ദുബായ് / എറണാകുളം∙ വൃക്കകൾ തകരാറിലാവുകയും മറ്റു ആരോഗ്യപ്രശ്നങ്ങളെയും തുടർന്നു ചികിത്സയിലായിരുന്ന പ്രവാസി ന്യുമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം ആലങ്കോട് ചങ്കരംകുളം തൊണ്ടംചിറയ്ക്കൽ സ്വദേശി ടി.സി. അബൂബക്കറാണ് (48) മരിച്ചത്. അബൂബക്കറിന്റെ ഇരു വൃക്കകളും പ്രവർത്തനരഹിതമായിരുന്നു. ഒരു വൃക്ക മാറ്റിവെച്ചെങ്കിലും തലയിൽ പഴുപ്പു ബാധിച്ചു. തുടർന്നു ശസ്ത്രക്രിയ നടത്തി ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ന്യൂമോണിയ ബാധിച്ചത്. അബൂബക്കറിന്റെ രോഗാവസ്ഥയെക്കുറിച്ച് ഫെബ്രുവരിയിൽ മനോരമ ഒാൺലൈൻ വാർത്ത നൽകിയിരുന്നു. തുടർന്നു മൂന്നു ലക്ഷത്തിലേറെ രൂപയുടെ സഹായം ലഭിച്ചിരുന്നു.
Read Also: പുതിയ വീടിനു വായ്പ ലഭിച്ചില്ല; നിരാശക്കിടെ പ്രവാസി മലയാളിയെ തേടിയെത്തിയത് 2 കോടിയുടെ ഭാഗ്യം
ഖത്തറിൽ ജോലി ചെയ്യവേ 2015 ലാണ് അബൂബക്കറിന്റെ ഇരുവൃക്കകളും തകരാറിലാണെന്നു കണ്ടെത്തിയത്. തുടർന്ന് ഖത്തറിലെ എച്ച്എംസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2022 നവംബർ അഞ്ചിനു ഒരു വൃക്ക മാറ്റിവച്ചു. ഈ മാസം മൂന്നിനാണു തലയിൽ പഴുപ്പു കണ്ടെത്തിയത്. തുടർന്നു ശരീരത്തിൽ നീരുവെക്കുകയും വലതുകാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയും ചെയ്തു. ഒരു മാസത്തോളമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അബൂബക്കർ.
വൃക്ക മാറ്റിവെക്കലിനു ചികിത്സാ സമിതി രൂപീകരിച്ചാണു 25 ലക്ഷം കണ്ടെത്തിയത്. വാസു ദേവൻ മാസ്റ്റർ, അഷ്റഫ് കോക്കൂർ, പി.പി. യൂസഫലി, ബഷീർ കക്കിടിക്കൽ എന്നിവരാണ് ചികിത്സാ സമിതിക്ക് നേതൃത്വം നൽകിയത്. മുഹമ്മദ് കുട്ടി, പാത്തുമ്മ ദമ്പതികളുടെ മകനാണ് അബൂബക്കർ. മൂന്നു മക്കളാണുള്ളത്.
English Summary: expatriate died of pneumonia.