സ്കോട്ലൻഡിൽ ഭരണ പ്രതിസന്ധി; രാജിക്ക് ഒരുങ്ങി ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്
Mail This Article
എഡിൻബർഗ്/ലണ്ടൻ ∙ യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്കോട്ലൻഡിൽ ഭരണ പ്രതിസന്ധിയെ തുടർന്ന് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ. സർക്കാരിന് പിന്തുണ നൽകിയിരുന്ന സ്കോട്ടിഷ് ഗ്രീൻസ് പാർട്ടിയുമായുള്ള കരാർ ഹംസ യൂസഫിന്റെ പാർട്ടി അപ്രതീക്ഷിതമായി അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അലക്സ് സൽമണ്ടിന്റെ ആൽബ പാർട്ടിയുമായുള്ള കരാറും ഹംസ യൂസഫ് നിരാകരിച്ചിരുന്നു.
ഭരണ മുന്നണിയിൽ ഉള്ള മറ്റ് ചെറു പാർട്ടികളുടെ പിന്തുണ കൂടി ഹംസ യൂസഫിന് ഉറപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ മന്ത്രിസഭയ്ക്ക് അവിശ്വാസ വോട്ടിനെ അതിജീവിക്കാന്‍ സാധിക്കില്ല. ഇതേ തുടർന്നാണ് അവിശ്വസ വോട്ടിനെ നേരിടാതെ ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ നിന്നും ഹംസ യൂസഫ് രാജി വയ്ക്കുവാൻ ഒരുങ്ങുന്നത് എന്നാണ് സൂചന. ബുധനാഴ്ച മുതൽ നടന്നേക്കാവുന്ന അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഹംസ യൂസഫിന് ഒരു പ്രതിപക്ഷ അംഗത്തിന്‍റെയെങ്കിലും വോട്ട് ആവശ്യമാണ്.
129 സീറ്റുകളുള്ള പാർലമെന്‍റിൽ എസ്എൻപിക്ക് 63 പ്രതിനിധികൾ ഉണ്ട്. ഒപ്പം ഉണ്ടായിരുന്ന ഏഴ് ഗ്രീൻ പാർട്ടി പ്രതിനിധികൾ വോട്ട് ചെയ്താൽ ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ തുടരാൻ ആൽബ പാർട്ടിയുടെ ഏക എംപിയുടെ പിന്തുണ ഉറപ്പാക്കാൻ ഹംസ യൂസഫിന് കഴിയണം. എന്നാൽ പോലും 64 വീതം വോട്ടുകൾ ലഭിച്ച് പ്രതിപക്ഷവുമായി തുല്യ നിലയിൽ എത്തുന്ന സാഹചര്യമേ ഉണ്ടാകൂ. എന്നാൽ പാർലമെന്‍റ് പ്രതിനിധയായ പ്രിസൈഡിങ് ഓഫിസർ തൽസ്ഥിതി നിലനിർത്താൻ വോട്ടുചെയ്താൽ ഹംസ യൂസഫിന് ഫസ്റ്റ് മിനിസ്റ്റർ ആയി തുടരാം.
സ്കോട്‍ലാൻഡിലേക്ക് കുടിയേറിയ പാക്കിസ്താൻ വംശജനായ പിതാവിന്‍റെയും കെനിയൻ വംശജയായ മാതാവിന്‍റെയും മകനായി പിറന്ന ഹംസ യൂസഫ് ഗ്ലാസ്ഗൊ സർവകലാശാലയിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്. സ്കോട്‍ലാൻഡിലെ മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്സ് സാൽമണ്ടിന്‍റെ സഹായിയാകുന്നതിന് മുമ്പ് ഒരു കോൾ സെന്‍ററിൽ ജോലിക്കാരനായിരുന്നു. 2011ൽ ഗ്ലാസ്‌ഗോ റീജിയണിലേക്കുള്ള അധിക അംഗമായി സ്കോട്ടിഷ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം സ്കോട്ടിഷ് മന്ത്രിസഭാംഗമായി. അവസാനം രാജ്യത്തിന്‍റെ ആരോഗ്യ സെക്രട്ടറിയായിരുന്നു. 2010ൽ ഗെയ്‌ൽ ലിത്‌ഗോയെ വിവാഹം കഴിച്ചെങ്കിലും ഏഴു വർഷത്തിനുശേഷം വിവാഹമോചനം നേടിയ ഹംസ യൂസഫ് 2019ൽ നാദിയ എൽനക്ലയെ വിവാഹം കഴിച്ചു