തണുപ്പും ഹിമപാതവും ശക്തമാകുന്നു: മഞ്ഞു പുതയ്ക്കാനൊരുങ്ങി സ്കോട്‌ലൻഡ്
Mail This Article
ഗ്ലാസ്ഗോ ∙ വരും ദിവസങ്ങളിൽ കൊടുംശൈത്യത്തിനും കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവുമായി സ്കോട്‌ലൻഡ്. വടക്കൻ സ്കോട്‌ലൻഡിൽ താപനില -15 ഡിഗ്രി സെൽഷ്യസ് വരെയായേക്കും. വ്യാപകമായ ഗതാഗത തടസ്സത്തിനും വൈദ്യുതി മുടക്കത്തിനും സാധ്യതയുണ്ട്. ഹീറ്റിങ് പ്രവർത്തിപ്പിച്ചില്ലെങ്കിൽ വെള്ളം ഘനീഭവിച്ച് വീടുകളിലെ പൈപ്പ് ലൈനുകൾ പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ഇൻഷുറൻസ് കമ്പനികൾ ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും കടുത്തതും ദൈർഘ്യമേറിയതുമായ തണുത്ത കാലാവസ്ഥയായിരിക്കും ഇത്.
ചൊവ്വ പുലർച്ചെ 12 മുതലുള്ള മഞ്ഞുവീഴ്ചയ്ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലേ അലേർട്ട് ജാഗ്രത നൽകിയത്. ചൊവ്വ രാവിലെ വടക്കു പടിഞ്ഞാറൻ സ്കോട്‌ലൻഡിൽ ഉടനീളം ഉണ്ടാകുന്ന ഹിമപാതത്തെ തുടർന്ന് ചില സ്ഥലങ്ങളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 2 മുതൽ 5 വരെ സെന്റിമീറ്റർ മഞ്ഞിന് സാധ്യതയുണ്ട്. സ്കോട്‌ലൻഡിന്റെ വടക്കൻ പകുതിയിലും ഉയർന്ന പ്രദേശങ്ങളിലും 20 സെന്റീമീറ്റർ വരെ മഞ്ഞ് പ്രത്യക്ഷപ്പെട്ടേക്കും. അബർഡീൻ, അബർഡീൻഷയർ, മൊറേ, ഹൈലാൻഡ്‌സ്, വെസ്റ്റേൺ ഐൽസ്, ഡംഫ്രീസ് ആൻഡ് ഗാലോവേ, ആർഗിൽ ആൻഡ് ബ്യൂട്ട്, നോർത്ത് അയർഷയർ, സൗത്ത് അയർഷയർ, ഓർക്ക്‌നി, ഷെറ്റ്‌ലാൻഡ് എന്നിവിടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരും.
വടക്കൻ സ്കോട്‌ലൻഡിന്റെ ചില ഭാഗങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലും മഞ്ഞുവീഴ്ച പ്രവചിച്ചിരുന്നു. ഹൈലാൻഡ്‌സ്, ഓർക്ക്‌നി, ഷെറ്റ്‌ലൻഡ് ദ്വീപുകൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ പകൽ മുഴുവൻ മഞ്ഞുവീഴ്‌ച സംബന്ധിച്ച് യെലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോട്‌ലൻഡിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വ്യാപകമാകുന്ന ഹിമപാതം ഗ്ലാസ്‌ഗോയിലും സെൻട്രൽ ബെൽറ്റിനും ചുറ്റും 2 മുതൽ 5 വരെ സെന്റീമീറ്റർ മഞ്ഞിന് കാരണമാകും. ഉയർന്ന തെക്കൻ പ്രദേശങ്ങളിൽ 10 സെന്റീമീറ്റർ വരെയാണ് മഞ്ഞിനു സാധ്യത. ഗ്ലാസ്ഗോയിലെ പ്രദേശങ്ങളിൽ ഞായർ രാത്രി താപനില -5 സെൽഷ്യസ് വരെയെത്തി. ചൊവ്വാഴ്ച താപനില വീണ്ടും -6 ഡിഗ്രിയായി ഉയരുമെന്നാണു സൂചന.