ലണ്ടനിൽ പൂരപ്പറമ്പൊരുക്കി നവധാരയുടെ 'മേളപ്പെരുമ'; പാട്ടിന്റെ പാലാഴി തീർത്ത് ചിത്രയും സംഘവും
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ വാദ്യാസ്വാദകരെ കോരിത്തരിപ്പിച്ച് മേളപ്പെരുമ. വിനോദ് നവധാര എന്ന കലാകാരന്റെ ആത്മസമപ്പണത്തിന്റെ ഭാഗമായി ബ്രിട്ടന്റെ വിവധ ഭാഗങ്ങളിൽ കുടിയേറിയ മലയാളി സമൂഹത്തിലാകെ ആവേശമായി മാറിയ ചെണ്ട എന്ന കലാരൂപത്തിന്റെ മറക്കാനാവാത്ത ഉൽസവവേദിയായിരുന്നു ശനിയാഴ്ച ഹാരോയിൽ നടന്ന മേളപ്പെരുമയുടെ രണ്ടാം എഡിഷൻ.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും പ്രശസ്ത സിനിമാതാരം ജയറാമിനുമൊപ്പം അഞ്ഞൂറോളം ചെണ്ടക്കാരാണ് രണ്ടര മണിക്കൂറോളം ആടിത്തിമിർത്ത് ആസ്വാദകരെ കോരിത്തരിപ്പിച്ചത്. ഈ ആവേശത്തിന്റെ കൊടുമുടിയിൽ കുളിർകാറ്റുപോലെ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും പിന്നണി ഗായകൻ മധുബാലകൃഷ്ണനും പാട്ടുകളുടെ കെട്ടഴിച്ചപ്പോൾ ആവേശത്തിനൊപ്പം രണ്ടായിരത്തോളം കാണികൾ ആത്മനിർവൃതിയിൽ അലിഞ്ഞു.
ഹാരോയിലെ ബൈറോൺ ഹാളിൽ അരങ്ങേറിയ മേളപ്പെരുമക്ക് അക്ഷരാർഥത്തിൽ പൂരപ്പറമ്പിന്റെ പ്രതീതി സൃഷ്ടിക്കാനായി. സംഘാടക മികവ് കൊണ്ടും മികവുറ്റ കലാപ്രതിഭകളെ കൊണ്ടും അനുഗ്രഹീതമായിരുന്ന കലാസന്ധ്യയിൽ അണിനിരന്നത് രണ്ടായിരത്തിലധികം മലയാളികളാണ്.
അഞ്ചു വർഷങ്ങൾക്കു മുൻപ് 2019ലായിരുന്നു പ്രശസ്ത സിനിമാ നടനും ചെണ്ടമേള വിദഗ്ധനുമായ ജയറാമിന്റെ നേത്വത്തിൽ മേളപ്പെരുമ ലണ്ടനിൽ ആദ്യമായി അരങ്ങേറിയത്. ജയറാമിന്റെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം അന്ന് ബ്രിട്ടണിലെ പ്രവാസികൾക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. വൻവിജയമായിരുന്ന മേളപ്പെരുമയുടെ ചരിത്രാവർത്തനമായിരുന്നു അതേ ജയറാമിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഹാരോയിലെ ബൈറോൺ ഹാളിൽ.
ആസ്വാദനത്തിന്റെ സമസ്ത മണ്ഡലങ്ങളെയും കീഴ്പെടുത്തി കാണികളെ ത്രസിപ്പിക്കുന്ന ഇലഞ്ഞിത്തറമേളത്തിന്റെ പാണ്ടിമേളം, ചെണ്ടയുടെ ഏല്ലാ ആഢ്യത്വവും വിളിച്ചോതുന്ന പഞ്ചാരി, മത്സര ഭാവമായ തായമ്പക, എല്ലാം മേളപ്പെരുമയുടെ ഒറ്റ രാത്രിയിൽ ഒത്തുകൂടിയവർക്ക് ഒരു സ്റ്റേജിൽ ആസ്വദിക്കാനായി.