ADVERTISEMENT

ഇസ്താംബൂൾ∙ തുർക്കിയിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട പാക്കിസ്ഥാൻ അഭയാർഥികള്‍ പൊലീസ് പിടിയിൽ.  മൂന്ന് പാക്കിസ്ഥാൻ അഭയാർഥികളാണ് ഒരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി കുടുംബത്തിൽ നിന്ന് 20 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഞായറാഴ്ച (മേയ് 20) തുർക്കി പൊലീസ് എഡിർനെ നഗരത്തിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പാക്കിസ്ഥാൻ അഭയാർഥികളെ അറസ്റ്റ് ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇസ്താംബൂളിൽ ജോലി തേടി എത്തിയ ഇന്ത്യക്കാരനായ അഖിൽ കൃഷ്ണൻ രാധാകൃഷ്ണനെ (29) യാണ് പാക്കിസ്ഥാൻ അഭയാർഥികൾ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. റസ്റ്ററന്‍റിൽ ഡിഷ് വാഷറായി ജോലി ചെയ്തിരുന്ന അഖിലിനെ ഒരു സുഹൃത്ത് വഴിയാണ് പ്രതികൾ പരിചയപ്പെട്ടത്. എഡിർനെയിൽ റിയൽ എസ്റ്റേറ്റ് ഏജന്‍റായും പരിഭാഷകനായും  ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ അഖിലിനെ ആകർഷിച്ചു. എഡിർനെയിൽ പ്രതികൾ നൽകിയ വിലാസത്തിൽ എത്തിയ അഖിലിനെ അവിടെവച്ച് തട്ടിക്കൊണ്ടുപോയശേഷം കൈകാലുകൾ ബന്ധിച്ച് തടവിലാക്കുകയായിരുന്നു. കുടുംബത്തെ വിഡിയോ കോൾ ചെയ്ത്, 20 ലക്ഷം രൂപ (ഏകദേശം 775,000 തുർക്കിഷ് ലിറ) മോചനദ്രവ്യം ആവശ്യപ്പെട്ടു. 

പൊലീസ് പിടിയിലായ പ്രതികൾ
പൊലീസ് പിടിയിലായ പ്രതികൾ

മോചനദ്രവ്യം ക്രമീകരിക്കാൻ സമയം തേടി അഖിലിന്‍റെ കുടുംബം സഹായത്തിനായി ഇസ്താംബൂളിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടു. തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്ത് അതിവേഗം എഡിർനെ പൊലീസിനെ അറിയിച്ചു. പ്രൊവിൻഷ്യൽ പൊലീസും പബ്ലിക് ഓർഡർ ബ്രാഞ്ച് ഡയറക്ടറേറ്റും ഇന്‍റലിജൻസ് ബ്രാഞ്ച് ഡയറക്ടറേറ്റും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷൻ പൊലീസ് ആരംഭിച്ചു. യാൻസിക്‌സി സാഹിൻ ജില്ലയിലെ സെയ് സെലിബി മോസ്‌ക് സ്ട്രീറ്റിലെ ഒരു വീട്ടിൽ അഖിലിനെ കണ്ടെത്തി. റെയ്ഡ് നടത്തിയ പൊലീസിനെ കണ്ട് തട്ടിക്കൊണ്ടുപോയവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ, ഒരു പ്രതിയെ റോഡിലും മറ്റൊരാളെ രണ്ട് കെട്ടിടങ്ങൾക്കിടയിലുള്ള സ്ഥലത്തും മൂന്നാമനെ കൽക്കരി ഷെഡിൽ നിന്നും പിടികൂടി. 

ലൈസൻസില്ലാത്ത തോക്ക്, നാല് വെടിയുണ്ടകൾ, കട്ടിങ് ഉപകരണങ്ങൾ, 220 യൂറോ, 16,230 ലിറ എന്നിവ പ്രദേശത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇവ  പ്രതികളുടെയാണെന്ന് കരുതുന്നു. പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

English Summary:

Three Pakistani asylum seekers in Turkey were arrested for kidnapping an Indian citizen and demanding ransom.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com