ADVERTISEMENT

ലണ്ടൻ∙ പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബ്രിട്ടനിൽ ദേശീയ പാർട്ടികൾ തങ്ങളുടെ ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തുന്ന തിരക്കിലാണ്. ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ലെങ്കിലും മുഖ്യ കക്ഷികളായ കൺസർവേറ്റീവും (ടോറി) ലേബറും തങ്ങൾ അധികാരത്തിലെത്തിയാൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രഖ്യാപനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതിൽ ഏറ്റവും ശ്രദ്ധ നേടിയ വിഷയമായിരിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക് മുന്നോട്ടു വച്ചിരിക്കുന്ന  നിബർന്ധിത ദേശീയ സേവനം. 

തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ 18 വയസ്സ് പൂർത്തിയായ സ്ത്രീകളും പുരുഷന്മാരും ചുരുങ്ങിയത് 12 മാസത്തേക്ക് സൈന്യത്തിൽ ചേരുകയോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ വാരാന്ത്യങ്ങളിൽ സമൂഹത്തിൽ സന്നദ്ധ സേവനം നടത്തുകയോ ചെയ്യുന്നത് നിർബന്ധമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ സൈന്യത്തിൽ ചേരുകയോ സന്നദ്ധ പ്രവർത്തനം നടത്താതിരിക്കുകയോ ചെയ്താൽ എന്താകും ഉണ്ടാകുക എന്ന ചോദ്യം ഉയർന്നു. ക്രിമിനൽ നടപടിയും ഉപരോധവും  ഉണ്ടാകുമോ എന്നായി ആശങ്ക. സംഗതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് മനസിലാക്കിയതോടെ ഹോം സെക്രട്ടറി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ദേശീയ സേവന പരിപാടിയിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ ആരെയും ജയിലിലേക്ക് അയയ്ക്കില്ലെന്ന് ഹോം സെക്രട്ടറി വിശദീകരിച്ചു. എന്നാൽ ഇവർക്കെതിരേ മറ്റ് നടപടികൾ ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം നിഷേധിക്കുന്നില്ല. 

ഗൗരവമില്ലാത്തതും അപ്രായോഗികവുമായ നിർദേശം എന്നു പറഞ്ഞാണ് ലേബർ പാർട്ടി ഈ നിർദേശത്തിനെതിരെ രംഗത്ത് വന്നത്. എന്തായാലും ടോറികൾ മുന്നോട്ടു വയ്ക്കുന്ന ഈ ആശയം ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളിൽ ഉൾപ്പെടെയുള്ളവരിൽ  അൽപമൊന്നുമല്ല ആശങ്ക വിതയ്ക്കുന്നത്. തങ്ങളുടെ കുട്ടികളെ പട്ടാളത്തിനു വിടാൻ നിർബന്ധിതരാകേണ്ടി വരുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമത്തിലും മറ്റും മലയാളി മാതാപിതാക്കൾ പങ്കുവയ്ക്കുന്നത്. ബ്രിട്ടിഷ് പാസ്പോർട്ട് എടുത്തത് പാരയാകുമോ എന്നായിരുന്നു ഒരു രക്ഷിതാവിന്‍റെ സംശയം. റഷ്യൻ ആക്രമണം ഭയന്നാണ് ബ്രിട്ടന്‍റെ നീക്കമെന്നും രക്ഷിതാക്കൾ സംശയം പ്രകടിപ്പിക്കുന്നു. 

പദ്ധതി വെറും തിരഞ്ഞെടുപ്പു വാഗ്ദാനമായി നിലനിൽക്കുമ്പോഴും നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നും ഇതുവരെ ലഭ്യമായ വിശദാംശങ്ങൾ ഇങ്ങനെയാണ്. മുഴുവൻ സമയം പട്ടളത്തിൽ ചേർന്നു പ്രവർത്തിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മാസത്തിൽ ഒരിക്കലുള്ള വാരാന്ത്യത്തിലെ സാമൂഹിക സേവനം തിരഞ്ഞെടുക്കാം.  പ്രതിവർഷം 25 ദിവസം ഇത്തരത്തിൽ സമൂഹത്തിന് സേവനം ചെയ്യണം. പൊലീസ്, ഫയർ സർവീസ്, എൻ.എച്ച്.എസ്, വിവിധ ചാരിറ്റികൾ എന്നവയുമായി സഹകരിച്ചാവും ഈ സേവനം ലഭ്യമാക്കേണ്ടത്. പ്രിസ്ക്രിപ്ഷൻ ഡെലിവറി, പ്രായമായവരുടെ പരിചരണം. ലൈഫ് ഗാർഡ്, റസ്ക്യൂ ഓപ്പറേഷൻ തുടങ്ങിയവയിൽ ഇവർക്ക് പങ്കെടുക്കാം. 

മുഴുവൻ സമയ മിലിട്ടറി ട്രെയിനിങ്ങിന് താൽപര്യമുള്ളവർക്ക് പ്രത്യേകം അപേക്ഷ നൽകിയാണ് ഇതിൽ ചേരാനാകുക. ഓരോ വർഷവും 30,000 പേർക്കാണ് ഇത്തരത്തിൽ മുഴുവൻ സമയ സൈനിക സേവനത്തിന് അവസരം ലഭിക്കുക. അപേക്ഷകരിൽനിന്നും പ്രത്യേകം ടെസ്റ്റ് നടത്തിയാകും അനുയോജ്യരായവരെ കണ്ടെത്തുക. ഇവർക്ക് യുദ്ധമുന്നണിയിലേക്കൊന്നും പോകേണ്ടി വരില്ല,  പകരം ലോജിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, വിഭവ സംഭരണം, സിവിൽ റസ്പോൺസ് ഓപ്പറേഷൻ തുടങ്ങിയ മേഖലകളിലാകും ഇവരുടെ സേവനം മുഖ്യമായും പ്രയോജനപ്പെടത്തുക. ഒരുവർഷം നീളുന്ന പ്ലേസ്മെന്റിനുശേഷം ഇവർക്ക് മിലിട്ടറിയിൽ തുടർന്നും സേവനം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അവസരം നൽകും. 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഇത്തരത്തിൽ സമാനമായ നിർബന്ധിത സൈനിക സേവനം ആദ്യമായി  ബ്രിട്ടനിൽ നടപ്പിലാക്കിയത്. 1965 വരെ നിലവിലുണ്ടായിരുന്ന ഈ പദ്ധതിയിൽ രാജകുടുംബത്തിലെ കുട്ടികൾക്കും കാഴ്ചശക്തിയില്ലാത്തവർക്കും മാനസിക ബുദ്ധിമുട്ടുകളോ വൈകല്യമോ ഉള്ളവർക്കും ഇളവു ലഭിച്ചിരുന്നു. സമാനമായ രീതിയിൽ ഇത്തവണയും ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

2.5 മില്യൻ പൗണ്ടിന്‍റെ പദ്ധതിയായാണ് ഇത് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുവാക്കൾക്ക് വെളാന്‍ററി സ്കീമായി സാമൂഹിക സേവനം നടപ്പാക്കിയിരുന്നു. ഇതിന് നല്ല പ്രതികരണവുമാണ് ലഭിച്ചത്. എന്നാൽ ഇത് നിർബന്ധിതമാക്കുന്നതിനോട് യുവാക്കളുടെ പ്രതികരണം അനുകൂലമാകില്ല. കഴിഞ്ഞവർഷം നടത്തിയ ഒരു അഭിപ്രായ സർവേയിൽ 64 ശതമാനം പേരും നിർബന്ധിതമായി ഇത്തരം സേവനം നടപ്പിലാക്കുന്നതിനെ എതിർക്കുകയായിരുന്നു. 

എന്തായാലും ഈ നിർബന്ധിത സൈനക സേവനം ബ്രിട്ടനിൽ ചൂടേറിയ രാഷ്ട്രീയ വിഷയമായി കഴിഞ്ഞു. ദേശീയത വോട്ടാക്കി മാറ്റാനുള്ള സുനകിന്‍റെ തന്ത്രം ഫലിച്ചാൽ ടോറികൾക്ക് നേട്ടമാകും. പട്ടാള സേവനം  ഇഷ്ടമില്ലാത്ത യുവതയും അവരുടെ മാതാപിതാക്കളും എതിർത്താൽ പണി പാളുകയും ചെയ്യും.  

English Summary:

Rishi Sunak with compulsory military service move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com