ADVERTISEMENT

ദുബായ്∙ ലഹരി സംഘത്തിനു പണമയച്ചയാളുടെ ബാങ്ക് അക്കൗണ്ട് പൂട്ടി ക്രിമിനൽ കോടതി. 10000 ദിർഹം പിഴയും ചുമത്തി. ലഹരി വിൽപന സംഘത്തിലെ പ്രധാനിയുടെ അക്കൗണ്ടിലേക്കാണ് പ്രവാസി പണം അയച്ചത്. ക്രിസ്റ്റൽ, ഹെറോയിൻ തുടങ്ങിയ ലഹരി വസ്തുക്കൾ കൈമാറുന്ന സംഘവുമായിട്ടായിരുന്നു ഇടപാട്. വാട്സാപ്പിൽ ലഭിച്ച സന്ദേശത്തെ തുടർന്നാണ് പ്രവാസി പണം അയച്ചത്.

Also read: പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നു വീട്ടുജോലിക്കാരെ കൊണ്ടുവരാം; നടപടികൾ ഇങ്ങനെ

പണമിടപാട് പിടിച്ചതോടെ ഇയാളുടെ ബാങ്ക് അക്കൗണ്ട് പൂട്ടാൻ കോടതി നിർദേശിച്ചു. രണ്ടു വർഷത്തേക്കു ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയില്ല. ഇയാൾ ലഹരി ഉപയോഗിച്ചോ എന്നതിൽ പൊലീസിനു വ്യക്തതയില്ല. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. പണം അയച്ചു കൊടുത്തതു വ്യക്തമായെങ്കിലും ഇതു സംബന്ധിച്ച ചോദ്യത്തിനും ഇയാൾ മറുപടിയൊന്നും പറഞ്ഞില്ല. പണം അയച്ചതിനു പിന്നാലെ, ഇയാളുടെ പേരിൽ ലഹരി വസ്തുക്കൾ വിദേശത്തു നിന്നെത്തി.

വാഹനം പരിശോധിച്ച പൊലീസ് ലഹരി വസ്തുക്കൾ കണ്ടെത്തിയതായി കോടതിയെ അറിയിച്ചു. യുഎഇയിൽ ഇനി ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിൽ ഇയാൾക്ക് സെൻട്രൽ ബാങ്കിന്റെ അനുമതി ആവശ്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ലഹരി വിൽപന നടത്തുന്ന സംഘത്തിന്റെ വലയിൽ അകടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു പ്രവാസികൾക്കു പൊലീസ് മുന്നറിയിപ്പു നൽകി.

ചിത്രങ്ങളും വിഡിയോകളും അയച്ചു ഇരകളെ കുടുക്കാൻ കാത്തിരിക്കുന്ന മാഫിയകൾ സജീവമാണ്. രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും ലഹരി വസ്തുക്കൾ എത്തിക്കാൻ കഴിയുമെന്ന ഉറപ്പോടെയാണ് അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള സന്ദേശം മൊബൈൽ ഫോണുകളിലെത്തുക. വിൽപനക്കാരുടെ വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും യുഎഇ ലഹരി വിരുദ്ധ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ലഹരിമരുന്നു വിൽപനയ്ക്കും പ്രചാരണത്തിനുമുള്ള വിവിധ ഓൺലൈൻ സൈറ്റുകൾ പൊലീസ് പൂട്ടിച്ചു. കോവിഡ് കാലം മുതലാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഹരി വിൽപനയ്ക്കുള്ള ഇടപാടുകൾ തുടങ്ങിയത്. സമൂഹമാധ്യമങ്ങൾ വഴി ബന്ധം ഉണ്ടാക്കിയ ശേഷം പിന്നീട് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതാണ് രീതി. വിദേശ മൊബൈൽ നമ്പറുകളിൽ നിന്നു കുട്ടികൾക്കും കൗമാരക്കാർക്കുമെത്തുന്ന സന്ദേശങ്ങൾക്ക് പ്രതികരിക്കാതിരിക്കാൻ രക്ഷിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു. 

2021 ലെ ഫെഡറൽ നിയമം 34 പ്രകാരം ലഹരി വിപണനത്തിനു ഓൺലൈൻ മാധ്യമങ്ങൾ  ഉപയോഗിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്ക് പുറമേ 5 – 10 ലക്ഷം ദിർഹമാണ് പിഴ ശിക്ഷ. ലഹരിയുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com