ADVERTISEMENT

മിലാൻ∙ ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ ആണ് 'വൈ ഇന്റർനാഷണൽ ഇറ്റാലിയ' എന്ന ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നത്. ഇറ്റാലിയൻ സാമ്പത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി, ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

 

lulu-italy

ഭക്ഷ്യ സുരക്ഷ പ്രോത്സാഹനത്തിനുള്ള നിർണായക ചുവടുവെപ്പ് കൂടിയാണ് ലുലു നടത്തിയിരിക്കുന്നത്. സുഗമമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും കയറ്റുമതിയും വില സ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. ഇറ്റലിക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഭക്ഷ്യ ഉത്പന്നങ്ങൾ, 'വൈ ഇന്റർനാഷണൽ ഇറ്റലിയ'യിലൂടെ ലുലുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാവുകയാണ്.

 

''ഇടനിലക്കാരെ ഒഴിവാക്കി വില സ്ഥിരതയോടെ ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ഉറപ്പാക്കുക എന്ന ലുലുവിന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിലെ പുതിയ ചുവട് വെയ്‌പ്പെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഇറ്റലിയുടെ 

തനതായ ഭക്ഷ്യ സംസ്കാരം, ഉത്പന്നങ്ങൾ എന്നിവ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പരിചയപ്പെടുത്തുക കൂടിയാണ് ഈ പദ്ധതിയുടെ ദൗത്യം. വ്യത്യസ്തങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ഇറ്റാലിയൻ ഉത്പന്നങ്ങൾ എന്നിവ ലുലുവിന്റ 255 ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും. 

 

രണ്ട് വർഷത്തിനകം 200 മില്യൺ യൂറോയുടെ കയറ്റുമതിയാണ് ലുലു ഇറ്റലിയിൽ നിന്ന് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിലെ കർഷകർ, സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനാൽ ഇറ്റലിയുടെ കാർഷിക മേഖലയിൽ കൂടുതൽ പുരോഗതിക്ക് വഴി തുറക്കുകയും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് യൂസഫലി കൂട്ടിച്ചേർത്തു.

 

ഇറ്റാലിയൻ ആപ്പിൾ, മുന്തിരി, കിവി അടക്കം മെഡിറ്റേറിയൻ മേഖലയിലെ പഴങ്ങൾ, പച്ചക്കറികൾ, ഇറ്റലിയുടെ തനതായ ചീസ്‌, ചോക്ലേറ്റ്, ഫ്രൂട്ട് ജാം, പേസ്ട്രി, പാസ്ത, ശുദ്ധമായ ഒലിവ് എണ്ണ, ഉയർന്ന നിലവാരമുള്ള സമുദ്രോത്പന്നങ്ങൾ അടക്കം പ്രത്യേകം ശേഖരിച്ചു ലുലുവിന്റെ വിതരണ ശൃംഖലയുടെ ഭാഗമാക്കും.

 

ഇറ്റലിയും അറബ് സമൂഹവും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിന് ഈ പദ്ധതി കാരണമാകുമെന്നും എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പ് നൽകുന്നുവെന്നും ചടങ്ങിൽ മുഖ്യാതിഥിയായ ഇറ്റാലിയൻ മന്ത്രി ഗൈഡോ ഗൈഡസി പറഞ്ഞു. 

 

ഇറ്റാലിയൻ നിക്ഷേപ പ്രോത്സാഹന വിഭാഗം തലവൻ റോബർട്ടോ റിസാർഡോ, ഇറ്റാലിയൻ ട്രേഡ് ഏജൻസി ഡയറക്ടർ വലേരിയോ സോൾഡാനി, ഇറ്റലിയിലെ അറബ് ചെമ്പർ ഓഫ് കോമേഴ്‌സ് ചെയർമാൻ സിസരി ട്രെവോസാനി, യു എ ഇ എംബസി ചാർജ്ജ് ഡി അഫയേഴ്‌സ് നാസർ അൽ ഖാജ, ലുലു ഗ്രൂപ്പ്‌ ഡയറക്ടർ മുഹമ്മദ്‌ അൽത്താഫ്, ലുലു ഗ്രൂപ്പ്‌ ഇറ്റലി മേധാവി  അലസ്സാൻഡ്രോ സിമോൺ എന്നിവരും സംബന്ധിച്ചു. 

 

യുകെ, യുഎസ്എ, സ്പെയിൻ, തുർക്കി, വിയറ്റ്നാം, തായ്‌ലൻഡ്, ചൈന, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com