റെഡ്കാർപെറ്റിൽ തിളങ്ങി കനി കുസൃതിയും ദിവ്യപ്രഭയും; മലയാളസിനിമയ്ക്ക് കാനിൽ വന്‍ വരവേല്‍പ്പ്
Mail This Article
കാന്‍സ് ∙ എഴുപത്തിയേഴാമത് കാൻ ചലച്ചിത്രമേളയിൽ മലയാളി പെണ്‍താരങ്ങള്‍ നിറഞ്ഞാടി. മേളയുടെ തിളക്കം ചൊരിയുന്ന ചുവപ്പു പരവതാനിയില്‍ താളത്തിനൊത്തു ചുവടുവെച്ചാണ് മലയാളത്തിന്‍റെ പെണ്‍താരങ്ങള്‍ കസറിയത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയുടെ സ്ക്രീനിങ്ങിനായാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും കാന്‍ വേദിയിലെത്തിലെത്തി ചരിത്രം സൃഷ്ടിച്ചത്.
30 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാന്‍സ് ഫിലിം ഫെസ്ററിവലില്‍ ഒരു ഇന്ത്യന്‍ ചിത്രം പാം ഡി ഓര്‍ പുരസ്കാരത്തിനായുള്ള മത്സരത്തിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്.
19 ചിത്രങ്ങളാണ് ഈ മത്സരത്തിലേക്ക് ചുരുക്കപ്പട്ടികയിലെത്തിയത്. സംവിധായിക പായല്‍ കപാഡിയയ്ക്കൊപ്പമെത്തിയ കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ക്കൊപ്പം ഛായ കഗം, ഹൃദ്ധു ഹാരൂണ്‍ എന്നിവരും കൈകോര്‍ത്തു. ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, നിര്‍മാതാക്കളായ ജൂലിയന്‍ ഗ്രാഫ്, സികോ മൈത്ര, തോമസ് ഹക്കീം എന്നിവരും സാന്നിദ്ധ്യമറിയിച്ചു.
ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചത്. ചിത്രം പൂര്‍ത്തിയായതിന് പിന്നാലെ മിനിറ്റുകളോളം നീണ്ട കരഘോഷം ആസ്വാദകരുടെ നിറഞ്ഞ മനസിന്റെ സാക്ഷ്യപത്രമായത് അവിസ്മരണീയമായി. മുന്‍പ് 1994-ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം എന്ന ചിത്രമാണ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.