ADVERTISEMENT

ദോഹ∙ ഭൂകമ്പത്തിന്റെ ദുരിതമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്കായി ഖത്തറിന്റെ സഹായഹസ്തങ്ങൾ. ദുരിതബാധിത പ്രദേശങ്ങളിലുള്ളവർക്ക് 10,000 മൊബൈൽ വീടുകൾ നൽകും. 

Also read : പുതിയ നാവിക അക്കാദമി രാജ്യത്തിന് സമർപ്പിച്ച് അമീർ

ദുരിതത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ആവശ്യമായ എല്ലാ പിന്തുണയും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദുരിതബാധിതർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ എയർ ബ്രിഡ്ജ് ഫ്‌ളൈറ്റുകൾ അനുവദിച്ചത്.

ഇതിനു പുറമെ ഫീൽഡ് ആശുപത്രികൾ ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ അമീറിന്റെ നിർദേശ പ്രകാരം ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അടിയന്തര സഹായവും എത്തിച്ചിട്ടുണ്ട്. ഖത്തർ അമീരി ഫോഴ്‌സ് എയർ ബ്രിഡ്ജ് വിമാനത്തിൽ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് അടിയന്തര സഹായം എത്തിച്ചത്. 

ക്യൂആര്‍സിഎസ് പ്രവര്‍ത്തകര്‍ സിറിയയില്‍ ഭക്ഷണവിതരണത്തിന്റെ തിരക്കില്‍.
ക്യൂആര്‍സിഎസ് പ്രവര്‍ത്തകര്‍ സിറിയയില്‍ ഭക്ഷണവിതരണത്തിന്റെ തിരക്കില്‍.

തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലൂട്ട് കാവുസൊഗ്‌ലുമായി ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി ടെലിഫോണിൽ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ദുരിതബാധിതർക്കാവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിൽ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി ഖത്തറിലെ സിറിയ, തുർക്കി എംബസികൾ ദേശീയ പതാകകൾ പകുതി താഴ്ത്തി കെട്ടി. തിങ്കളാഴ്ച തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി നടന്ന വൻ ഭൂചലനത്തിൽ ഇതിനകം 4,800 ലധികം പേരാണ് മരണമടഞ്ഞത്. 10,000ത്തിലധികം പേർക്ക് പരുക്കേറ്റു. 

ഭക്ഷണവിതരണവും  സേവനങ്ങളുമായി ക്യൂആർസിഎസ്

ദോഹ∙ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യുആർസിഎസ്) നേതൃത്വത്തിൽ തുർക്കിയിലും സിറിയയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുരിതബാധിത പ്രദേശത്ത് ക്യൂആർസിഎസിന്റെ ഫീൽഡ് ടീം ഭക്ഷണ വിതരണവും മെഡിക്കൽ സേവനങ്ങളുമായി അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

27,000 ഭക്ഷണപ്പൊതികൾ ആണ് വിതരണം ചെയ്തത്. മെഡിക്കൽ സാമഗ്രികൾ, പ്രഥമ ശുശ്രൂഷയ്ക്കുള്ളവ, വസ്ത്രങ്ങൾ, ഈന്തപ്പഴം, ഭക്ഷ്യസാധനങ്ങൾ എന്നിവയുൾപ്പെടെ 4 ട്രക്കുകൾ ദോഹയിൽ നിന്ന് അയച്ചിട്ടുണ്ട്. അടിയന്തര നടപടിയെന്നോണം വടക്കൻ സിറിയയിലെ ദുരിതബാധിത കുടുംബങ്ങൾക്കായി 4,800 ഭക്ഷണ പാഴ്‌സലുകളും അനുവദിച്ചിട്ടുണ്ട്. 

ഭക്ഷണ സാധനങ്ങൾക്ക് പുറമേ കിടക്കാനുള്ള ടെന്റുകൾ, കമ്പിളിപ്പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, ടാർപോളിനുകൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വിതരണം ചെയ്യാനാണ് തീരുമാനം.  ഭൂകമ്പത്തിൽ ക്യുആർസിഎസിന്റെ 3 ഫീൽഡ് വർക്കർമാർ മരണപ്പെട്ടു. ക്യൂആർസിഎസിന്റെ നിരവധി ജീവനക്കാരുടെ കുടുംബങ്ങൾ ഭൂകമ്പത്തിൽ മരണമടഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

English Summary : Qatar to help earthquake victims of Turkey and Syria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com