫേ'യിൽ 70 സെന്റിന് കഫേ ലഭിക്കാൻ കപ്പ്, പഞ്ചസാര, സ്പൂൺ എന്നിവ ഓർഡർ ചെയ്യുന്നയാൾ കൊണ്ടുചെല്ലണം. എന്തായാലും സംഭവം വൈറലായതോടെ നിരവധിയാളുകൾ കപ്പും പഞ്ചസാരയുമായി കഫേയ്ക്ക് എത്തുന്നുണ്ടെന്നാണ് കടയുടമ എലിയോ വെൻ‌ചുറിനോ പറയുന്നത്. 

അടുത്തിടെ ഒരു കടയിൽ, ഓർഡർ ചെയ്ത സാൻഡ്‌വിച്ച് രണ്ടായി മുറിച്ചുനൽകുന്നതിന് ഉപഭോക്താക്കളോട് രണ്ടു യൂറോ അധികമായി ഈടാക്കിയ സംഭവം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് കപ്പും പഞ്ചസാരയുമായി വരുന്നവർക്ക് പകുതിവിലയ്ക്ക് കഫേ നൽകുന്ന ആശയം അവതരിപ്പിച്ചതെന്ന് ഉടമ പറയുന്നു.

English Summary: Bar in Italy charges 70 cents for coffee if you bring your own cup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com