ദോഹ∙ കഴിഞ്ഞ വർഷം ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏറ്റവുമധികം പേർ യാത്ര ചെയ്ത രാജ്യാന്തര കേന്ദ്രങ്ങളിൽ മുൻനിരയിൽ ദോഹ വീണ്ടും ഇടംപിടിച്ചു. കെംപഗൗഡ വിമാനത്താവളം അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദുബായ്, മാലി, സിംഗപ്പൂർ, ദോഹ, അബുദാബി എന്നീ നഗരങ്ങളാണ് മുൻനിരയിലുള്ളത്. കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് 25 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് വിമാനങ്ങൾ വന്നു പോകുന്നത്. മൊത്തം യാത്രികരിൽ 67 ശതമാനം പേർ രാജ്യാന്തര യാത്രക്കാരും 40 ശതമാനം പേർ ആഭ്യന്തര യാത്രക്കാരുമാണ്. മുൻനിര ആഭ്യന്തര റൂട്ടുകൾ ഡൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി, ഹൈദരാബാദ് എന്നിവയാണ്.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇവിടെ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര വ്യോമ ഗതാഗതം വീണ്ടും വളർച്ചയുടെ പാതയിലാണ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം യാത്രക്കാരുടെ വരവിൽ 101.9 ശതമാനം വാർഷിക വർധന രേഖപ്പെടുത്തിയിരുന്നു.
ഫിഫ ലോകകപ്പ് ആതിഥേയ വർഷം കൂടിയായതിനാൽ 35,734,243 യാത്രക്കാരാണ് കഴിഞ്ഞ വർഷം ഹമദ് വിമാനത്താവളത്തിലൂടെ കടന്നു പോയത്. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (അയാട്ട) കണക്കു പ്രകാരം കഴിഞ്ഞ വർഷത്തെ രാജ്യാന്തര വ്യോമ ഗതാഗതത്തിൽ 152.7 ശതമാനമാണ് വർധന.