സ്വിറ്റ്സർലന്‍ഡിൽ മലയാളം പഠിക്കണോ; കൂട്ടിനുണ്ട് അക്ഷര കേളി
Mail This Article
സൂറിക് ∙ 'കേളി സ്വിറ്റ്സർലന്‍ഡ്' മലയാള ഭാഷ പഠനത്തിന് അവസരം ഒരുക്കുന്നു. കേരള സർക്കാരിന്‍റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനിൽ റജിസ്റ്റർ ചെയ്‌താണ്, അക്ഷര കേളി എന്ന് പേരിട്ട വിദ്യാലയത്തിന്‍റെ പ്രവർത്തനം. മലയാളി സമൂഹത്തെ മാതൃഭാഷയോടും, സംസ്‌കാരത്തോടും ചേർത്തുനിർത്താൻ ഉദ്ദേശിച്ചുള്ള ഒരു പഠനകേന്ദ്രം സ്വിറ്റ്സർലൻഡിൽ ആദ്യമാണ്.
'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മലയാളം മിഷന്‍റെ ലക്ഷ്യം. സർട്ടിഫിക്കറ്റ്(കണിക്കൊന്ന -2 വർഷം), ഡിപ്ലോമ (സൂര്യകാന്തി - 2 വർഷം), ഹയർ ഡിപ്ലോമ(ആമ്പൽ -3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (നീലക്കുറിഞ്ഞി - (3 വർഷം) എന്നീ വിവിധ നിലവാരത്തിലുള്ള നാല് കോഴ്‌സുകളാണ് പാഠ്യപദ്ധതിയിലുള്ളത്. ആറ് മുതൽ 60 വയസ്സു വരെയുള്ളവർക്ക്, മലയാളത്തിൽ സുഗമമായ ആശയവിനിമയമാണ് മലയാളം മിഷൻ സ്വിറ്റ്സർലൻഡ് ചാപ്റ്റർ ഏറ്റെടുക്കുന്നതിലൂടെ കേളി ലക്ഷ്യം വെക്കുന്നത്.
അനുയോജ്യമായ നാമം കണ്ടെത്തിയത് കേളി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ്. ബിബു ചേലയ്ക്കൽ നിർദേശിച്ച 'അക്ഷര കേളി'ക്കായിരുന്നു ഏറ്റവും അധികം വോട്ടുകൾ. ആറോളം അധ്യാപകരെ ഇതിനോടകം കണ്ടെത്തിയ കേളി, മലയാള പഠനകേന്ദ്രത്തിന്‍റെ സുഗമമായ നടത്തിപ്പിന് 15 അദ്ധ്യാപകരെയാണ് തേടുന്നത്. മൂന്ന് മണിക്കൂർ ഓൺലൈൻ പരിശീലനവും അദ്ധ്യാപകർക്ക് ഒരുക്കുന്നുണ്ട്. പരിശീലനത്തിന് ശേഷം ആഴ്ച്ചയിലോ, രണ്ടാഴ്ച്ചയിലോ ഒരിക്കൽ 1-2 മണിക്കൂർ ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈനായാണ് ക്‌ളാസുകൾ. മാതൃഭാഷയ്ക്കായി സ്വിറ്റ്സർലൻഡിൽ ഒരുങ്ങുന്ന മികവുറ്റ ഭാഷാ പഠനകേന്ദ്രത്തിലേക്ക് അദ്ധ്യാപകർക്കും, പഠിതാക്കൾക്കും അക്ഷരകേളിയുടെ സ്വാഗതം.