യുകെയിലെ ആരോഗ്യമേഖലയിൽ പ്രതിവര്‍ഷം ആയിരം റിക്രൂട്ട്മെന്റുകള്‍ ലക്ഷ്യം; എൻഎച്ച്എസ് പ്രതിനിധികളുമായി ചർച്ച നടത്തി നോര്‍ക്ക
Mail This Article
ലണ്ടൻ/തിരുവനന്തപുര ∙ യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എൻഎച്ച്എസ്) പ്രതിനിധികളുമായി ചർച്ച നടത്തി നോർക്ക റൂട്ട്സ്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിൽ ഏപ്രിൽ മുതല്‍ പ്രതിവര്‍ഷം 1000ൽപ്പരം റിക്രൂട്ട്മെന്റുകള്‍ (പ്രോജക്റ്റ് 1000പ്ലസ്) സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശേരി എന്നിവര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍,നഴ്സുമാര്‍ എന്നിവരെ കൂടാതെ ആരോഗ്യമേഖലയില്‍ നിന്നുളള മറ്റ് പ്രൊഷനലുകള്‍ക്ക് കൂടി റിക്രൂട്ട്മെന്റിൽ അവസരം ലഭ്യമാക്കുമെന്ന് നോർക്ക റൂട്ട്സ് പറഞ്ഞു.
കഴിഞ്ഞ മൂന്നു യുകെ കരിയര്‍ ഫെറുകള്‍ സംബന്ധിച്ചും യോഗത്തില്‍ വിശദമായി വിലയിരുത്തി. റിക്രൂട്ട്മെന്റ് നടപടികള്‍ നിശ്ചിതസമയപരിധിക്കുളളില്‍ സാധ്യമാക്കുന്നതിനായുളള നിര്‍ദ്ദേശങ്ങൾ, പ്രത്യേക റിക്രൂട്ട്മെന്റ് പോര്‍ട്ടലിന്റെ ഡിജിറ്റല്‍ സാധ്യതകൾ എന്നിവയും ചര്‍ച്ചയിൽ ഉൾപ്പെട്ടുവെന്ന് നോർക്ക റൂട്ട്സ് പ്രതിനിധികൾ പറഞ്ഞു.
യുകെയിലെ കെയര്‍ ഹോമുകളിലേക്കുള്ള സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ സാധ്യതകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്നുളള നഴ്സുമാരുടെ തൊഴില്‍നൈപുണ്യം മികച്ചതാണെന്ന് യുകെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കൂടി ഉപകാരപ്രദമാകും വിധം റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റം വരുത്തുന്നതിനും നിര്‍ദ്ദേശമുണ്ടായി. നോര്‍ക്ക റൂട്ട്സ് യുകെ റിക്രൂട്ട്മെന്റ് മാനേജര്‍ ടി. മനോജ്, ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ എസ്. സുഷമാഭായി, റിക്രൂട്ട്മെന്റ് പ്രതിനിധികളായ ആർ. എം. ഫിറോസ്ഷാ, ജി.ആര്‍. രതീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.