അധികാരമേറ്റ് മൂന്നാം മാസം രാജി നൽകി കുവൈത്ത് മന്ത്രിസഭ
Mail This Article
കുവൈത്ത് സിറ്റി∙ ദേശീയ അസംബ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നു കുവൈത്ത് മന്ത്രിസഭ രാജിവച്ചു. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹിനു പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് രാജിക്കത്ത് കൈമാറി.
ധനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ പാർലമെന്റിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. അധികാരമേറ്റ് 3 മാസം തികയുമ്പോഴാണ് രാജി. രണ്ട് വർഷത്തിനിടെ രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിസഭയാണ് ഇത്. 2022 സെപ്റ്റംബർ 29ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്നാണ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ പുത്രനായ ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഒക്ടോബർ 17ന് അധികാരമേറ്റത്.
തിരഞ്ഞെടുക്കപ്പെടുന്ന 50 പ്രതിനിധികളാണ് പാർലമെന്റിലുള്ളത്. എന്നാൽ, മന്ത്രിസഭയിൽ ഇവരിൽ നിന്നു ചുരുങ്ങിയത് ഒരാൾ മാത്രം മതി എന്നാണു ചട്ടം. പ്രധാനമന്ത്രി ഉൾപ്പെടെ മറ്റെല്ലാ മന്ത്രിമാരെയും അമീർ നാമനിർദേശം ചെയ്യുകയാണ്.