ജർമനിയിൽ ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് നാളെ പണിമുടക്കും; വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചേക്കും
Mail This Article
ബര്‍ലിന്‍∙ നാളെ ജർമനിയിൽ വെര്‍ഡി ട്രേഡ് യൂണിയനിൽ അംഗങ്ങളായ ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് നടത്തുന്ന പണിമുടക്ക് വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ജർമൻ സമയം പുലര്‍ച്ചെ 4 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് മറ്റന്നാൾ രാവിലെ 7.10 വരെ തുടരും . ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ഹാംബുര്‍ഗ്, ബര്‍ലിന്‍, ഡ്യൂസല്‍ഡോര്‍ഫ് എന്നീ വിമാനത്താവളങ്ങളിലെ സർവീസിനെ ബാധിക്കുമെന്നാണ് വിവരം. കഴിഞ്ഞയാഴ്ച സുരക്ഷാ ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് രാജ്യത്തുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ സർവീസ് റദ്ദാക്കിയിരുന്നു.
അറ്റകുറ്റപ്പണി മുതല്‍ പാസഞ്ചര്‍, എയര്‍ക്രാഫ്റ്റ് കൈകാര്യം ചെയ്യല്‍ വരെയുള്ള തൊഴിലുകളിൽ ഏർപ്പെടുന്ന ഗ്രൗണ്ട് സ്റ്റാഫുകളും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്. ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫിലെ 80 മുതല്‍ 90 ശതമാനം വരെയുള്ള ആളുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. വിവിധ ലുഫ്താന്‍സ ശാഖകളിലെ 25,000 ഗ്രൗണ്ട് സ്റ്റാഫുകൾ വെര്‍ഡി ട്രേഡ് യൂണിയനിൽ അംഗങ്ങളാണ്. വേതനത്തില്‍ 12.5% വർധനവ് അല്ലെങ്കില്‍ അടുത്ത പന്ത്രണ്ട് മാസത്തേക്ക് പ്രതിമാസം കുറഞ്ഞത് 500 യൂറോ വർധിപ്പിക്കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ലുഫ്താന്‍സയുടെ ഉടമസ്ഥതയിലുള്ള ഡിസ്കവര്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാരുടെ 48 മണിക്കൂര്‍ ഇന്ന് അവസാനിക്കുന്നതിന് മുൻപാണ് പുതിയ സമരപ്രഖ്യാപനം