ADVERTISEMENT

ദുബായ് ∙ സംവിധായിക, അഭിനേത്രി, നിർമാതാവ്, കാസ്റ്റിങ് ഡയറക്ടർ... ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, തിരുവനന്തപുരവുമായി ബന്ധമുള്ള ഉർസുല മൻവത് കർ സിനിമയ്ക്ക് വേണ്ടി ഒരേസമയം ഒട്ടേറെ റോളുകളാണ് കൈകാര്യം ചെയ്യുന്നത്. സാധാരണയായി ഒന്നിലേറെ കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോൾ എല്ലാത്തിന്റെയും സൂക്ഷ്മത നഷ്ടപ്പെടും എന്നാണ് പറയാറെങ്കിലും മുംബൈയിൽ സ്ഥിരതാമസമാക്കിയ മഹാരാഷ്ട്ര സ്വദേശിനിയായ ഇൗ യുവതി താൻ ചെയ്യുന്നതെന്തും മികവ് പുലർത്തുന്നുവെന്ന് ഉറപ്പാക്കിയാണ് ചുവടുകൾ വയ്ക്കുന്നത്. 

1998 ൽ യുഎഇയിലെത്തിയ ഉർസുലയുടെ ഉടമസ്ഥതയിലുള്ള മെഡുല്ല പ്രൊഡക്ഷൻസ് നിർമ്മിച്ച ‘ദ് ലാസ്റ്റ് ചാൻസ്’ എന്ന ഹിന്ദി ഹ്രസ്വ ചിത്രം ഡിജിപ്ലെക്സ് ഒടിടി പ്ലാറ്റ്ഫോമിൽ അടുത്തിടെ റിലീസായപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്. 39 മിനിറ്റ് ദൈർഘ്യമുള്ള സൈക്കോ-ഹൊറർ ചിത്രത്തിന്റെ ട്രെയിലർ യു ട്യൂബിൽ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ പേർ കണ്ടിരുന്നു. നാല് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് 'ദ് ലാസ്റ്റ് ചാൻസ്' കഥ പറയുന്നത്. ഒട്ടേറെ ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും നിറഞ്ഞതാണ്. രാജ്യാന്തര തലത്തിൽ ഒട്ടേറെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് ആറു അവാർഡുകളും 10 നോമിനേഷനുകളും നേടിയിട്ടുണ്ട്. ഇതിൽ ആദ്യത്തേത് ഇൗ വർഷം ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടന്ന ഏഴാമത് ആർട് ഇൻഡിപെൻഡന്റ് ഇന്റർനാഷനൽ ചലച്ചിത്രോത്സവത്തിൽ  മികച്ച ഹ്രസ്വചിത്രത്തിന് ലഭിച്ചതാണ്.

The-Last-Chance-Poster-with-laurels

ആദ്യം കോർപറേറ്റ് രംഗത്ത്; പിന്നെ സാമൂഹികപ്രവർത്തക

കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2013 ൽ മെഡുല്ല സ്ഥാപിക്കുന്നതിനുമുമ്പ് മാർക്കറ്റിങ്ങിലും പിആറിലുമായിരുന്നു ഉർസുല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2008 ൽ ഉപേക്ഷിക്കപ്പെട്ട 1500  വളർത്തുമൃഗങ്ങൾക്കായി മൃഗസംരക്ഷണ പദ്ധതിക്ക് നേതൃത്വം നൽകി സാമൂഹികസേവന രംഗത്തേയ്ക്കും പ്രവേശിച്ചു. റമസാനിൽ ലേബർ ക്യാംപുകളിൽ ചൂടുള്ള ഭക്ഷണം നൽകുന്ന പദ്ധതി നടപ്പിലാക്കി. ഈ സംരംഭങ്ങളുടെ വിജയം തനിക്ക് തൻ്റേതായ വഴിയിലൂടെ സഞ്ചരിക്കാനുള്ള കരുത്തു നൽകിയെന്ന് ഉർസുല മനോരമ ഒാൺലൈനിനോട് പറഞ്ഞു. 2012 ലാണ് കോർപറേറ്റ് കരിയറിനോട് വിടപറഞ്ഞത്.

ബോളിവുഡ് സിനിമകളിലേയ്ക്ക്

വിനോദ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു മനസിൽ അടക്കിവച്ചിരുന്ന ആഗ്രഹം. അതിന്റെ തുടക്കമെന്ന നിലയ്ക്ക് 2009 ൽ ഗൾഫ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ സന്നദ്ധസേവനം നടത്തി യുഎഇയിലെ സിനിമാ മേഖലയിലെത്തപ്പെട്ടു. ഒരു ലൈൻ പ്രൊഡ്യൂസറെ പരിചയപ്പെട്ടതുവഴി ദുബായിൽ ചിത്രീകരിച്ച ഷാരൂഖ് ഖാന്റെ 'ഹാപ്പി ന്യൂ ഇയറിന്റെ' ഭാഗമായി. കാസ്റ്റിങ് മേഖലയിൽ പരിചയം സ്വായത്തമാക്കാൻ ഇതുവഴി സാധിച്ചു. തുടർന്ന് എയർലിഫ്റ്റ്, ടൈഗർ സിന്ദാ ഹേ തുടങ്ങിയ ബോളിവുഡ് സിനിമകളിൽ ജോലി ചെയ്തു. നൂറുകണക്കിന് പരസ്യങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും ഭാഗമായ ഉർസുല വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 

ursula-manvatkar
ഉർസുല മൻവത് കർ.

'ദ് ഫൈനൽ സ്‌ട്രോ', 'ദി കിക്ക്', 'ലെറ്റ് ഇറ്റ് ഗോ', 'ചപ്പൽ', 'ഷാഡോ ഐലന്റ്', 'ദ് ജാനിറ്റർസ്', 'എമ്പോറെറാദാസ്', 'ദി എവിഡൻസ്' എന്നിവയാണ് ഉർസുല പ്രവർത്തിച്ച ചിത്രങ്ങൾ. ഏറ്റവും പുതിയ ചിത്രമായ 'ദ് ലാസ്റ്റ് ചാൻസിലൂടെ' സംവിധായകയായും അരങ്ങേറ്റം കുറിച്ചു. സാമൂഹിക പ്രസക്തമായ പ്രമേയങ്ങളും മറ്റ് രസകരമായ ആശയങ്ങളും സിനിമകളിലൂടെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉർസുല പറയുന്നു. 'ഗുസ്താഖി', 'ദ് സ്വിച്ച്', 'ദ് കംപ്ലീറ്റ് വുമൺ' എന്നീ ഹ്രസ്വചിത്രങ്ങള്‍ വൈകാതെ യാഥാർഥ്യമാകും. 'ലാ റൂജ്' എന്ന പേരിൽ ഒരു സയൻസ് ഫിക്ഷൻ പരമ്പരയിലും വരാനിരിക്കുന്ന മറാത്തി ഫീച്ചർ ചിത്രമായ 'പിച്ചക്കരി'യിലും  പ്രവർത്തിക്കുന്നുണ്ട്.

മലയാളി കണക്ഷൻസ്

സിനിമാ മേഖലയിലെ ഉർസുലയുടെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും മലയാളികളാണ്. ദ് ലാസ്റ്റ് ചാൻസിൽ പ്രവർത്തിച്ച യുഎഇയിലെ യുവ അഭിനേതാക്കളായ സെബി പോൾ മാത്യൂസ്, ഹസ്നൈൻ സജ്ജാദ്, സാം ജോൺ, ബേബി അഘ്‌ന എന്നിവർ മലയാളികളാണ്. കൂടാതെ, ഡിഒപിമാരായ സമീർ അലി, സാം ജോൺ എന്നിവരും അസോസിയേറ്റുകളായ ഫസീൻ റഹിമാനും ഫാസില്‍, എഡിറ്റർമാരായ ഷൈസ് ഖാൻ, സജാദ് അസീസ് തുടങ്ങിയവരും മലയാളികൾ തന്നെ. സോ അലിയായിരുന്നു ചിത്രത്തിലെ നായകൻ. ഫ്രാങ്കോ അപേലോ, സൗണ്ട് ഡിസൈനർ അരുൺ മണിപ്പാൽ, വിവേക് ഹെജ്‌മാദി, മഹിന്ദ ധർമ്മരത്‌ന എന്നിവരും അണിയറയിൽ പ്രവർത്തിച്ചു. 

ursula-manvatkar2
ഉർസുല മൻവത് കർ.

തിരുവനന്തപുരത്തെ തണൽ വീട്

ഉർസുലയുടെ പിതാവ് നൂതൻ കുമാർ മൻവത്കർ അഗ്നിശമനസേനാ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് കർണാടകയിലെ മംഗ്ലുരു സ്വദേശിനിയും. നാഗ്പൂർ സ്വദേശിയാണെങ്കിലും ശാന്തമായി ജീവിക്കാനുള്ള ഒരിടത്തുവേണം വീടു വയ്ക്കാൻ എന്ന് പിതാവ് തീരുമാനിച്ചു. അങ്ങനെ കണ്ടെത്തിയ സ്ഥലമാണ് തിരുവനന്തപുരം. അവിടെ ശാന്തവും തണുപ്പനുഭവപ്പെടുന്നതുമായ ഒരു സ്ഥലത്ത് വീടുണ്ടെന്ന് ഉർസുല പറഞ്ഞു. ഇപ്പോൾ ദുബായിലാണ് സ്ഥിര താമസമെങ്കിലും കുടുംബം ഇടയ്ക്ക് അവിടെ പോയി താമസിക്കാറുണ്ട്.

English Summary: Indian actress in duabi ursula manvatkar trivandrum connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com