36 മണിക്കൂർ ഭക്ഷണമില്ല; ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ 'തിങ്കളാഴ്ച നോയമ്പ് ' വൈറൽ
Mail This Article
ലണ്ടൻ ∙ 36 മണിക്കൂർ ഭക്ഷണം കഴിക്കാത്ത ഒരാളുടെ തലച്ചോറും മനസും കൃത്യമായി പ്രവർത്തിക്കുമോ എന്നാണ് ബ്രിട്ടനിൽ രാഷ്ട്രീയ വിമർശകർ ചോദിക്കുന്ന ചോദ്യം. ഇതിനു കാരണം മറ്റൊന്നുമല്ല, ബ്രിട്ടനിലെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ 36 മണിക്കൂർ നീളുന്ന തിങ്കളാഴ്ച നോയമ്പ് തന്നെ. ബ്രിട്ടനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ബിബിസി തന്നെയാണ് പ്രധാനമന്ത്രിയുടെ ഭക്ഷണശീലം പരസ്യമാക്കിയത്. ഉത്തമ ദാമ്പത്യത്തിനും ദീർഘസുമംഗലിയാകാനുമായി തിങ്കളാഴ്ച വ്രതം അനിഷ്ഠിക്കുന്ന ഹൈന്ദവ സ്ത്രീകൾ ഇന്ത്യയിൽ ഏറെയാണ്. ശിവ ഭക്തരായ പുരുഷന്മാരും ഇത്തരത്തിൽ തിങ്കളാഴ്ച നോയമ്പുകാരാകാറുണ്ട്. എന്നാൽ ഹിന്ദുമത വിശ്വാസിയാണെങ്കിലും ബ്രിട്ടിഷ് പ്രധാനമന്ത്രി ഈ വ്രതം അനുഷ്ഠിക്കുന്നത് ഇതുകൊണ്ടൊന്നുമല്ല. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള 36 മണിക്കൂർ ഭക്ഷണം ഉപേക്ഷിക്കുന്നത്.
ശരിയായ ഭക്ഷണമില്ലാതെ നന്നായി ബുദ്ധി പ്രവർത്തിക്കുമോ എന്നാണ് ഇതിനോടുള്ള രാഷ്ട്രീയ വിമർശകരുടെ പ്രതികരണം, ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിങ് എന്ന ഡയറ്റിങിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ ജീവിതരീതിയിലെ മാറ്റം. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവാണെങ്കിലും കോളയോടും മധുര പലഹാരങ്ങളോടുമുള്ള ഋഷു സുനകിന്‍റെ ഇഷ്ടം ഏറെ പ്രശസ്തമാണ്.
കൃത്യനിഷ്ടയോടെ ജീവിക്കുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി 36 മണിക്കൂർ ഭക്ഷണം ഉപേക്ഷിക്കുന്നത് എന്നാണ് ബിബിസി ഹെൽത്ത് എഡിറ്ററുടെ റിപ്പോർട്ടിലുള്ളത്. ബാലൻസ്ഡ് ലൈഫ് സ്റ്റൈലിന്‍റെ ഭാഗമാണ് ഈ ശീലമെന്നാണ് പ്രധാനമന്ത്രി തന്നെ ഇതിനെ വിശദീകരിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായുള്ള ഋഷിയുടെ സൈക്കിൾ സവാരിയും നേരത്തെ വാർത്തയായിരുന്നു.