ADVERTISEMENT

ദുബായ്∙ എമിറേറ്റിൽ കഴിഞ്ഞ 5 ദിവസത്തിനിടെ പിറന്നു വീണ ഓരോ കുഞ്ഞും ഈ ഭൂമിയിൽ ഒരു സീറ്റ് ഉറപ്പിച്ചിരുന്നു, സുരക്ഷയുടെ സീറ്റ്. ആശുപത്രിയിൽ തേടിയെത്തിയ സമ്മാനങ്ങളുടെ കൂട്ടത്തിൽ ഇമ്മിണി വല്യ സമ്മാനം കണ്ട് മാതാപിതാക്കൾ അമ്പരന്നു. 

ആ സമ്മാനപ്പൊതിയിൽ കുഞ്ഞിന്റെ സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള േബബി സീറ്റ് ആണെന്ന് അറിഞ്ഞപ്പോൾ ആ കരുതലിനു മുന്നിൽ മാതാപിതാക്കൾ നന്ദിയോടെ കൈകൂപ്പി. 

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണു കുഞ്ഞുങ്ങളുടെ സുരക്ഷിത യാത്ര എന്ന സന്ദേശവുമായി ദുബായ് ആർടിഎ നവജാത ശിശുക്കൾക്കെല്ലാം ബേബി സീറ്റുകൾ സമ്മാനമായി നൽകിയത്. ഈ മാസം 1 – 5നും ഇടയിൽ ജനിച്ച 500 കുട്ടികൾക്ക് സൗജന്യമായി േബബി സീറ്റുകൾ സമ്മാനിച്ചതായി ആർടിഎ അറിയിച്ചു. 

ദുബായിലെ 23 ആശുപത്രികൾ വഴിയാണ് ഓരോ കുട്ടിക്കും സുരക്ഷിത സീറ്റ് ഉറപ്പാക്കിയത്. 

‘എന്റെ കുട്ടിയുടെ ദേശീയ ദിന സമ്മാനം’ എന്നാണു പദ്ധതിക്ക് ആർടിഎ നൽകിയ പേര്.

 4 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു വാഹനങ്ങളിൽ സഞ്ചരിക്കണമെങ്കിൽ ബേബി സീറ്റുകൾ നിർബന്ധമാണ്. അതിവേഗത്തിലോടുന്ന വാഹനങ്ങളിൽ കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണു ബേബി സീറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. 

ബേബി സീറ്റ് ഇല്ലാത്തതിനാൽ കുട്ടികൾ വാഹനങ്ങൾക്കുള്ളിൽ തന്നെ തെറിച്ചു വീണ് അപകടമുണ്ടായ അനവധി സംഭവങ്ങളെ തുടർന്നാണു നിയമം കർശനമാക്കിയത്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾ മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നതിനും നിരോധനമുണ്ട്.

 പിറന്നു വീഴുന്ന ഓരോ കുട്ടിയും അത്രമേൽ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണെന്ന് ആർടിഎ എക്സിക്യുട്ടിവ് ഡയറക്ടർ ബദർ അൽ സിരി പറഞ്ഞു. 

കുഞ്ഞുങ്ങളുടെ ഭാരവും ഉയരവും കണക്കാക്കി വാഹനങ്ങളുടെ പിൻസീറ്റിൽ നിർബന്ധമായും ബേബി സീറ്റുകൾ ഘടിപ്പിക്കണം. 

കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതും ആരെങ്കിലും എടുത്തു കൊണ്ടിരിക്കുന്നതും സുരക്ഷിതമായ രീതിയല്ല. ഇത്തരം യാത്രകൾ കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണിയാണ്. കുട്ടികളുടെ സുരക്ഷയ്ക്കു പ്രാധാന്യം നൽകാത്ത വാഹനങ്ങൾക്കു 400 ദിർഹമാണു പിഴ. ദുബായ് പൊലീസ്, യുനിസെഫ്, ആരോഗ്യ വകുപ്പ് എന്നിവയുമായി ചേർന്നാണ് ബേബി സീറ്റ് സമ്മാന പദ്ധതി നടപ്പാക്കിയത്. 

English Summary: RTA Dubai distributes free baby car seats to  500 kids as part of child safety awareness campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com