ADVERTISEMENT

അബുദാബി∙ റമസാനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ആരാധനാലയങ്ങളും വീടുകളുമെല്ലാം കഴുകി വൃത്തിയാക്കി വെള്ള പൂശിയും പുതിയ പരവതാനി വിരിച്ചുമാണ് രാജ്യവും ജനങ്ങളും തയാറെടുപ്പ് പൂർത്തിയാക്കിയത്. സമൂഹ നോമ്പുതുറയ്ക്കായി ടെന്റുകളും തയാറാക്കിവരുന്നു.

Also read: അഴിമതി: ഖത്തറിലെ മുൻ ധനമന്ത്രിയും സംഘവും വിചാരണ നേരിടണം

കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത റമസാൻ ദിനങ്ങളിൽ പരമാവധി പ്രാർഥനയും സൽകർമങ്ങളും നടത്താനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. ഈ മാസം 23നായിരിക്കും വ്രതാരംഭം. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തും വിധമുള്ള പ്രവർത്തികളിൽനിന്ന് സ്വദേശികളും വിദേശികളും വിട്ടുനിൽക്കണമെന്ന് മതകാര്യ വിഭാഗം ഓർമിപ്പിച്ചു.

അബുദാബി മദീന സായിദ് ഷോപ്പിങ് കോംപ്ലക്സിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്.
അബുദാബി മദീന സായിദ് ഷോപ്പിങ് കോംപ്ലക്സിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്.

 

25 മുതൽ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാപാര സ്ഥാപനങ്ങൾ. വാരാന്ത്യ അവധിയായ ഇന്നലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. റമസാൻ വിഭവങ്ങൾ തയാറാക്കാനുള്ള ഉൽപന്നങ്ങൾ പ്രത്യേക സ്ഥലത്ത് ഒരുക്കി റമസാൻ മേളയും വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്നു.

10,000 ഉൽപന്നങ്ങൾക്ക് ലുലുവിൽ 60% വിലക്കുറവ്

10,000ത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വിലക്കുറവുമായി ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ ക്യാംപെയ്ന് തുടക്കമായി. പെരുന്നാൾ വരെ നീളുന്ന ആദായ വിൽപനയിൽ പലചരക്ക് സാധനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ തുടങ്ങിയവയും ഉൾപ്പെടും. വിലവർധന പിടിച്ചുനിർത്താൻ 200ലേറെ ഉൽപന്നങ്ങൾക്ക്   പ്രൈസ് ലോക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി സമയം പുലർച്ചെ 2 വരെയായിരിക്കും.  അരി, പഞ്ചസാര, പാൽപൊടി, ജെല്ലി, കസ്റ്റാർഡ് മിശ്രിതങ്ങൾ, പഴങ്ങൾ, പാസ്ത, ധാന്യങ്ങൾ, എണ്ണ തുടങ്ങി അവശ്യ സാധനങ്ങൾ അടങ്ങിയ രണ്ടിനം (85, 120 ദിർഹം വീതം) റമസാൻ കിറ്റുകളും ലഭ്യമാണ്. യൂണിയൻ കോ ഓപ് 75%, കാരെഫോ 50%, അൽആദിൽ ട്രേ‍ഡിങ് 50% തുടങ്ങി ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളെല്ലാം ആദായ വിൽപന തുടങ്ങി. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങളിലും ആദായ വിൽപന പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികൾക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിക്കും ചിലയിടങ്ങളിൽ തുടക്കം കുറിച്ചു.

ഇഫ്താർ ടെന്റുകൾ

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ 3 വർഷമായി നിർത്തിവച്ച ഇഫ്താർ ടെന്റുകൾ ഇത്തവണ പുനഃസ്ഥാപിച്ചു വരുന്നു. കുറഞ്ഞ വരുമാനക്കാർക്ക് മസ്ജിദ് കേന്ദ്രീകരിച്ചും പൊതു സ്ഥലങ്ങളിലും നോമ്പുതുറക്കാൻ അവസരമൊരുക്കുന്നതിനാണ് ഇഫ്താർ ടെന്റുകൾ ഒരുക്കുന്നത്. ടെന്റുകൾ സ്ഥാപിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധം.

ജോലി സമയം കുറച്ചു

റമസാനിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളി രാവിലെ 9 മുതൽ 12 വരെയുമാക്കി കുറച്ചു. വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുവദിക്കും. സ്കൂൾ, സർവകലാശാല വിദ്യാർഥികളുടെ ക്ലാസുകൾ വെള്ളിയാഴ്ച ഓൺലൈനിലായിരിക്കും. എന്നാൽ പരീക്ഷകൾക്കു മാറ്റമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com