883 വെബ്സൈറ്റുകൾ വിലക്കി യുഎഇ; ഓൺലൈൻ ഉള്ളടക്കങ്ങളുടെ നിരീക്ഷണം ശക്തം
Mail This Article
അബുദാബി∙ അശ്ലീല വെബ്സൈറ്റുകളെ തുരത്തി യുഎഇ. 3 മാസത്തിനിടെ റദ്ദാക്കിയ 883 സൈറ്റുകളിൽ 435 എണ്ണം അശ്ലീല വെബ്സൈറ്റുകളാണ്. തട്ടിപ്പ്, വഞ്ചന എന്നിവയ്ക്കായി ഉപയോഗിച്ച 43% വെബ്സൈറ്റുകളും റദ്ദാക്കി.
മോശം വെബ്‌സൈറ്റുകളിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ നടപടി ശക്തമാക്കുമെന്നു അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ഉള്ളടക്കം രാജ്യത്തിന്റെ മത, ധാർമിക മൂല്യങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാൻ നിരീക്ഷണവും ശക്തമാക്കി. എല്ലാ വെബ്സൈറ്റുകളും യുഎഇയിൽ തുറക്കാൻ കഴിയില്ല.
സൈബർ നിയമങ്ങൾ ലംഘിക്കുന്ന ഓൺലൈൻ ഉള്ളടക്കം തടയാനുള്ള നിർദേശം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയ്ക്ക് നൽകിയിട്ടുണ്ടെന്നു ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ഇന്റർനെറ്റ് ആക്‌സസ് മാനേജ്‌മെന്റ് എന്നിവ വ്യക്തമാക്കി.
പൊതു താൽപര്യം, ധാർമികത, പൊതുക്രമം, ദേശ സുരക്ഷ, മതം എന്നിവയെ വ്രണപ്പെടുത്തുന്നതും ഇവയ്ക്കു വിരുദ്ധവുമായ ഉള്ളടക്കം നിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.
നിരോധിച്ച സൈറ്റുകൾ
ബ്ലോക്ക് ചെയ്‌തവയിലെ ഉള്ളടക്കം കാണാൻ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾ (പ്രോക്സി സെർവർ, വിപിഎൻ), അശ്ലീലം, നഗ്നത, ആൾമാറാട്ടം, വഞ്ചന, ഫിഷിങ്, അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, യുഎഇക്കും പൊതു ക്രമത്തിനും എതിരായ കുറ്റകൃത്യങ്ങൾ, ക്രിമിനൽ പ്രവൃത്തികളെ പിന്തുണയ്‌ക്കുന്നവ, കുറ്റകൃത്യങ്ങൾക്കു വേണ്ട വിവരങ്ങൾ നൽകുന്നവ, ലഹരി മരുന്ന്, ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വിൽക്കുന്ന സൈറ്റുകൾ, ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം, വിവേചനം, വംശീയത, മതത്തെ അവഹേളിക്കൽ, വൈറസ്, നിരോധിത ചരക്കുകളും സേവനങ്ങളും പ്രചരിപ്പിക്കൽ, അവയുടെ വിൽപന, നിയമവിരുദ്ധ ആശയവിനിമയ സേവനങ്ങൾ, ചൂതാട്ടം, തീവ്രവാദം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വെബ്സൈറ്റുകൾ നിരോധിക്കും.