വന്യമൃഗങ്ങൾക്ക് ശല്യമാകാതെ കുതിപ്പിൽ ഇത്തിഹാദ് റെയിൽ

etihad-rail
ഇത്തിഹാദ് റെയിൽ
SHARE

അബുദാബി∙ വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി പരിസ്ഥിതി സൗഹൃദ ട്രാക്കിൽ വികസനത്തിലേക്കു കുതിച്ച് ഇത്തിഹാദ് റെയിൽ. പ്രത്യേക ഇടനാഴിയും അനിമൽ ക്രോസിങ്ങും നിർമിച്ചും നോ ഹോൺ സോൺ, ബഫർ സോൺ അവതരിപ്പിച്ചുമാണ് മിണ്ടാപ്രാണികളോട് നീതി പുലർത്തുന്നത്.

 1200 കി.മീ ദൈർഘ്യമുള്ള പദ്ധതി കടന്നുപോകുന്ന മേഖലകളിലെ നൂറുകണക്കിന് മരങ്ങൾ മാറ്റി നടുകയാണ്. പ്രകൃതിയെ നെഞ്ചോടു ചേർത്തും വികസനം സാധ്യമാകുമെന്ന് കാട്ടിത്തരുന്ന ഒട്ടേറെ യുഎഇയിലെ ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്തിഹാദ് റെയിൽ പദ്ധതി. സിൽവർ ലൈനിന്റെ പേരിൽ താമസക്കാരുടെ ഉറക്കം കെടുത്തിയ കേരളത്തിനും ഇതിൽനിന്നു പഠിക്കാൻ ഏറെയുണ്ട്.

ജൈവവൈവിധ്യവും പ്രകൃതിയും സംരക്ഷിച്ചാണ് വികസനപദ്ധതി മുന്നോട്ടുപോകുന്നതെന്ന് ഇത്തിഹാദ് റെയിൽ ഡപ്യൂട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്‌റൂയി പറഞ്ഞു. 

ഇതിന്റെ ഭാഗമായി 1,300 ഗാഫ് മരങ്ങളും നൂറുകണക്കിന് സിദർ, ഈന്തപ്പനകൾ എന്നിവ മാറ്റി നട്ടു. പദ്ധതി പ്രദേശത്തുനിന്ന് 300ലേറെ മൃഗങ്ങളെയും വിഷപ്പാമ്പ് ഉൾപ്പെടെ ഇഴജന്തുക്കളെയും മാറ്റിപ്പാർപ്പിച്ചു.

 സൗദിയുടെ അതിർത്തി മുതൽ ഫുജൈറ വരെയുള്ള പദ്ധതിയുടെ 70% നിർമാണം പൂർത്തിയായി. 2024ൽ യാത്രാ സർവീസ് ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇതോടെ എമിറേറ്റുകൾ തമ്മിലുള്ള ദൈർഘ്യം കുറയും.

നിർദിഷ്ട റൂട്ടിൽനിന്നും 270 മീറ്റർ അകലെയുള്ള പക്ഷിസങ്കേതമായ അൽവത്ബ വെറ്റ് ലാൻഡ് റിസർവിനു സമീപത്തുകൂടിയുള്ള നിർമാണം പ്രജനനകാലത്ത് നിർത്തിവച്ചതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഏകദേശം 250 ഇനം പക്ഷികളും 37 ഇനം സസ്യങ്ങളുമാണ് ഇവിടെയുള്ളത്. 

ഇതിൽ 4000ത്തോളം അരയന്നങ്ങളും ഉൾപ്പെടും.

ട്രാക്ക് കടന്നുപോകുന്ന വഴിയിൽ മൃഗങ്ങൾക്കായി 95 ക്രോസിങ്ങുകളും കലുങ്കുകളും നിർമിച്ചുവരുന്നു. 

ഹുബാറ പക്ഷികളുടെ സംരക്ഷണത്തിന് ഹുബാറ കൺസർവേഷനുള്ള ഇന്റർനാഷനൽ ഫണ്ടുമായി ചേർന്ന് പ്രത്യേക പദ്ധതിയും ആവിഷ്ക്കരിച്ചു.

English Summary : Etihad Rail sets out conservation efforts as major project takes shape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS