‘10 ലക്ഷം രൂപ തന്നാൽ പോർച്ചുഗലിൽ ജോലി', പണം തിരികെ ചോദിച്ചാൽ ഗുണ്ടാഭീഷണി; കോട്ടയത്ത് അറസ്റ്റിലായ പ്രതിക്കെതിരെ കൊച്ചിയിലും കേസ്
Mail This Article
കൊച്ചി ∙ പോർച്ചുഗലിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നും 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ തട്ടിയെടുത്ത കേസിൽ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ആനിക്കാട് വികാസ് മാത്യുവിനെതിരെ കൊച്ചിയിലും കേസ് റജിസ്റ്റർ ചെയ്തു. കോട്ടയത്തു ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ തെളിവെടുപ്പിനായി കൊച്ചിയിൽ കൊണ്ടുവന്നു ചോദ്യം ചെയ്തു.
പത്തനംതിട്ട സ്വദേശിയെ കബളിപ്പിച്ച കേസിലാണു പ്രതി വികാസിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നടമ ഷാരിപ്പടി സ്വദേശി എസ്. വിവേകിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് വികാസ് മാത്യുവിനെതിരെ കേസെടുത്തത്. കോട്ടയം ലോഗോസ് ജംക്‌ഷനിൽ എംകെ ടവേഴ്സിൽ നടക്കുന്ന വയലറ്റ്സ് ഗ്രൂപ്പ് എന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ പേരിലാണു പരാതിക്കാരിൽ നിന്നു പണം വാങ്ങുന്നത്. പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ രണ്ടു തവണയായി 4 ലക്ഷം രൂപ തിരികെ കൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടാൽ ഗുണ്ടകളെവിട്ടു മർദിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.