സെന്റ് തോമസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷൻ പ്രഖ്യാപിച്ചു
Mail This Article
യോർക് ഷെയർ∙ യുകെയിലെ യോർക് ഷെയർ ക്നാനായ സമൂഹത്തിന് അനുഗ്രഹ നിമിഷം. യുകെയിലെ യോർക് ഷെയർ ക്നാനായ സമൂഹത്തെ സെന്‍റ് തോമസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനായി പ്രഖ്യാപിച്ചു. ക്നാനായ സമുദായത്തിന്റെ വളർച്ച വിശ്വാസ അധിഷ്ഠിതമായ പ്രാർത്ഥനയിലൂടെയെന്ന് മാർ ജോസഫ് പണ്ടാരശ്ശേരി നോട്ടിങ്ങിലിയിലെ സെന്‍റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ നടന്ന ഭക്തിസാന്ദ്രമായ വിശുദ്ധ കുർബാനയിൽ സെന്‍റ് തോമസ് ക്നാനായ മിഷനായി ഉയർത്തിക്കൊണ്ടുള്ള ഡിക്രി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ക്നാനായ വികാരി ജനറൽ ഫാദർ സജി മലയിൽ പുത്തൻപുര വായിച്ചു.
മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മിക്വത്തിൽ ദിവ്യബലി അർപ്പിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വചന സന്ദേശം നൽകി. ഫാ. സജി മലയിൽ പുത്തൻപുരയിൽ, സെന്‍റ് തോമസ് ക്നാനായ മിഷൻ ഡയറക്ടർ ഫാ. ജോഷി കൂട്ടുങ്കൽ, ഫാദർ മാത്യു കുരിശുംമൂട്ടിൽ എന്നിവർ സഹകാർമികരായി. കുർബാനമധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസം, പ്രാർത്ഥന, ഇവ നമ്മുടെ ജീവിതത്തിലുടനീളം അത്യാവശ്യമെന്ന് തന്റെ പ്രസംഗത്തിൽ ദൈവജനങ്ങളോട് ഉദ്ബോധിപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം വിശിഷ്ടാതിഥികൾക്ക് മൊമെന്റോയും മിഷന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ കൈകാരൻമാർക്കും പൊന്നാട നൽകിയും ആദരിച്ചു. അതിനുശേഷം സമ്മേളന ഹാളിലേക്ക് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഫാദർ സജി മലയിൽ പുത്തൻപുരയിൽ, ഫാദർ മനു കോന്തനാനിക്കൽ, ഫാദർ ജോഷി കൂട്ടുങ്കൽ എന്നിവരെ നടവിളിയുടെയും ക്നാനായ പാട്ടിന്റെയും അകമ്പടിയോടെ ക്നാനായ മക്കൾ സ്വീകരിച്ചു. ക്നാനായ സമൂഹം കുടിയേറ്റ സമൂഹമാണെന്നും, പ്രാർത്ഥനയും,വിശ്വാസവും കൈമുതലാക്കിയ സമൂഹമാണെന്നും, അതുമൂലം ക്നാനായ സമൂഹത്തിനുണ്ടായ വളർച്ച, നാം ഒരിക്കലും മറക്കരുത് എന്നും, വിശ്വാസത്തിൽ അടിയുറച്ച പ്രാർത്ഥനയിലൂടെ, നമുക്ക് ദൈവാനുഗ്രഹം ഉണ്ടാകുമെന്നും, സമൂഹത്തിന്റെ വളർച്ചയ്ക്ക് യുവജനങ്ങളെയും കുട്ടികളെയും നാം ബോധവാന്മാരാക്കണമെന്നും മാർ ജോസഫ് പണ്ടാരശ്ശേരിൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. അതുപോലെ കുടുംബങ്ങളിൽ ക്നാനായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യവും, അതിൽ മാതാപിതാക്കൾക്കുള്ള പങ്കും,നമ്മുടെ സമൂഹത്തിൽ നിന്ന് കൂടുതൽ ദൈവവിളികൾ ഉണ്ടാകേണ്ടതിന് പ്രത്യേകം പ്രാർത്ഥന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളിതുവരെ കടന്നുവന്ന വഴികൾ ആസ്പദമാക്കി മിഷൻ പ്രവർത്തനങ്ങളുടെ സ്ലെഡ് ഷോയായി അവതരിപ്പിക്കുകയുണ്ടായി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ, ജിൽസ് മാത്യു നന്ദികാട്ട് ( സെന്‍റ് മൈക്കിൾസ് ക്നാനായ പ്രൊപ്പോസ്ഡ് മിഷൻ നോട്ടിംഗ്ഹാം) എന്നിവരുടെ ആശംസപ്രസംഗങ്ങൾക്ക് ശേഷം സെന്റ് തോമസ് ക്നാനായ മിഷനിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച ക്നാനായ തനിമയും വിശ്വാസവും വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ഒന്നിനൊന്ന് മികവുറ്റതായിരുന്നു. മിഷൻ പ്രവർത്തനങ്ങൾക്ക് എന്നും സഹായഹസ്തവുമായി നിൽക്കുന്ന മത അധ്യാപകർ, അൾത്താര ശുശ്രൂഷികൾ തുടങ്ങിയവരെയും ആദരിച്ചു. ഫാദർ ജോഷി കൂട്ടുങ്കലിനോടൊപ്പം കൈക്കാരന്മാരായ ടോമി സ്റ്റീഫൻ പുളിമ്പാറയിൽ, ഡിനു എബ്രഹാം പുളിക്കത്തൊട്ടിയിൽ, അഭിലാഷ് മാത്യു നന്ദികാട്ട്, മായ ജോസ് പരപ്പനാട്ട്, എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.