ADVERTISEMENT

അബുദാബി∙ വിദേശ ഇന്ത്യക്കാരെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘടനകൾ. പൊതുതിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടുന്ന ബജറ്റ് ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെ പാടെ അവഗണിച്ചതായും കുറ്റപ്പെടുത്തി. വിവിധ സംഘടനാ പ്രതിനിധികളുടെ വിലയിരുത്തൽ.

സംയുക്ത നീക്കം അനിവാര്യം

കേന്ദ്ര സർക്കാരിനു കീഴിൽ പങ്കാളിത്ത പെൻഷൻ, ഓൺലൈൻ/പോസ്റ്റൽ വോട്ടവകാശം, വിമാന ടിക്കറ്റ് നിരക്കു വർധന തുടങ്ങി പ്രവാസികളുടെ ആവലാതികളിൽ ഒന്നുപോലും പരിഗണിക്കാത്തത് ഖേദകരം. കോടിക്കണക്കിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. വിദേശത്തുള്ള എല്ലാ സംഘടനകളും സംയുക്തമായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്നവർക്കെങ്കിലും ആശ്വാസകരമാകുംവിധം നടപടികൾ ഉണ്ടാകണം-അഡ്വ. വൈ.എ റഹീം പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ.

വാഗ്ദാനങ്ങൾ മാത്രം

പ്രവാസിയുടെ പണം മാത്രം മതി. പ്രവാസികൾക്കായി പ്രത്യേക പരാമർശങ്ങളൊന്നും ഇല്ല. വിദേശ നിക്ഷേപത്തിലൂടെ പ്രവാസി വരുമാനം ആകർഷിക്കാനുള്ള താൽപര്യം മാത്രം. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാവർക്കും വീട്, കുടിവെള്ളം, ദേശീയ പാത വികസനം തുടങ്ങിയവയൊന്നും പൂർണമായും പാലിക്കാതെയാണ് പുതിയ വാഗ്ദാനങ്ങൾ. 80 ലക്ഷം വീടുകൾ നിർമിക്കുന്നതിന് 48,000 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ 42 ലക്ഷം വീടുകൾ ഇനിയും നിർമിച്ചിട്ടില്ല.

Also read: കേന്ദ്ര ബജറ്റ്: നഴ്സ് ക്ഷാമത്തിന് പരിഹാരമാകും, പാൻ നിയമം കൃത്യത ഉറപ്പാക്കും

3.8 കോടി കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി 60,000 കോടി രൂപ വകയിരുത്തിയതിൽ ഇതുവരെ ജല കണക്ഷൻ നൽകിയത് 1.7 കോടി കുടുംബങ്ങൾക്ക്. 25,000 കി.മീ ദേശീയപാത വികസനത്തിൽ യാഥാർഥ്യമായത് 5774 കി.മീയും. എന്നാലും വാഗ്ദാനങ്ങൾക്കു കുറവില്ല-പുത്തൂർ റഹ്മാൻ, പ്രസിഡന്റ്, യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി.

കേരളത്തിനും അവഗണന

കേരളത്തെ പാടെ അവഗണിച്ച ബജറ്റ്. എയിംസ്, റെയിൽവേ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ സുപ്രധാന പദ്ധതികൾക്കായി ഒന്നും നീക്കിവച്ചില്ല. പ്രവാസികളെ ഒരു വിധത്തിലും പരിഗണിക്കാത്ത ബജറ്റ്. ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് എന്നീ പദ്ധതികൾക്കുള്ള തുകയും വെട്ടിക്കുറച്ചു-വി.പി കൃഷ്ണകുമാർ, പ്രസിഡന്റ്, കേരള സോഷ്യൽ സെന്റർ.

പ്രവാസികൾക്ക് നിരാശ

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ താങ്ങിനിർത്തുന്ന പ്രവാസികളെ പാടെ അവഗണിച്ച ബജറ്റിലൂടെ മുതലാളിത്തത്തിന്റെ വക്താക്കൾ തന്നെയാണെന്ന് കേന്ദ്ര സർക്കാർ എന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. പ്രവാസികൾക്കും കേരളത്തിനും ഒരു നേട്ടവും ഇല്ലാത്ത ബജറ്റ്. രാജ്യത്ത് വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം കുറച്ചുകൊണ്ടുവരാൻ പ്രത്യേക പദ്ധതികളൊന്നുമില്ല. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 5.9% ധനക്കമ്മി എങ്ങനെ മറികടക്കും എന്ന് വ്യക്തമല്ല. അടിസ്ഥാന വർഗത്തെ മറന്ന ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ചില ജാലവിദ്യകൾ ഒഴിച്ചാൽ നിരാശയാണ് മിച്ചം-എം.യു ഇർഷാദ്, ജനറൽ സെക്രട്ടറി അബുദാബി മലയാളി സമാജം.

ദീർഘവീക്ഷണമില്ല

യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്  ധനമന്ത്രി ശ്രമിച്ചിരിക്കുന്നത്. വിലക്കയറ്റം തടയാനോ വിപണിയിൽ ഇടപെടാനോ തയ്യാറാവാത്ത, ദീർഘവീക്ഷണമില്ലാത്ത ബജറ്റാണിത്. ആദായ നികുതി ഇളവ് സാധാരണക്കാർക്ക് ഗുണകരമാണെങ്കിലും തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണെന്നു മനസ്സിലാക്കാം-എൻ.പി രാമചന്ദ്രൻ പ്രസിഡന്റ്, ഇൻകാസ് യുഎഇ.

നിക്ഷേപ പദ്ധതി വേണം

ബജറ്റിൽ ദുർബല വിഭാഗത്തിന് നൽകിയ ഊന്നൽ, സ്ത്രീശാക്തീകരണം, വിനോദസഞ്ചാര കർമപദ്ധതി, വിശ്വകർമ സംരംഭം, ഹരിത വളർച്ച എന്നീ 4 പോയിന്റുകൾ ശ്രദ്ധേയം. ഗ്രാമങ്ങളിലെ കണക്റ്റിവിറ്റിക്ക് പ്രാധാന്യം നൽകുന്നതു വഴി കാർഷികോൽപന്നങ്ങളുടെ നാശം കുറയ്ക്കും.   4 കോടി പ്രവാസികളിലൂടെ 2022ൽ ഇന്ത്യയിൽ എത്തിയത് 10,000 കോടി യുഎസ് ഡോളർ.  സ്വന്തം ആവശ്യം ത്യജിച്ചും ഉള്ളതു മുഴുവൻ നാട്ടിലേക്കു അയച്ച് വെറും കൈയോടെ മടങ്ങുന്നവരുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി ആരംഭിക്കണം.

പ്രവാസികളെ മറന്നു, പ്രത്യേക പാക്കേജുകള്‍ ഇല്ല

പ്രവാസികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഒന്നും ബജറ്റിൽ ഇല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് പലതും. അപ്പോഴും പ്രവാസികളെ അവഗണിച്ച നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. 50 വിമാനത്താവളങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കോര്‍പ്പറേറ്റുകളെ സംതൃപ്തപ്പെടുത്തുന്നതിനും അതുവഴി സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ്.

രാജ്യത്തെ നൂറുവര്‍ഷം മുന്നില്‍ കാണുന്ന ബജറ്റെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം പരിഹാസത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളു. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് നിരവധി പ്രവാസികളാണ് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇവരുടെ സംരക്ഷണത്തിന് ഫലപ്രദമായ യാതൊരു പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ല.

യാത്രക്കൂലി സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രവാസികള്‍ ഏറെ നാളായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുന്ന വിഷയമാണ്. ഇതിന് ആവശ്യമായ നടപടികളും ബജറ്റിലില്ല. പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും– കുമ്പളത്ത് ശങ്കരപ്പിള്ള, ഒഐസിസി - ഇന്‍കാസ് ചെയര്‍മാന്‍.

English Summary : NRI organisations claimed union budget ignored expats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com