ADVERTISEMENT

അബുദാബി∙ യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ചരിത്ര യാത്ര ഫെബ്രുവരി 26ന്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 6 മാസം കഴിയുന്ന അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പ് പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് ബഹിരാകാശത്തേക്കു കുതിപ്പ്. സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, ആൻഡ്രി ഫെഡ്‌യേവ് എന്നിവരാണ് സഹ സഞ്ചാരികൾ.

Read also. യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്ക് ഫീസ് വർധന

ഫെബ്രുവരി 19ന് പുറപ്പെടാനായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും ബഹിരാകാശ കേന്ദ്രത്തിൽ കുടുങ്ങിയ റഷ്യൻ സഞ്ചാരികളെ തിരിച്ചെത്തിക്കുന്നതിന് റഷ്യയെ അനുവദിക്കുന്നതിന്റെ ഭാഗമായി ദൗത്യം 26ലേക്കു നീട്ടുകയായിരുന്നു. യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് അൽഐനിൽ നിന്നുള്ള ഐടി പ്രഫഷനലായ 42കാരനെ ഏൽപ്പിച്ചിരിക്കുന്നത്. 2019ൽ നടന്ന ആദ്യ ദൗത്യത്തിൽ ഹസ്സ അൽ മൻസൂരി 8 ദിവസം ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിച്ച് വിജയകരമായി തിരിച്ചെത്തിയിരുന്നു.

ബഹിരാകാശത്ത് 6 മാസം തങ്ങി ഗവേഷണ പരീക്ഷണങ്ങൾ നടത്തി സുപ്രധാന ശാസ്ത്ര സത്യങ്ങളോടെയായിരിക്കും നെയാദിയുടെ മടക്കം. യുഎഇ ആസ്ട്രോനറ്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ആഴമേറിയ പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. ഇത് ഭാവിയിൽ ബഹിരാകാശം ലക്ഷ്യംവയ്ക്കുന്ന യുഎഇയ്ക്കു കരുത്തുപകരും. ബഹിരാകാശ പര്യവേഷണത്തിനായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയാണ് യുഎഇ ആസ്ട്രോനറ്റ് പദ്ധതി ലക്ഷ്യമിടുന്നത്. ഇമിറാത്തി ബഹിരാകാശ യാത്രികരുടെ കഴിവുകൾ വികസിപ്പിച്ച് അവരെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ പ്രവർത്തിക്കാൻ പ്രാപ്തരാക്കും വിധം പരിശീലിപ്പിക്കേണ്ട ചുമതല തിരിച്ചെത്തുന്ന  സുൽത്താൻ അൽ നെയാദിക്കായിരിക്കും.

ബഹിരാകാശ നിലയത്തിൽ ഫ്ലൈറ്റ് എൻജിനീയറായും സുൽത്താൻ അൽ നെയാദി സേവനമനുഷ്ഠിക്കും. ബോവന്റെ നാലാമത്തെ ബഹിരാകാശ യാത്രയാണിത്. മൂന്ന് സ്‌പേസ് ഷട്ടിൽ ദൗത്യങ്ങളിലൂടെ പരിചയ സമ്പന്നനായ അദ്ദേഹം ഏഴു തവണ ബഹിരാകാശത്ത് നടന്നിട്ടുണ്ട്. 40 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചു. മിഷൻ കമാൻഡർ എന്ന നിലയിൽ ലോഞ്ച് മുതൽ റീ-എൻട്രി വരെയുള്ള എല്ലാ ഘട്ടങ്ങളുടെയും ഉത്തരവാദിത്തം ബോവനായിരിക്കും.

പൈലറ്റ് എന്ന നിലയിൽ ഹോബർഗിന് ബഹിരാകാശ പേടക സംവിധാനങ്ങളുടെയും പ്രകടനത്തിന്റെയും ഉത്തരവാദിത്തമുണ്ട്. വിക്ഷേപണത്തിലും റീ-എൻട്രി ഘട്ടങ്ങളിലും ബഹിരാകാശ പേടകത്തെ നിരീക്ഷിക്കാൻ പ്രവർത്തിക്കുന്ന ഒരു മിഷൻ സ്പെഷ്യലിസ്റ്റായിരിക്കും ആൻഡ്രി ഫെഡ്‌യേവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com