അയർലൻഡിലെ ‘മലങ്കര ഓർത്തഡോക്സ് സംഗമം’ ഇന്ന് മയിനൂത്തിൽ
Mail This Article
ഡബ്ലിൻ/മയിനൂത്ത് ∙ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മലങ്കര ഓർത്തഡോക്സ് സംഗമം’ ഇന്ന് അയർലൻഡിലെ മയിനൂത്തിൽ നടക്കും. സംഗമത്തോട് അനുബന്ധിച്ചു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പൊതുസമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം കാതോലിക്കാ ബാവാ ഡബ്ലിനിൽ എത്തിയിരുന്നു. കിൽഡെയർ കൗണ്ടിയിലെ മയിനൂത്ത് സെന്‍റ് പാട്രിക്ക് കോളജിൽ നടക്കുന്ന സമ്മേളനത്തിൽ അയർലൻഡിലെയും യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൽ ഉൾപ്പെടുന്ന വിവിധ രാജ്യങ്ങളിലെയും ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
രാവിലെ 8.30 ന് സംഗമ വേദിയിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1.30 ന് സംഗമത്തിനായുള്ള പതാക ഉയർത്താലും പ്രദക്ഷിണവും നടക്കും. തുടർന്ന് 2.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വെരി. റവ. ഡെർമോട്ട് ജെ ഡൺ, സെന്‍റ് പാട്രിക്ക് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് പ്രഫ. മൈക്കിൾ മുള്ളാനി എന്നിവർ ഉൾപ്പടെ വിവിധ സംഭകളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിക്കും.