ADVERTISEMENT

ദുബായ്∙ ഇത്തിഹാദ് ദേശീയ റെയിൽപാതയുടെ നിർമാണം പൂർത്തിയായതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. 900 കിലോമീറ്റർ റെയിൽ പാത നിശ്ചിത സമയത്തും നിശ്ചിത തുകയ്ക്കുമാണ് പൂർത്തിയാക്കിയത്.

Read also : സാങ്കേതിക തകരാർ; ദമാമിലേക്കു പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി

രാജ്യം മുഴുവൻ ചരക്കു നീക്കം റെയിൽ വഴിയാക്കാം. യാത്രക്കാരുമായുള്ള ട്രെയിൻ യാത്ര എന്നു തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടില്ല. 38 ലോക്കോ മോട്ടീവും 1000 ചരക്കു വാഗണുകളുമാണ് ഇത്തിഹാദിന് സ്വന്തമായുള്ളത്. പാസഞ്ചർ കോച്ചുകളുടെ വിശദാംശങ്ങൾ വരാനിരിക്കുന്നതേയുള്ളു. സൗദി അതിർത്തിയായ ഗുവൈഫാത്തിൽ നിന്നു ഫുജൈറ വരെയാണ് റെയിൽപാത നിർമിച്ചിരിക്കുന്നത്. 

etihad-rail-inauguration
ഇത്തിഹാദ് റെയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉദ്ഘാടനം ചെയ്യുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സമീപം.

രാജ്യത്തെ ഇഴചേർത്ത്

രാജ്യത്തെ 4 പ്രധാന തുറമുഖങ്ങളെയും 7 സംഭരണ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പ്രതിവർഷം 6 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യുമെന്നു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. റെയിൽപാതയ്ക്ക് 593 ഉയരമുള്ള പാലങ്ങളും, 9 തുരങ്കങ്ങളുമുണ്ട്. 12 കോടി ക്യുബിക് മീറ്റർ മണ്ണെടുക്കേണ്ടി വന്നു. റെയിൽ ഗതാഗതം തുടങ്ങുന്നതോടെ വിപണിയിൽ 20000 കോടി ദിർഹത്തിന്റെ (4.5 ലക്ഷം കോടി രൂപ) നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് പരിപാലന ചെലവിൽ 800 കോടി ദിർഹത്തിന്റെ (18000 കോടി രൂപ) ലാഭവും വിനോദ സഞ്ചാര മേഖലയ്ക്കു 2300 കോടി ദിർഹത്തിന്റെ (51750 കോടി രൂപ) വരുമാനവും ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. 

ഒരു മനസ്സോടെ മുന്നേറ്റം

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 180 സ്ഥാപനങ്ങൾ റെയിൽവേയുടെ പൂർത്തീകരണത്തിനായി യത്നിച്ചു. ജോലി ചെയ്തവരെല്ലാം ചേർന്നു 13.3 കോടി മണിക്കൂറുകളാണ് നിർമാണത്തിനായി ചെലവഴിച്ചതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടം 2016 ജനുവരിയിൽ പൂർത്തിയായിരുന്നു. അഡ്നോക്കിനു വേണ്ടി ദിവസം 22000 ടൺ സൾഫർ തരികളാണ് ഹബ്ഷൻ ആൻഡ് ഷായിൽ നിന്നു റുവെയ്സിലേക്കു കൊണ്ടു പോകുന്നത്. 2020ൽ ആണ് റെയിൽപാത നിർമാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

sheikh-mohammed-etihad
ഉദ്ഘാടന ശേഷം ട്രെയിനിൽ യാത്ര ചെയ്യുന്ന ഷെയ്ഖ് മുഹമ്മദും ഹംദാൻ ബിൻ മുഹമ്മദും. ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തയീബ് ബിൻ മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ സമീപം.

റെയിൽപാത നിർമാണത്തിന് 11 കരാറുകാർ, 25 കൺസൽറ്റന്റുമാർ, 28000 വിദഗ്ധ തൊഴിലാളികൾ എന്നിവർ ഭാഗമായി. 180 സർക്കാർ ഓഫിസുകളിൽ നിന്ന് 40000 അനുമതികൾ റെയിൽ പാതയ്ക്കായി വേണ്ടി വന്നു. 1000 മാർഗ രേഖകൾ തയാറാക്കി അവതരിപ്പിച്ചു. നിർദേശങ്ങൾ, കൈപ്പുസ്തകം, മാർഗരേഖ, നയങ്ങൾ, പ്രവർത്തന നടപടികൾ, കരാറുകൾ ഉൾപ്പെടെയാണ് 1000 മാർഗരേഖകൾ. 

അഭിലാഷം പൂവണിഞ്ഞു

രാജ്യ ശിൽപികളുടെ ചിരകാല അഭിലാഷമാണ് പുതിയ തലമുറയിലെ ഭരണാധികാരികൾ യാഥാർഥ്യമാക്കിയതെന്ന് ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തയീബ് ബിൻ മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ പറഞ്ഞു. പൂർവികരോടു നന്ദി പറയുന്നു. ആ പന്തയം നമ്മൾ ജയിച്ചിരിക്കുന്നു. രാജ്യത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന 900 കിലോമീറ്റർ റെയിൽപാത ഇതാ ഗതാഗത സജ്ജമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രാദേശിക ബിസിനസ്

റെയിൽ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു 215 പ്രാദേശിക കമ്പനികളെയാണ് ഇത്തിഹാദ് ഉപയോഗിച്ചത്. നിർമാണ സാമഗ്രികളിൽ 70 ശതമാനവും പ്രാദേശികമായി നിർമിച്ചവയാണ്. ട്രെയിനിൽ പ്രധാന തസ്തികകളെല്ലാം സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ക്യാപ്റ്റൻ, കൺട്രോളർ, ഇൻസ്പെക്ടർ തസ്തികകളിൽ സ്വദേശികളെയാണ് നിയമിക്കുക.

etihad-rail

മലിനീകരണം കുറയ്ക്കും

ട്രെയിൻ സർവീസ് പൂർണ തോതിൽ ആകുന്നതോടെ ഗതാഗത മേഖലയിലെ മലിനീകരണം 21 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷം. 2050 ആകുമ്പോഴേക്കും റോഡിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം 40% ആകും.

English Summary :  Sheikh Mohammed announces launch of national railway network

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com