യുകെയിൽ മഞ്ഞുമൂടിയ ക്രിസ്മസ് പ്രതീക്ഷിച്ചവർക്ക് നിരാശ; താപനില 15 ഡിഗ്രിയിലേക്ക്, ഇളം ചൂടുള്ള ക്രിസ്മസ്
Mail This Article
ലണ്ടന്‍ ∙ യുകെയിൽ മഞ്ഞുമൂടിയ ക്രിസ്മസ് പ്രതീക്ഷിച്ചവർക്ക് ഇക്കുറി നിരാശയാണ് ഫലം. എന്നാൽ ഇത്തവണ എത്തിയ ഇളം ചൂടുള്ള ക്രിസ്മസ് ഏറെ മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ്. ഒരു നൂറ്റാണ്ടിനിടെ കാണാത്ത തരത്തില്‍ ഇളംചൂടുള്ള ക്രിസ്മസ് ഇക്കുറി ബ്രിട്ടന് ആസ്വദിക്കാന്‍ കഴിയുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈര്‍പ്പവുമുള്ള കാലാവസ്ഥയോടെയാണ് തുടക്കമെങ്കിലും താപനില 15.3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയർന്നത്. 1920 ൽ 15.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ശേഷം അതേ തോതില്‍ വര്‍ധിക്കുന്നത് ആദ്യമായാണ്. സാധാരണ ഡിസംബറിലെ ശരാശരി താപനില 7 ഡിഗ്രി സെല്‍ഷ്യസിനും 8 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.
വരും ദിവസങ്ങളിലെ സാഹചര്യങ്ങളും പതിവിനെ അപേക്ഷിച്ച് കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. യുകെയുടെ അംഗ രാജ്യമായ സ്‌കോട്ട്ലൻഡിന്റെ മലനിരകളില്‍ ക്രിസ്മസ് ദിനത്തില്‍ മഞ്ഞിന് സാധ്യതയുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ മഞ്ഞുപുതച്ച ക്രിസ്മസിന് സാധ്യത ഇല്ലെന്ന് വിവിധ കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ന് 70 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് നോര്‍ത്തേണ്‍ സ്‌കോട്ട്ലൻഡിലും ഇംഗ്ലണ്ടിന്റെ നോര്‍ത്ത്, സെന്‍ട്രൽ മേഖലകളിലും വീശിയടിക്കുമെന്നാണ് കരുതുന്നത്. കാറ്റിനായി രണ്ട് 'യെല്ലോ അലർട്ട്' ജാഗ്രതാ നിര്‍ദ്ദേശങ്ങളും മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്.