യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ അന്തരിച്ചു; വിട പറഞ്ഞത് കോഴിക്കോട് സ്വദേശി എം. കെ. രാമചന്ദ്രൻ
Mail This Article
ലണ്ടൻ ∙ യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ എം. കെ. രാമചന്ദ്രൻ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രൻ മാർച്ച് 16 നാണ് അന്തരിച്ചത്. സംസ്കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട് രമ. മക്കൾ: റമീന (യുഎസ്‌എ.), റസ്സീത്ത (ലണ്ടൻ), രാഹേഷ് (ലണ്ടൻ). മരുമകൻ: യാൻവില്യം. പരേതരായ മണ്ണോത്ത് കുളങ്ങര ഉണിച്ചോയി (പുഷ്പ തിയേറ്റർ സ്ഥാപകൻ), അമ്മു എന്നിവരാണ് മാതാപിതാക്കൾ.
1960 ൽ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളജിൽ നിന്ന് ബിരുദം നേടിയ ഡോ. എം. കെ. രാമചന്ദ്രൻ 1974 ലാണ് യുകെയിൽ എത്തുന്നത്. യുകെയിൽ ഹാർട്ട്‌പൂൾ ഹോസ്പിറ്റലിൽ നിന്നും പീഡിയാട്രിക്‌സിൽ സ്പെഷ്യലൈസേഷൻ നേടിയ ശേഷം ഡംബാർട്ടൺ, ഡബ്ലിൻ, വെസ്റ്റ് യോർക്ക്ഷെയർ ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. തുടർന്ന് 1978ൽ എസക്സിലെ ഈസ്റ്റ് ടിൽബറിക്ക് സമീപമുള്ള ലിൻഫോർഡിലെ സെന്റ് ഫ്രാൻസിസ് ചർച്ച് ഹാളിൽ പ്രാക്ടീസ് ആരംഭിച്ചു
അലോപ്പതി ചികിത്സയോടൊപ്പം തന്നെ അക്യുപങ്ചർ, ആയുർവേദം (ഇന്ത്യൻ ഹോളിസ്റ്റിക് തെറാപ്പി) എന്നിവയിൽ ഡിപ്ലോമ നേടിയ ഡോ. എം. കെ. രാമചന്ദ്രൻ 1985ൽ ഹോമിയോപ്പതിയിൽ ബിരുദം നേടി. തുടർന്ന് റോയൽ ലണ്ടൻ ഹോമിയോപ്പതിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയും ഹാർലി സ്ട്രീറ്റിൽ ഹോമിയോപ്പതി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
ചാൾസ് മൂന്നാമൻ രാജാവുമായി ഏറെ അടുപ്പം പുലർത്തുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.