തുര്‍ക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാന്‍
Mail This Article
മസ്‌കത്ത് ∙ ഭൂകമ്പം നാശംവിതച്ച സിറിയയിലെയും തുര്‍ക്കിയയിലെയും പ്രദേശങ്ങളിലേക്ക് വൈദ്യസഹായവും രക്ഷാപ്രവര്‍ത്തകരെയും അയച്ച് ഒമാന്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. തെക്കന്‍ തുര്‍ക്കിയയില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ നാഷനല്‍ സെര്‍ച്ച് ആൻഡ് റെസ്‌ക്യൂ ടീമില്‍ നിന്നുള്ള സേന പങ്കെടുക്കും. തുര്‍ക്കിയിലും സിറിയയിലുമായി മെഡിക്കല്‍ ഉപകരണങ്ങളും മറ്റു വസ്തുക്കളും വിതരണം ചെയ്യും.
നേരത്തെ, സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ അഡൈ്വസറി ഗ്രൂപ്പുമായി സഹകരിച്ച് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ് എർദോഗൻ, സിറിയന്‍ പ്രസിഡന്റ് ഡോ. ബശര്‍ അല്‍ അസദ് എന്നിവരുമായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ (ഒസിഒ) സംഭാവനകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് പേയ്മെന്റ് മെഷീനുകള്‍, എസ്എംഎസ്, ഇലക്ട്രോണിക് പോര്‍ട്ടല്‍, ബങ്ക് ട്രാന്‍സ്ഫര്‍ എന്നിവ വഴി സംഭാവന ചെയ്യാം. ബങ്ക് മസ്‌കത്ത് (സിറിയ): 0423010706280016, എന്‍ ബി ഒ (സിറിയ): 1049337798006. ബാങ്ക് മസ്‌കത്ത് (തുര്‍ക്കി): 0423010700010017, ബങ്ക് ദോഫാര്‍ (തുര്‍ക്കി): 01040060909
മസ്‌കത്തിലെ തുര്‍ക്കി എംബസിയിൽ ഫെബ്രുവരി 8,9,12 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അനുശോചനം രേഖപ്പെടുത്താന്‍ പുസ്തകം വയ്ക്കും. സഹായ സാമഗ്രികള്‍ പെട്ടിയിലാക്കി സാധനങ്ങളുടെ ലിസ്റ്റ് സഹിതം മസ്‌കത്തിലെ തുര്‍ക്കി എംബസിയില്‍ എത്തിക്കാം. ഭക്ഷണ പെട്ടികള്‍, ഡയപ്പറുകള്‍, ശൈത്യകാല വസ്ത്രങ്ങള്‍, ക്ലീനിങ്, ശുചിത്വ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയാണ് കൂടുതല്‍ ആവശ്യമുള്ളതെന്നും മസ്‌കത്ത് തുര്‍ക്കി എംബസി അറിയിച്ചു.