ഈസ്റ്റ്ഹാം സെന്റ് ജോർജ് മിഷനിൽ വാർഷിക ധ്യാനവും മദേഴ്സ് ഡേയും ജോസഫ് നാമധാരി സംഗമവും
Mail This Article
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഈസ്റ്റ്ഹാം സെന്റ് ജോർജ് മിഷനിൽ ഈ വർഷത്തെ വാർഷിക ധ്യാനവും ആരാധനയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തി. ഫാ. ബോസ്കോ ഞാലിയത്തിന്‍റെ നേതൃത്വത്തിലായിരുന്നു മൂന്നു ദിവസം നീണ്ട ധ്യാനം. ആരാധനയ്ക്കും മറ്റു ശുശ്രൂഷകൾക്കും നേതൃത്വം നൽകികൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ മൂന്നുദിവസവും മുഴുവൻ സമയം ധ്യാനത്തിൽ പങ്കെടുത്തു. ലണ്ടൻ റീദനൽ ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ട്, സെന്‍റ് ജോർജ് മിഷൻ ഡയറക്ടർ ഫാ. ഷിന്‍റോ വർഗീസ് എന്നിവരും ധ്യാന ശുശ്രൂഷകളിൽ പങ്കാളികളായി.
ധ്യാനത്തോടനുബന്ധിച്ച് ഞായറാഴ്ച സംഘടിപ്പിച്ച മദേഴ്സ് ഡേ ആഘോഷത്തിൽ മിഷനിലെ എല്ലാ അമ്മമാരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. സെന്റ് ജോസഫ് ഫീസ്റ്റിനോടനുബന്ധിച്ച് ഇടവകയിലെ ജോസഫ് നാമധാരികളെയും പ്രത്യേകം ആദരിച്ചു. ലഘുഭക്ഷണം ഉൾപ്പെടെ ക്രമീകരിച്ചായിരുന്നു വെള്ളിയാഴ്ച ഉച്ചമുതൽ ഞായറാഴ്ച രാത്രിവരെ നീണ്ട ധ്യാനം സംഘടിപ്പിച്ചത്. ട്രസ്റ്റിമാരായ സോളൻ, ഷീനമോൾ, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.